ബിജെപി സ്ഥാനാര്‍തിയായതോടെ മക്കളുടെ സിനിമാ അവസരങ്ങല്‍ നഷ്ടപ്പെട്ടു; ഫലം വരുമ്പോള്‍ തനിക്ക് അനുകൂലമായിരിക്കും; വീണ്ടും കൃഷ്ണകുമാർ

താൻ ബിജെപി സ്ഥാനാര്‍തിയായതോടെ മക്കളുടെ സിനിമാ അവസരങ്ങല്‍ നഷ്ടപ്പെട്ടെന്ന വിമര്‍ശനവുമായി നടൻ കൃഷ്ണകുമാര്‍. തന്‍റെ രാഷ്ട്രീയം വ്യക്തമായതോടെ മകള്‍ സൈബര്‍ ആക്രമണത്തിന് ഇരയായെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാര്‍ഥിയായിരുന്നു കൃഷ്ണകുമാര്‍. തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും അഭിനയത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് താരം.

അപ്രതീക്ഷിതമായാണ് ഇക്കുറി തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. തന്‍റെ രാഷ്ട്രീയം വ്യക്തമായതോടെ സിനിമ രംഗത്ത് മക്കള്‍ക്ക് അവസരങ്ങള്‍ കുറഞ്ഞു. ഡേറ്റുകള്‍ മാറിയതോടെ സിനിമകള്‍ നഷ്ടമാകുകയും ചെയ്തു. തനിക്കും കുടുംബത്തിനും സൈബര്‍ ആക്രമണം നേരിടേണ്ടി വന്നു. എന്നാൽ ആക്രമിക്കപ്പെട്ടവര്‍ ഉയരുമെന്നും ഫലം വരുമ്പോള്‍ തനിക്ക് അനുകൂലമായിരിക്കുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

താൻ ബിജെപി സ്ഥാനാര്‍ഥിയായതോടെ മകളുടെ സിനിമാ അവസരങ്ങള്‍ നഷ്ടമായെന്നു മുൻപും കൃഷ്ണകുമാര്‍ ആരോപിച്ചിരുന്നു. എന്നാൽ ഇതിനെതിരെ മകളും നടിയുമായ അഹാന കൃഷ്ണ രംഗത്തെത്തിയത് വലിയ വാര്‍ത്തയായിരുന്നു. എന്നാൽ പിന്നീട് കൃഷ്ണകുമാറിൻ്റെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണച്ച് അഹാന രംഗത്തെത്തുകയും ചെയ്തിരുന്നു. താൻ വീട്ടിൽ ബീഫ് കയറ്റാറില്ലെന്ന കൃഷ്ണകുമാറിൻ്റെ പ്രസ്താവനയും അഹാനയ്ക്ക് ബീഫ് വിഭവങ്ങളോടുള്ള താത്പര്യം തുറന്നു പറയുന്ന വീഡിയോയും ചേര്‍ത്ത് വെച്ച് സോഷ്യൽ മീഡിയയിൽ വലിയ പ്രചാരണം നടക്കുകയും ചെയ്തിരുന്നു.

നേരത്തെ തങ്ങളെ സിനിമയില്‍ നിന്നും പുറത്താക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ ശ്രമിക്കുന്നു എന്ന ആരോപണവുമായി കൃഷ്ണകുമാര്‍ രംഗത്തെത്തിയിരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ വാ തുറക്കുന്നത് രണ്ട് കാര്യങ്ങള്‍ക്കാണ്, തിന്നാനും കള്ളം പറയാനും. തന്നെയും മക്കളെയും ഇവര്‍ കുറേ വിരട്ടി നോക്കി. ഒരു ചുക്കും സംഭവിച്ചില്ല. കുറച്ചു ദിവസം തന്നെ ജോലിയില്‍ നിന്നും പുറത്താക്കി. തന്റെ മക്കളെയും ചിലപ്പോള്‍ പുറത്താക്കും, അതിനപ്പുറം ഇവര്‍ ഒന്നും ചെയ്യില്ല എന്നാണ് കൃഷ്ണകുമാര്‍ പറഞ്ഞത്.

Noora T Noora T :