വൈവിധ്യമാർന്ന വേഷങ്ങളും ആകർഷകമായ വ്യക്തിത്വവും; അതാണ് ശ്രീ രജനികാന്ത്; രജനികാന്തിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്തിനാണ് ഇത്തവണത്തെ ദാദാ സാഹേബ് ഫാല്‍കെ അവാര്‍ഡ്. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവഡേക്കറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.


ഇന്ത്യന്‍ ചലച്ചിത്രരംഗത്ത് നല്‍കിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് ഭാരത സര്‍ക്കാര്‍ സമ്മാനിക്കുന്ന പുരസ്‌കാരമാണ് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം. ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാല്‍ക്കെയുടെ 100-ആം ജന്മവാര്‍ഷികമായ 1969 മുതല്‍ക്കാണ് ഈ പുരസ്‌കാരം നല്കിത്തുടങ്ങിയത്. 2018 ല്‍ അമിതാഭ് ബച്ചനായിരുന്നു പുരസ്‌കാര ജേതാവ്.

തമിഴ്‍നാട്ടിലേക്ക് ഇത് മൂന്നാം തവണയാണ് ദാദാ സാഹേബ് ഫാല്‍കെ അവാര്‍ഡ് ലഭിക്കുന്നത്. തലമുറകളിലുടനീളം ജനപ്രീതിയാർജ്ജിച്ച, കുറച്ച് പേർക്ക് മാത്രം കഴിയുന്ന, വൈവിധ്യമാർന്ന വേഷങ്ങളും ആകർഷകമായ വ്യക്തിത്വവും, അതാണ് ശ്രീ രജനികാന്ത് എന്ന് പ്രധാനമന്ത്രി മോദി അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു.

രജനികാന്തിന് ദാദാസാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ എന്നും മോദി പറയുന്നു.

ചലച്ചിത്ര താരങ്ങളായ മോഹൻലാൽ, ശങ്കർ മഹാദേവൻ, ആശാ ബോസ്ലേ, സുഭാഷ് ഗയ് എന്നിവരടങ്ങിയ പുരസ്‍കാര നിർണയ സമിതിയാണ് ദാദാ സാഹേബ് ഫാൽകെ അവാര്‍ഡിന് രജനികാന്തിനെ തെരഞ്ഞെടുത്തത്. ഒട്ടേറെ പേരാണ് രജനികാന്തിന് ആശംസകളുമായി എത്തുന്നത്.

ശിവജിറാവു ഗെയ്ക്ക് വാദ് എന്ന രജനികാന്ത് ഇന്ത്യൻ സിനിമയുടെ തന്നെ മുഖമായിട്ടാണ് അറിയപ്പെടുന്നത്. വില്ലൻ കഥാപാത്രങ്ങളായിരുന്നു രജനികാന്തിന് തുടക്കകാലത്ത്. എന്നാല്‍ വളരെപെട്ടെന്ന് ഇന്ത്യൻ സിനിമയിലെ തന്നെ നായകനായി വളരുകയായിരുന്നു രജനികാന്ത്. കെ ബാലചന്ദർ സംവിധാനം ചെയ്‍ത അപൂർവ രാഗങ്ങൾ എന്ന സിനിമയിലൂടെ 1975-ൽ ആണ് രജനികാന്ത് വെള്ളിത്തിരയിലെത്തുന്നത്. രാജ്യം പത്മവിഭൂഷൺ അവാർഡ് നല്‍കി രജനികാന്തിനെ ആദരിച്ചിട്ടുണ്ട്.

Noora T Noora T :