നല്ല മനുഷ്യനാണെന്നും നേതാവാണെന്നും പറഞ്ഞാല്‍ മുഖത്ത് അടി കിട്ടും’; യോഗിക്കെതിരെ കടുത്ത വാക്കുകളുമായി സിദ്ധാര്‍ഥ്

രാജ്യമെങ്ങും പലവിധ സംഘർഷ ഘട്ടത്തിലൂടെതാണ് കടന്നുപോകുന്നത്. യുപിയിലെ ഓക്സിജൻ ക്ഷാമമാണ് ഇപ്പോൾ മാധ്യമങ്ങൾ കൂടുതലും ചർച്ച ചെയ്യുന്നത്. ഇതിനിടയിൽ യുപിയിലെ ഓക്‌സിജന്‍ ക്ഷാമത്തെ പറ്റി മിണ്ടരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ സിദ്ധാര്‍ഥ്. ഓക്സിജന്‍ ക്ഷാമത്തെ പറ്റി മാധ്യമങ്ങളോട് പറയുക, ഓക്സിജന്‍ ഇല്ലെന്ന് പറഞ്ഞ് രോഗികളെ മടക്കി അയക്കുക തുടങ്ങിയവ ചെയ്യുന്ന ആശുപത്രികള്‍ അടച്ചു പൂട്ടുമെന്നാണ് യോഗി പറഞ്ഞത്. നല്ല മനുഷ്യനാണെന്നും നേതാവാണെന്നും നുണ പറഞ്ഞാല്‍ മുഖത്ത് അടി കിട്ടുമെന്നാണ് സിദ്ധാര്‍ഥ് യോഗിയെ കുറിച്ച് ട്വിറ്ററിൽ കുറിച്ചു .

യോഗി ഓക്‌സിജന്‍ ക്ഷാമമെന്ന് നുണ പറയുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ വാര്‍ത്ത പങ്കുവെച്ചായിരുന്നു സിദ്ധാര്‍ഥിന്റെ ട്വീറ്റ്. ഇതിന് മുമ്പ് സിദ്ധാര്‍ഥ് രാജ്യത്തെ കൊവിഡ് പ്രതിസന്ധിയില്‍ മോദിയെയും വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

‘ഒരു നല്ല മനുഷ്‌നാണെന്നും, സന്ന്യാസിയാണെന്നും, നേതാവാണെന്നും നുണ പറയുന്നവര്‍ക്ക് മുഖത്ത് അടി കിട്ടും.’സിദ്ധാർത്ഥ് പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ കൊവിഡ് പ്രതിസന്ധി തുടരവെയാണ് ഓക്‌സിജന്‍ ഇല്ലെന്ന് പറഞ്ഞ് രോഗികളെ മടക്കി അയക്കുന്ന ആശുപത്രികള്‍ അടച്ചുപൂട്ടാന്‍ തീരുമാനമായിരിക്കുന്നത്. സംസ്ഥാനത്തെ പൊലീസിന് ഇതിനുള്ള നിര്‍ദ്ദേശം യോഗി നല്‍കി കഴിഞ്ഞു.

സംസ്ഥാനത്തെ പൊലീസ് അധികൃതരുമായി ചേര്‍ന്ന ഓണ്‍ലൈന്‍ മീറ്റിംഗിലാണ് യോഗിയുടെ നിര്‍ദ്ദേശം. ഉത്തര്‍പ്രദേശില്‍ ഓക്സിജന്‍ ക്ഷാമം ഇല്ലെന്നും ആശുപത്രികള്‍ പൂഴ്ത്തിവെക്കുകയാണെന്നുമാണ് യോഗിയുടെ പക്ഷം.

അതേസമയം സംസ്ഥാനത്തെ നിരവധി ആശുപത്രി ഗേറ്റില്‍ ഓക്സിജന്‍ ലഭ്യമല്ല എന്നും രോഗികളെ എടുക്കുന്നില്ലെന്നും ബോര്‍ഡുകൾ സ്ഥാപിച്ചിട്ടുണ്ട് . സര്‍ക്കാര്‍ യഥാര്‍ത്ഥ പ്രശ്നം മനസ്സിലാക്കാതെയാണ് ഇത്തരമൊരു നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

‘എല്ലാ ആശുപത്രികളും സന്ദര്‍ശിച്ച് ഓക്സിജന്‍ വിതരണം ഓഡിറ്റ് ചെയ്യാന്‍ ഞാന്‍ അദ്ദേഹത്തെ ക്ഷണിക്കുന്നു ( ആദിത്യനാഥ്). അദ്ദേഹം സത്യസന്ധമായി അത് ചെയ്യുകയാണെങ്കില്‍ ആശുപത്രികളെയും ജനങ്ങളെയും ഈ ദുരിതസ്ഥിതിയില്‍ ഉപേക്ഷിച്ചതില്‍ അദ്ദേഹം ഖേദിക്കും,’ ലക്നൗവിലെ സ്വകാര്യ ആശുപത്രിയിലെ പേരു വെളിപ്പെടുത്താത്ത ഒരു അധികൃതന്‍ ടെലിഗ്രാഫിനോട് പറഞ്ഞു.

ലക്നൗവുള്‍പ്പെടെ യുപിയിലെ നിരവധി നഗരങ്ങളിലെ ആശുപത്രികള്‍ ഓക്സിജന്‍ ക്ഷാമം ഉണ്ടെന്ന് അറിയിച്ചിട്ടുണ്ട്. ദിനംപ്രതി 300 മുതല്‍ 400 വരെ സിലിണ്ടറുകള്‍ തങ്ങള്‍ക്ക് ആവശ്യമാണെന്നും എന്നാല്‍ 150 എണ്ണം മാത്രമേ ലഭിക്കുന്നുള്ളൂ എന്നാണ് മീററ്റിലെ ആനന്ദ് ആശുപത്രിയിലെ ഡോ സജ്ജയ് ജെയിന്‍ പറയുന്നത്.

‘ഞങ്ങള്‍ 100 ഓക്സിജന്‍ സിലിണ്ടര്‍ ആവശ്യപ്പെട്ടപ്പോള്‍ 10 സിലിണ്ടറുകളാണ് ലഭിച്ചത്. രോഗികളുടെ ബന്ധുക്കള്‍ വിശ്രമമില്ലാതെ ഓടുകയും മറ്റ് സ്ഥലങ്ങളിലേക്ക് രോഗികളെ മാറ്റുകയുമാണ്,’ ഫിറോസാബാദ് ജില്ലയിലെ ഒരു സര്‍ക്കാര്‍ ആശുപത്രി ഡോക്ടര്‍ ടെലിഗ്രാഫിനോട് പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഓക്സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് ആഗ്രയിലെ 10 ആശുപത്രികള്‍ കൊവിഡ് രോഗികളെ ചികിത്സ കഴിയാതെ ഡിസ്ചാര്‍ജ് ചെയ്യുകയുണ്ടായത് .

about siddharth

Safana Safu :