ബറോസിന്റെ ആദ്യ ദിനം; ലൊക്കേഷൻ വീഡിയോ പുറത്ത് വിട്ട് അണിയറപ്രവർത്തകർ

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. മഹാരാജാസ് കോളിന്റെ ഗ്രൗണ്ടിലടക്കം ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നു.

സിനിമയുടെ ആദ്യദിന ചിത്രീകരണത്തില്‍ നിന്നുള്ള ചില ലൊക്കേഷന്‍ സ്റ്റില്ലുകള്‍ മോഹന്‍ലാല്‍ ഇന്നലെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ അതേദിനത്തിലെ ഒരു ലൊക്കേഷന്‍ വീഡിയോ പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. അഭിനേതാക്കള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയും ക്യാമറാമാനൊപ്പമിരുന്ന് മോണിറ്റര്‍ നോക്കിയും ആക്ഷനും കട്ടും പറഞ്ഞ് അടിമുടി സംവിധായകന്‍റെ റോളിലേക്ക് മാറിയ മോഹന്‍ലാലിനെ വീഡിയോയില്‍ കാണാം.

ഏറെ ആവേശത്തോടെയും ആസ്വദിച്ചുമാണ് സംവിധായകന്‍റെ ജോലി അദ്ദേഹം ചെയ്യുന്നതെന്നും വ്യക്തമാണ്.

ലോകനിലവാരത്തിലുള്ള ഒരു ത്രീഡി ചിത്രമായിട്ടാണ് ബറോസ് അണിയറയില്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ തിരക്കഥ ജിജോ ആണ്. ലോകത്തിന്റെ നാനാഭാഗത്ത് നിന്നുമെത്തിച്ച വാസ്‌കോ ഡ ഗാമയുടെ രത്‌നങ്ങളുടെയും സുവര്‍ണ നിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്.

പോയവര്‍ഷം ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്ന ചിത്രം കൊവിഡ് കാരണം നീട്ടിവെക്കുകയായിരുന്നു. സംവിധാനത്തിനൊപ്പം ടൈറ്റില്‍ കഥാപാത്രമായ ‘ഭൂത’ത്തെ മോഹന്‍ലാല്‍ തന്നെയാണ് അവതരിപ്പിക്കുന്നത്.

പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക. സെക്സ് ആൻഡ് ലൂസിയ, ഓള്‍ റോഡ്‌സ് ലീഡ്‌സ് ടു ഹെവന്‍, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ.

ബറോസിന് ക്യാമറ ചലിപ്പിക്കുന്നത് കെ.യു മോഹനന്‍ ആണ്. ചിത്രത്തിന്റെ സംഗീതം നിര്‍വഹണം ലോകപ്രശസ്ത സംഗീതഞ്ജനായ പതിമൂന്നുകാരന്‍ ലിഡിയന്‍ നാദസ്വരമാണ്. ഗോവയും പോര്‍ച്ചുഗലുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

രാജ്യത്തെ മിക്ക ഭാഷകളിലും സിനിമ ഡബ് ചെയ്യും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ബറോസിന്റെ പൂജയില്‍ മലയാള സിനിമാമേഖലയിലെ പ്രമുഖരെല്ലാം പങ്കെടുത്തിരുന്നു.

Noora T Noora T :