ദിലീഷ് പോത്തന്റെ ജോജി മുന്നേറുകയാണ്. അതിനിടെയിൽ കാപാത്രങ്ങളെ പ്രശംസിച്ച് നിരവധി പേരാണ് എത്തുന്നത്. ചിത്രത്തിൽ ജോജിക്കും ജോമോനും ജെയ്സണുമൊപ്പം തന്നെ പ്രേക്ഷകരുടെ ശ്രദ്ധനേടിയ കഥാപാത്രമാണ് ജോജിയിലെ ബിൻസി.
ലേഡി മാക്ബെത്ത് എന്ന വിശേഷണം ലഭിക്കുന്ന ഈ കഥാപാത്രത്തെ ഗംഭീരമാക്കിയിരിക്കുന്നത് നടി ഉണ്ണിമായയാണ്. സിനിമയുടെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ കൂടിയാണ് ഉണ്ണിമായ. നടിയുടെ ഭര്‍ത്താവ് ശ്യാം പുഷ്‌കരനാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നതും. ഇപ്പോഴിതാ ഉണ്ണിമായയുടെ പ്രകടനത്തെ പ്രശംസിച്ച് ചലച്ചിത്രപ്രവര്‍ത്തകന്‍ അരുണ്‍ സദാനന്ദന്‍ എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു . ജോജിയിലെ ഏറ്റവും മികച്ച അഭിനയം കാഴ്ചവച്ചത് ഫഹദോ ബാബുരാജോ ഷമ്മി തിലകനോ അല്ല, അത് ഉണ്ണിമായ ആയിരിന്നുവെന്ന് അദ്ദേഹം പറയുന്നു.
അരുണ്‍ സദാനന്ദന്റെ വാക്കുകള്‍:
ഞാനും ഇവിടെ ഒക്കെയുണ്ട് എന്ന് – ബിന്‍സി
പഴയ ഒരു ‘നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍’ എപ്പിസോഡില്‍ ജയറാമാണ് അതിഥി. മാക്‌ബെത്തിനെ ആധാരമാക്കി കുറസോവ ചെയ്ത സിനിമ ഏതാണെന്നാണ് ചോദ്യം, ജയറാമിന് ഉത്തരം അറിയില്ല. ജയറാം ‘ഫോണ്‍ എ ഫ്രണ്ട്’ ഓപ്ഷന്‍ ചെയ്യുന്നു, നമ്മളൊക്കെ പിഎസ്സിയ്ക്ക് പഠിക്കുന്ന സി.കെ. സദാനന്ദനെ വിളിക്കുമെങ്കില്‍ ജയറാം വിളിക്കുന്നത് സാക്ഷാല്‍ കമലഹാസനെയാണ്. (അടിക്കുവാണെങ്കില്‍ ഇമ്മാതിരി സൈസ് സാധനം അടിക്കണം എന്ന് വാഴയ്ക്ക് എടുത്ത കുഴിയില്‍ നിന്നും കിട്ടിയ കാലിക്കുപ്പി നോക്കി നാല് കാലില്‍ നിന്ന വാസുവണ്ണന്‍ പറഞ്ഞ ഡയലോഗ് ആണെനിക്ക് ആ നിമിഷം ഓര്‍മ വന്നത്).
കമലഹാസന്‍ അങ്ങേതലയ്ക്കല്‍ ചിരിക്കുന്നു, ബാസുള്ള ശബ്ദത്തില്‍ ജയറാമിനെയും സുരേഷ് ഗോപിയെയും പുകഴ്ത്തുന്നു, പതിവുപോലെ നല്ല കഥ കിട്ടിയാല്‍ മലയാളത്തില്‍ വരുമെന്ന് പറയുന്നു, പിന്നെ ഉത്തരത്തിലേയ്ക്ക് കടക്കുന്നു. ‘Throne of Blood’.
അവിടെ പക്ഷേ കമലഹാസന്‍ സര്‍ നിര്‍ത്തുന്നില്ല! ഷേക്‌സ്പിയറുടെ ലേഡി മാക്ബത്തിനെ കുറസോവ Throne of Blood-ല്‍ ഗര്‍ഭിണി ആക്കുന്നുണ്ടെന്ന ഒരു വൈറ്റല്‍ ഇന്‍ഫോര്‍മേഷന്‍ കൂടി നമുക്ക് നല്‍കുന്നു. ഒരു പ്രതിഭാശാലി മറ്റൊരു പ്രതിഭാശാലിയെ രണ്ടാമത് വായിക്കുമ്പോള്‍ ഏതറ്റം വരെയൊക്കെ പോകാമെന്ന് പഠിപ്പിച്ച് തരുന്നു. (കമലഹാസന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയത് അദ്ദേഹത്തിന്റെ ഇഷ്ടം, ഒരുപക്ഷേ അദ്ദേഹം ഫിലിം സ്‌കൂള്‍ തുടങ്ങിയിരുന്നുവെങ്കില്‍ കള്ള ഒപ്പിട്ട് അപ്പന്റെ റബ്ബര്‍ തോട്ടം വിറ്റ് ഞാനവിടെ പഠിയ്ക്കാന്‍ പോയേനെ!)
നമ്മള്‍ കണ്ട ജോജി ഇന്റര്‍വെല്‍ വരെക്കൊണ്ടു തീര്‍ത്ത് ബാക്കി ഭാഗം ബിന്‍സിയുടെ കഥയാക്കി ഒന്ന് മാറ്റിയിരുന്നെങ്കില്‍ പടം ഏത് റേഞ്ചില്‍ ചെന്ന് നില്‍ക്കുമായിരുന്നു എന്നൊന്ന് ആലോചിച്ച് നോക്കൂ. ഇപ്പോഴുള്ള ജോജിയുടെ (എനിക്ക് തോന്നിയ, പലര്‍ക്കും തോന്നിയ) ആഴമില്ലായ്മ പ്രശനം പരിഹരിക്കപ്പെട്ടേനെ. Based on Macbeth എന്നതിന് പകരം Loosely based on Macbeth എന്നെഴുതി കാണിച്ചാല്‍ മതിയായിരുന്നു. അധികാരം നേടുന്നതിലും പ്രയാസമാണ് അധികാരം നിലനിര്‍ത്താന്‍ എന്നുള്ള കാലിക രാഷ്ട്രീയവും ഒക്കെ കൊണ്ടു വന്ന് കത്തി കയറാമായിരുന്നു.
അങ്ങനെ എഴുതിയ സ്‌ക്രിപ്റ്റില്‍ ഉണ്ണിമായ തന്നെ അഭിനയിച്ചാലും മതിയായിരുന്നു. തനിക്ക് കിട്ടിയ സീനുകള്‍ എത്ര ഗംഭീരമായിയാണ് ആ നടി ചെയ്തു വച്ചിരിക്കുന്നത്. ‘മീന്‍ കറി ഒക്കെ ചോദിച്ചപ്പോ’ എന്നുള്ള ആ സീനില്‍ എന്തൊരു അഭിനയമാണ്. ഒരു സൈഡിലെ കവിള്‍ കോട്ടുന്നതാണ് സര്‍ക്കാസം എന്ന മുദ്ര എന്ന നിലവിലെ ധാരണയെയാണ് ബിന്‍സി ഒരു ചിരി ചിരിച്ച് പൊളിച്ചടുക്കുന്നത്. വലിയ കയ്യടി ശ്രീമതി ഉണ്ണിമായ പ്രസാദ്. ജോജിയിലെ ഏറ്റവും മികച്ച അഭിനയം കാഴ്ചവച്ചത് ഫഹദോ ബാബുരാജോ ഷമ്മി തിലകനോ ആണെന്ന് എനിക്ക് അഭിപ്രായം ഇല്ല, അത് നിങ്ങളായിരുന്നു. തോട്ടിന്‍ കരയില്‍ മീന്‍ വെട്ടി നില്‍ക്കുമ്പോള്‍ നിങ്ങള്‍ ജോജിയെ എരി കേറ്റുന്ന ആ ഒരൊറ്റ സീനില്‍ തന്നെ നിങ്ങള്‍ ഒരു ഡബിള്‍ സെഞ്ചുറി അടിച്ചു.