എട്ടു മാസത്തോളം റിസര്‍ച്ച്, മൂന്നു നാല് തവണ കോസ്റ്റ്യൂം റീവര്‍ക്ക്, വസ്ത്രങ്ങളൊരുക്കാന്‍ ഡൈയിങ്ങ് പഠിച്ചു; മരക്കാരിലെ കോസ്റ്റ്യൂം ഡിസൈനര്‍ സുജിത് സുധാകരന്‍ പറയുന്നു

കാത്തിരിപ്പിനൊടുവിൽ മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം മെയ് 13 ന് റിലീസ് ചെയ്യുകയാണ്. 67-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രം ഉള്‍പ്പടെ മൂന്ന് പുരസ്‌കാരങ്ങളാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയത്.

മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരത്തിനു പുറമേ മികച്ച വിഷ്വല്‍ എഫക്ട്‌സിനുള്ള പുരസ്‌കാരവും മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരവും മരക്കാര്‍ നേടുകയായിരുന്നു.

ഇപ്പോഴിതാ പാന്‍ ഇന്ത്യന്‍ സിനിമയായതിനാല്‍ മറ്റു ഭാഷകളിലെ പ്രേക്ഷകരെ കൂടെ കണക്കിലെടുത്താണ് ചിത്രത്തിലെ വസ്ത്രാലങ്കാരം നടത്തിയതെന്ന് ദേശിയ പുരസ്‌കാര ജേതാവായ കോസ്റ്റ്യൂം ഡിസൈനര്‍ സുജിത് സുധാകരന്‍. എട്ടു മാസത്തോളം ചിത്രത്തിനായി മുന്നൊരുക്കങ്ങള്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് സുജിതിന്റെ പ്രതികരണം.

മരക്കാര്‍ മലയാളിയാണ്. പക്ഷേ ഇതൊരു പാന്‍ ഇന്ത്യന്‍ സിനിമയാണ്. ഒരു മുണ്ടും മേല്‍മുണ്ടും ഉടുത്ത് മരക്കാര്‍ വന്നുനിന്നാല്‍ അതില്‍ ഗാംഭീര്യം ഉണ്ടാവില്ല. ഒരുപക്ഷേ മലയാളികള്‍ അംഗീകരിച്ചേക്കും, മറ്റു ഭാഷകളിലെ പ്രേക്ഷകര്‍ക്ക് രസിച്ചെന്നു വരില്ല.

എട്ടു മാസത്തോളം റിസര്‍ച്ച് നടത്തിയെന്നും മൂന്നു നാല് തവണ കോസ്റ്റ്യൂം റീവര്‍ക്ക് ചെയ്തുവെന്നും അദ്ദേഹം പറയുന്നു. ‘ആഭരണവും ചെരിപ്പും ഉള്‍പടെയുള്ളവയ്ക്കുള്ള മെറ്റീരിയല്‍സ് ഹൈദരാബാദില്‍ നിന്ന് വാങ്ങി ആളുകളെ വരുത്തി ചെയ്യിപ്പിച്ചതാണ്. വസ്ത്രങ്ങളൊരുക്കാന്‍ ഡൈയിങ്ങ് പഠിച്ചു’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിത്രം ഫാന്റസി ലൂക്കായിരിക്കുമെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തുന്നു.

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും ചിത്രം പുറത്തിറങ്ങും. 100 കോടിയാണ് മരക്കാറിന്റെ ബജറ്റ്. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്നും ചിത്രത്തിന്റെ സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.

മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Noora T Noora T :