മേപ്പടിയാൻ ചിത്രത്തിനായി നടൻ 20 കിലോയിലധികം ശരീരം ഭാരം വർദ്ധിപ്പിച്ചു; മൂന്നു മാസത്തിനുള്ളിൽ 16 കിലോ കുറച്ച് ഉണ്ണി മുകുന്ദൻ

മേപ്പടിയാൻ എന്ന തന്റെ ചിത്രത്തിനായി നടൻ ഉണ്ണി മുകുന്ദൻ 20 കിലോയിലധികം ശരീരം ഭാരം വർദ്ധിപ്പിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു.

ഇപ്പോൾ ഇതാ ചിത്രത്തിന് വേണ്ടി വർധിപ്പിച്ച ശരീരഭാരം കുറച്ച് നടൻ ഉണ്ണി മുകുന്ദൻ. മൂന്നു മാസത്തിനുള്ളിൽ 16 കിലോയാണ് വർക്കൗട്ടിലൂടെ താരം കുറച്ചത്. ശരീരഭാരം കൊണ്ടു ബുദ്ധിമുട്ടുന്ന ഏവർക്കും പ്രചോദനമാകുന്ന വര്‍ക്കൗട്ട് ചിത്രങ്ങളും കുറിപ്പും താരം പങ്കുവയ്ക്കുക ഉണ്ടായി.

‘നാം സ്വയം വിചാരിക്കുന്നതിനേക്കാൾ ശക്തനാണ് നമ്മൾ … ഈ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായ എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. ഈ യാത്രയിൽ എന്നോടൊപ്പം സഞ്ചരിച്ച എല്ലാവർക്കും നന്ദി. നിങ്ങൾ പങ്കുവച്ച ചിത്രങ്ങളും മെസേജുകളും എന്നെ കുറച്ചൊന്നുമല്ല പ്രചോദിപ്പിച്ചത്. എന്നോടൊപ്പം ഈ യാത്ര പൂർത്തിയാക്കി ആഗ്രഹിച്ച മാറ്റം നേടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ.’

‘മേപ്പടിയാൻ എന്ന ചിത്രത്തിന് വേണ്ടി വേണ്ടി ശരീരം കുറച്ചു പുഷ്ടിപ്പെടുത്തേണ്ടി വന്നിരുന്നു. ശരീരഭാരം 93 ൽ നിന്ന് താഴേക്ക് കൊണ്ടുവരുക എന്നുള്ളത് ചെറിയ കാര്യമായിരുന്നില്ല. മൂന്നു മാസം കൊണ്ട് 16 കിലോ കുറയ്ക്കുക എന്നുള്ളത് വലിയ കാര്യമാണ്. എനിക്ക് അത് ചെയ്യാൻ കഴിയുമെങ്കിൽ നിങ്ങൾക്ക് ഓരോരുത്തർക്കും കഴിയും.

അതിനാദ്യം മനസ്സിനെയാണ് പരുവപ്പെടുത്തേണ്ടത്. മനസ്സിൽ ഒരു ഗോൾ സെറ്റ് ചെയ്യുക ശരീരത്തെ അതിനായി പരിശീലിപ്പിക്കുക, സ്വയം വിശ്വസിക്കുക. എന്നാൽ എല്ലാം സാധ്യമാകും. കാരണം ചിന്തകൾ വാക്കുകളും വാക്കുകൾ പ്രവർത്തനങ്ങളായി മാറും എന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാവർക്കും നന്ദി

രഞ്ജിത്തിനും എന്റെ പരിശീലകൻ പ്രവീൺ, ബിഫിറ്റ് കൊച്ചി ജിം, കാക്കനാട്, ക്രിസ്റ്റോ സർ , ശ്യാം ബ്രോ, നിങ്ങൾ തന്ന പിന്തുണക്കു നന്ദി !! സ്വപ്നം കാണുക, പ്രയത്നിക്കുക, നേടുക !!! ഇതാണ് എന്റെ മന്ത്രം…

ഈ യാത്രയുടെ വിഡിയോ ചിത്രീകരിച്ച ടീമിന് കോവിഡ് പോസിറ്റീവ് ആയതിനാൽ വർക്കൗട്ട് വിഡിയോ റിലീസ് ചെയ്യാൻ താമസം നേരിടുമെന്നും അതിനാലാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതെന്നും ഉണ്ണി അറിയിച്ചു. അവർ സുഖംപ്രാപിക്കുന്ന മുറയ്ക്ക് തന്റെ ഫിറ്റ്നസ് ചലഞ്ചിന്റെ വിഡിയോ റിലീസ് ചെയ്യുമെന്നും ഉണ്ണി പറയുന്നു.

ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മമാതാവിന്റെ കുപ്പായം അണിയുന്ന ചിത്രം കൂടെയാണ് മേപ്പടിയാന്‍. അയ്യപ്പനും കോശിയും എന്ന സിനിമയിലെ കുമാരന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കോട്ടയം രമേശും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നവാഗതനായ വിഷ്ണു മോഹനാണ് മേപ്പടിയാന്റെ സംവിധായകന്‍

Noora T Noora T :