ഓരോ വര്‍ക്കുകളിലും മാജിക് സൃഷ്ടിച്ച സംവിധായകനും ഛായാഗ്രാഹകനുമാണ് അദ്ദേഹം.. ‘പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല; വിനീത്

അന്തരിച്ച ഛായാഗ്രാഹകന്‍ കെ.വി. ആനന്ദിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച്‌ നടന്‍ വിനീത്. സിനിമാ ലോകത്തിനു തന്നെ വലിയ നഷ്ടമാണ് ഈ വിടവാങ്ങലെന്ന് വിനീത് കുറിച്ചു.

‘പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. ഹൃദയഭേദകം എന്നുതന്നെ പറയാം. ഓരോ വര്‍ക്കുകളിലും മാജിക് സൃഷ്ടിച്ച വലിയ സംവിധായകനും ഛായാഗ്രാഹകനുമാണ് അദ്ദേഹം. കാതല്‍ ദേശം എന്ന ചിത്രത്തിലൂടെ ആ ഫ്രെയ്മില്‍ ഉള്‍പ്പെടാന്‍ എനിക്കും ഭാഗ്യം ലഭിച്ചു. സുവര്‍ണസ്മരണകള്‍ എന്നും നിലനില്‍ക്കും. സിനിമാലോകത്തിന് ഇത് തീരാനഷ്ടം.’-വിനീത് കുറിച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. തേന്മാവിന്‍ കൊമ്പത്ത്, മിന്നാരം, ചന്ദ്രലേഖ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ കെ.വി ആനന്ദ് അയന്‍, കാപ്പാന്‍, മാട്രാന്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

ഛായാഗ്രാഹകനായ പി.സി ശ്രീറാമിന്റെ സഹായിയായി സിനിമ കരിയര്‍ തുടങ്ങിയ ആനന്ദ് ഗോപുര വാസലിലേ, അമരന്‍, മീര, ദേവര്‍ മകന്‍, തിരുടാ തിരുടാ തുടങ്ങിയ ചിത്രങ്ങളില്‍ ജോലി ചെയ്തു. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രം തേന്മാവിന്‍ കൊമ്പത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി.

തേന്മാവിന്‍ കൊമ്പത്ത്- ലൂടെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരവും ആനന്ദ് നേടി. തുടര്‍ന്ന് പ്രിയദര്‍ശനൊപ്പം മിന്നാരം, ചന്ദ്രലേഖ എന്നീ ചിത്രങ്ങളിലും പ്രവര്‍ത്തിച്ചു. കാതല്‍ ദേശം ആണ് ആനന്ദ് ഛായാഗ്രാഹകനായ ആദ്യ തമിഴ് ചിത്രം. ശങ്കര്‍ ചിത്രങ്ങളായ മുതല്‍വന്‍, ബോയ്‌സ്, ശിവാജി തുടങ്ങിയ സിനിമകളില്‍ പ്രവര്‍ത്തിച്ചു.

ജോഷ്, കാക്കി എന്നീ ഹിന്ദി ചിത്രങ്ങളിലും ആനന്ദ് പ്രവര്‍ത്തിച്ചു. 2005ല്‍ പുറത്തിറങ്ങിയ കനാ കണ്ടേന്‍ എന്ന ചിത്രത്തിലൂടെ ആനന്ദ് സംവിധായകന്‍ ആയി. സൂര്യ നായകനായ അയന്‍ ആണ് രണ്ടാമത്തെ ചിത്രം. കോ, മാട്രാന്‍, അനേകന്‍, കാവന്‍ എന്നിവയാണ് മറ്റു ചിത്രങ്ങള്‍. മോഹന്‍ലാലും സൂര്യയും ഒന്നിച്ച കാപ്പാന്‍ ആണ് അവസാനം സംവിധാനം ചെയ്ത ചിത്രം.

Noora T Noora T :