കാത്തിരിപ്പിനൊരു സുഖമുണ്ട്; തെരഞ്ഞെടുപ്പ് ഫലം എന്തായാലും ആശങ്കയില്ലെന്ന് കൃഷ്ണകുമാർ

നടൻ എന്നതിലുപരി രാഷ്രീയ പ്രവർത്തകൻ കൂടിയാണ് നടൻ കൃഷ്ണകുമാർ. ഇത്തവണത്തെ നിയമസഭാതിരഞ്ഞെടുപ്പിൽ തിരുവന്തപുരത്ത് നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്. തിരഞ്ഞെടുപ്പ് ഫലം അറിയാൻ ബാക്കിനിൽക്കെ ഫലം എന്തായാലും ആശങ്കയില്ലെന്ന് കൃഷ്ണകുമാര്‍. തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് വേറിട്ട അനുഭവമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സ്ഥാനാര്‍ത്ഥികള്‍ക്ക് ഫലമറിയുന്നതു വരെ ടെന്‍ഷനായിരിക്കുമോ എങ്ങനെയാണ് അവര്‍ കാത്തിരിക്കുന്നതെന്നൊക്കെയായിരുന്നു പണ്ട് ഞാന്‍ ആലോചിച്ചിരുന്നത്. എന്നാല്‍ കാത്തിരിപ്പിനൊരു സുഖമുണ്ടെന്ന് ഇപ്പോള്‍ മനസ്സിലായെന്നും കൃഷ്ണ കുമാര്‍ പറഞ്ഞു.സ്‌കൂള്‍ തെരഞ്ഞെടുപ്പില്‍ പോലും ഞാന്‍ നിന്നിട്ടില്ല. മറ്റുള്ളവരെ ജയിപ്പിക്കാനായിരുന്നു ഞാന്‍ ശ്രമിച്ചത്.

തെരഞ്ഞെടുപ്പില്‍ 90 ശതമാനവും നല്ല അനുഭവങ്ങളായിരുന്നു. എന്നാല്‍ തീരദേശത്തെ സ്ഥലങ്ങളിലും നഗരത്തിനകത്തെ കോളനി പോലുള്ള സ്ഥലങ്ങളിലെയും കാഴ്ച വിഷമിപ്പിച്ചു. സര്‍ക്കാര്‍ തലത്തില്‍ എങ്ങനെ ഇവരെയൊക്കെ സഹായിക്കാന്‍ പറ്റുമെന്നതിനെക്കുറിച്ച്‌ പഠനം നടത്തി വരികയായിരുന്നു ഈ ദിവസങ്ങളിലെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, തെരഞ്ഞെടുപ്പ് ഫലം എന്തായാലും ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു.
നമുക്ക് മുന്നില്‍ സ്മൃതി ഇറാനി എന്ന സഹോദരിയുണ്ട്. അവര്‍ ഫലം നോക്കിയില്ല. അവര്‍ അവിടെ വര്‍ക്ക് ചെയ്തു. അതിനുള്ള ഫലം അഞ്ചു കൊല്ലം കഴിഞ്ഞപ്പോള്‍ അവര്‍ക്ക് കിട്ടി. ചില ചിന്തകള്‍ മനസ്സിലുണ്ട് തള്ളി മറയ്ക്കാന്‍ താല്‍പര്യമില്ലെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി.

Noora T Noora T :