വിയോഗം എന്നെ ദുഃഖിപ്പിക്കുന്നു, കഠിനമായി; മമ്മൂട്ടി

സംവിധായകനും നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്റെ വിയോഗം സിനിമാമേഖലയിലാകെ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ദീര്‍ഘനാളായി രോഗബാധിതനായിരുന്നു പി ബാലചന്ദ്രന്‍.
വൈക്കത്തെ വസതിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചയായിരുന്നു അദ്ദേഹം അന്തരിച്ചത്.

ഇപ്പോൾ ഇതാ ബാലചന്ദ്രന് ആദരാഞ്‍ജലികള്‍ അര്‍പ്പിച്ച് മമ്മൂട്ടി. ബാലചന്ദ്രന്റെ ഫോട്ടോയും മമ്മൂട്ടി ഷെയര്‍ ചെയ്തിട്ടുണ്ട്. പി ബാലചന്ദ്രന്റെ വിയോഗം എന്നെ ദുഃഖിപ്പിക്കുന്നു, കഠിനമായി എന്നാണ് മമ്മൂട്ടി എഴുതിയിരിക്കുന്നത്.

മമ്മൂട്ടി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ വണ്‍ എന്ന സിനിമയിലും പി ബാലചന്ദ്രന്‍ അഭിനയിച്ചിട്ടുണ്ട്. പ്രതിപക്ഷ എംഎല്‍എ ആയ ആറ്റിങ്ങല്‍ മധുസൂദനന്‍ ആയിട്ടായിരുന്നു പി ബാലചന്ദ്രന്‍ അഭിനയിച്ചത്.

1991ല്‍ മോഹന്‍ലാല്‍ നായകനായ അങ്കിള്‍ ബണ്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായി മലയാള സിനിമ മേഖലയിലേക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് അഗ്‌നിദേവന്‍ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കി. അഗ്‌നിദേവനില്‍ ഒരു ചെറിയ വേഷത്തില്‍ അഭിനയിക്കുകയും ചെയ്തു. ഉള്ളടക്കം, പവിത്രം, തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍, മാനസം, പുനരധിവാസം, പൊലീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയും സംഭാഷണവുമെഴുതി.

കമ്മട്ടിപ്പാടം, എടക്കാട് ബറ്റാലിയന്‍ എന്നീ സിനിമകള്‍ക്കായാണ് അവസാനമായി തിരക്കഥ ഒരുക്കിയത്. ഇവന്‍ മേഘരൂപന്‍ എന്ന സിനിമ സംവിധാനവും ചെയ്തിട്ടുണ്ട്.

50ഓളം സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയിലെ കോര എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായി.

കലാരംഗത്തെ സംഭാവനയ്ക്ക് പി ബാലചന്ദ്രന് ഒട്ടേറെ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരളസംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡ് 1989, 1999ലെ കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ് മികച്ച നാടക രചനക്കുള്ള 2009ലെ കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്, 2011 ലെ കേരള ചലച്ചിത്ര അവാര്‍ഡ് എന്നിവയാണ് പി ബാലചന്ദ്രന് ലഭിച്ച പ്രധാന അവാര്‍ഡുകള്‍.

Noora T Noora T :