വിജയ്‌ക്കൊപ്പമുള്ള പുതിയ ചിത്രം; തമിഴില്‍ എത്രത്തോളം കംഫര്‍ട്ടബിള്‍ ആണെന്ന് പറഞ്ഞ് ഷൈന്‍ ടോം ചാക്കോ!

വിജയ്‌യുടെ പുതിയ ചിത്രത്തില്‍ മലയാളത്തിന്റെ യുവതാരം ഷൈന്‍ ടോം ചാക്കോയും ഭാഗമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസമായിരുന്നു മാധ്യമങ്ങളിൽ നിറഞ്ഞത് . വിജയുടെ 65ാം ചിത്രത്തിലാണ് ഷൈന്‍ പ്രധാന കഥാപാത്രമായി എത്തുന്നത് .

ഇപ്പോഴിതാ സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ഷൈന്‍. ചിത്രത്തിന്റെ ഡിസ്‌കഷനായി താന്‍ ചെന്നൈയിലാണ് ഉള്ളതെന്നും ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ജോര്‍ജിയയില്‍ വെച്ച് പൂര്‍ത്തിയാക്കിയതാണെന്നും ഷൈന്‍ ഒരു അഭിമുഖത്തില്‍ പറയുന്നു.

‘ അടുത്ത ഷെഡ്യൂള്‍ അധികം വൈകാതെ തന്നെ തുടങ്ങുമെന്നാണ് കരുതുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ അവസാനിക്കുന്ന പക്ഷം ജൂണ്‍ മാസത്തോടെ ഷൂട്ടിങ് തുടങ്ങാനാകുമെന്നാണ് കരുതുന്നത്’, ഇ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഷൈന്‍ പറഞ്ഞു.

തനിക്ക് തമിഴ് ഭാഷ അത്ര വശമില്ലെന്നും തമിഴ് സിനിമകളും മറ്റും കാണുമെങ്കിലും പല വാക്കുകളും തനിക്ക് മനസിലാകാറില്ലെന്നുമാണ് ഷൈൻ പറയുകയുണ്ടായത്.

തമിഴില്‍ എത്രത്തോളം കംഫര്‍ട്ടബിള്‍ ആണെന്ന ചോദ്യത്തിന് തമിഴ് ഒഴുക്കോടെ സംസാരിക്കാനോ മനസിലാക്കാനോ തനിക്ക് ഇപ്പോഴും സാധിച്ചിട്ടില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. തമിഴ് സിനിമകള്‍ ഇടയ്ക്ക് കാണാറുണ്ട്. പിന്നെ ചില അഭിമുഖങ്ങള്‍, കമല്‍ഹാസന്‍, രജനീകാന്ത് പോലുള്ളവരുടെ പരിപാടികള്‍ ഇതെല്ലാം കാണാറുണ്ട്. അര്‍ത്ഥം മനസിലാകുമെങ്കിലും തമിഴിലെ പല വാക്കുകളും ഇപ്പോഴും എനിക്ക് അറിയില്ല, ഷൈന്‍ പറയുന്നു.

പല ഭാഷകളില്‍ നിന്നും എത്തുന്ന നിരവധി താരങ്ങള്‍ തമിഴ് സിനിമയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സാവധാനം ഭാഷ പഠിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയുണ്ടെന്നുമാണ് ഷൈന്‍ പറയുന്നത്. തെലുങ്കിലും ബോളിവുഡിലും മലയാളത്തിലുമുള്ള താരങ്ങള്‍ തമിഴ് സിനിമകളുടെ ഭാഗമാകുന്നുണ്ട്.

പ്രത്യേകിച്ച് നിരവധി നടിമാര്‍. അവരൊക്കെ നന്നായി ഭാഷ പഠിച്ചെടുക്കുന്നുണ്ട്. എനിക്ക് തെലുങ്കില്‍ നിന്നും ഓഫറുകള്‍ വന്നിട്ടുണ്ടായിരുന്നു. തമിഴ് ഭാഷ മനസിലാക്കിയെടുക്കാന്‍ പറ്റിയാല്‍ പിന്നെ തെലുങ്കും കന്നഡയുമെല്ലാം സാവധാനം പഠിച്ചെടുക്കാനാകുമെന്നാണ് കരുതുന്നത്,’ ഷൈന്‍ പറയുന്നു.

about shine tom chacko

Safana Safu :