ഓസ്കാർ നേടുന്ന ഏറ്റവും പ്രായം കൂടിയ ഇതിഹാസ നടൻ ! യഥാർത്ഥ നരഭോജി; സൈക്കോ സിനിമകളുടെ രാജാവ് ; അവസാനിക്കാത്ത വിശേഷണങ്ങളോടെ ആൻ്റണി ഹോപ്‌കിൻസ് !

തൊണ്ണൂറ്റിമൂന്നാമത് ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങുകള്‍ പ്രഖ്യാപിക്കപെടുമ്പോൾ ഏറ്റവും അധികം തിളങ്ങി നിൽക്കുന്നത് മികച്ച നായകനുള്ള പുരസ്‌കാരം സ്വന്തമാക്കിയ ആൻ്റണി ഹോപ്‌കിൻസ് ആണ് .ഈ തിളക്കത്തിന്റെ ഏറ്റവും വലിയ കാരണം ഒരുപക്ഷെ അദ്ദേഹത്തിന്റെ വയസ്സാകാം..

ഓസ്കാറിന്‍റെ ചരിത്രത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കൂടിയയാളായിരിക്കുകയാണ് ഹോപ്‍കിന്‍സ്. ഇപ്പോള്‍ 83 വയസ്സുണ്ട് അദ്ദേഹത്തിന്. ക്രിസ്റ്റഫര്‍ പ്ലമര്‍ 82-ാം വയസ്സില്‍ നേടിയ പുരസ്‍കാരത്തെയാണ് ആന്‍റണി ഹോപ്‍കിന്‍സ് മറികടന്നിരിക്കുന്നത്.

ദി ഫാദര്‍ എന്ന സിനിമയിലെ അഭിനയമികവാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അര്‍ഹനാക്കിയിരിക്കുന്നത്. ഡിമെൻഷ്യ രോഗാവസ്ഥയിൽ കഴിയുന്ന ആന്‍റണി എന്ന കഥാപാത്രമായി ഞെട്ടിപ്പിക്കുന്ന പ്രടകനാണ് അദ്ദേഹം ദി ഫാദര്‍ എന്ന സിനിമയിൽ കാഴ്ചവെച്ചിരിക്കുന്നത്. വളരെ എളുപ്പമായിരുന്നു അത്, വളരെ വളരെ എളുപ്പം”, ഇത്തവണത്തെ മികച്ച നടനുള്ള ഓസ്‍കര്‍ തനിക്കു നേടിത്തന്ന ‘ദി ഫാദറി’ലെ ആന്‍റണിയെന്ന മറവിരോഗത്തോട് പൊരുതുന്ന അച്ഛന്‍ കഥാപാത്രത്തെ അവതരിപ്പിച്ചതിനെക്കുറിച്ച് ആന്‍റണി ഹോപ്‍കിന്‍സ് മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞതാണിത്.

1965 മുതൽ അഭിനയലോകത്തുള്ള വ്യക്തിയാണ് ഫിലിപ്പ് ആന്റണി ഹോപ്‍കിൻസ്. ലണ്ടനിലെ റോയൽ അക്കാദമി ഓഫ് ‍ഡ്രമാറ്റിക് ആര്‍ട്ടിൽ നിന്ന് അഭിനയം പഠിച്ച അദ്ദേഹം 1965 മുതൽ റോയൽ നാഷണൽ തീയേറ്ററിന്‍റെ ഭാഗമായി. ഇതിഹാസമായ ഷെയ്ക്സ്‍പിയറിന്‍റെ നിരവധി നാടകങ്ങൾ അരങ്ങിൽ അവതരിപ്പിച്ചിട്ടുണ്ട്. അതേ വര്‍ഷം തന്നെ ദി മാൻ ഇൻ റൂം 17 എന്ന പരമ്പരയിലൂടെ മിനി സ്ക്രീനിലും അദ്ദേഹം അരങ്ങേറി.

1967-ൽ ദി വൈറ്റ് ബസ് എന്ന ഹ്രസ്വ ചിത്രത്തിൽ അഭിനയിച്ചു. 68-ൽ ദി ലയൺ ഇൻ വിന്‍റര്‍ എന്ന അമേരിക്കൻ സിനിമയിലൂടെ സിനിമാലോകത്തേക്കുമെത്തി. മിനി സ്ക്രീൻ അഭിനയവും സിനിമാഭിനയവും ഒരുമിച്ച് കൊണ്ടുപോയ അദ്ദേഹം എഴുത്തുകാരനും നിർമ്മാതാവും സംവിധായകനും കൂടിയാണ്. ഹാംലറ്റ്, മാജിക്, ദി എലഫൻഡ് മാൻ, ദി ഗുഡ് ഫാദർ, ദി സൈലൻസ് ഓഫ് ദി ലാമ്പ്സ, ദി ഇന്നസെൻഡ്, ദി ട്രയൽ, നിക്സൺ, ഹാനിബാൾ, ദി വുൾഫ്മാൻ, തോർ, ഹിച്ചോക്ക്, ട്രാൻസ്ഫോർമേഴ്സ് ദി ലാസ്റ്റ് നൈറ്റ്, ദി ടു പോപ്സ് തുടങ്ങി നിരവധി സിനിമകളിൽ ഗംഭീര അഭിനയം കാഴ്ചവെച്ചിട്ടുണ്ട്.

അര നൂറ്റാണ്ടിലേറെ നീളുന്ന ഫിലിമോഗ്രഫിയില്‍ ഇതാദ്യമായല്ല ഹോപ്‍കിന്‍സിനെ തേടി മികച്ച നടനുള്ള അക്കാദമി അവാര്‍ഡ് എത്തുന്നത്. സൈലന്‍സ് ഓഫ് ദി ലാമ്പ്‍സിലെ ‘ഡോ. ഹാനിബാള്‍ ലെക്റ്റര്‍’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് ഇതിനുമുന്‍പ് ഇതേ പുരസ്‍കാരം ലഭിച്ചിരുന്നു. റിമെയ്‍ന്‍സ് ഓഫ് ദി ഡേ, മുന്‍ യുഎസ് പ്രസിഡന്‍റ് റിച്ചാര്‍ഡ് നിക്സണിന്‍റെ ജീവിതം പറഞ്ഞ നിക്സണ്‍ എന്നീ ചിത്രങ്ങള്‍ക്ക് മികച്ച നടനുള്ള ഓസ്‍കര്‍ നോമിനേഷനുകള്‍ ലഭിച്ചിരുന്നു. അമിസ്റ്റാഡ്, കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ടു പോപ്പ്സ് എന്നീ ചിത്രങ്ങളിലെ പ്രകടനം മികച്ച സഹനടനുള്ള നോമിനേഷനുകളും നേടിക്കൊടുത്തിരുന്നു.

ശരീരചലനങ്ങളേക്കാള്‍ ഭാവാഭിനയത്തിന് പ്രാധാന്യം കൊടുത്തുള്ള അഭിനയശൈലിയിലൂടെ ആ തീക്ഷ്ണമായ നോട്ടത്തിലൂടെ ഹോപ്‍കിന്‍സ് അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ അനവധി. സൈക്കോ സിനിമകളുടെ രാജാവ് എന്ന് നിസ്സംശയം ഈ കാനിബാൾ അതായത് നരഭോജിയെ വിശേഷിപ്പികാം . ഭയവും അറപ്പും തോന്നിപ്പിക്കുന്ന വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിലെ മികവാണ് മറ്റൊരു പ്രത്യേകത. ഡ്രാക്കുള’യിലെ പ്രൊഫ. അബ്രഹാം വാന്‍ ഹെല്‍സിംഗ്, ‘ചാപ്ലിനി’ലെ ജോര്‍ജ് ഹെയ്‍ഡന്‍, ദി സൈലൻസ് ഓഫ് ദി ലാമ്പിലെ ഹാന്നിബാൽ ലക്റ്റർ.. തുടങ്ങി മറക്കാനാവാത്ത കഥാപാത്രങ്ങളുടെ ആ നിര നീളുന്നു.

ഏഷ്യൻ രാജ്യങ്ങളുടെ മികച്ച പ്രകടനത്തിന് സാക്ഷ്യം വഹിച്ച ഓസ്‌കാർ കൂടിയാണ് ഇത്തവണത്തേത്. ചൈനക്കാരി ക്ലോയ് ഷാവോ ഒരുക്കിയ nomadland ആണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഈ സിനിമയിലെ പ്രകടനത്തിന് frances Mcdormand മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം നേടുന്ന രണ്ടാമത്തെ വനിതയും ആദ്യ ഏഷ്യൻ വംശജയുമായിരിക്കുകയാണ് ചൈനക്കാരിയായ ക്ലോയ് ഷാവോ.

about Anthony hopkins

Safana Safu :