ഇഷാനിയുടെ ആദ്യത്തെ ആരാധിക ഇവിടെയുണ്ട് !

താരകുടുംബത്തിൽ നിന്നും ഒരാൾകൂടി സിനിമാ ലോകത്തേക്ക് എത്തിയിരിക്കുകയാണ്. ‘വൺ’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് നടൻ കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകളായ ഇഷാനി കൃഷ്ണ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ആദ്യചിത്രത്തിൽ തന്നെ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഇഷാനി.ഇപ്പോഴിതാ, ഇഷാനിയുടെ അമ്മ സിന്ധു കൃഷ്ണ പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്.

“ഇഷാനീ… ഞാനാണ് നിന്റെ ആദ്യത്തെ ആരാധിക. നിന്നെ ആദ്യമായി കണ്ട ആ നിമിഷം മുതൽ ഞാൻ നിന്നെ സ്നേഹിച്ചുതുടങ്ങി എന്റെ കുഞ്ഞേ,” എന്നാണ് ഇഷാനിയുടെ ‘അമ്മ കുറിക്കുന്നത്. ‘വൺ’ സിനിമയുടെ ചിത്രീകരണസമയത്തുള്ള ഒരു വീഡിയോയും സിന്ധു അതോടൊപ്പം പങ്കുവച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയ്ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമെല്ലാം ഏറെ സജീവമാണ് ഈ താര കുടുംബം. ലോക്ക്ഡൗൺകാലത്ത് വീട്ടിലെല്ലാവരും യൂട്യൂബ് ചാനൽ തുടങ്ങുകയും അതിലൂടെ രസകരമായ വീട്ട് വിശേഷങ്ങൾ പങ്കുവെച്ചെത്തുകയും ചെയ്തിരുന്നു . മൂത്തമകൾ അഹാനയും വീട്ടിലെ ഇളയ കുട്ടിയായ ഹൻസികയും ഇഷാനിയ്ക്ക് മുൻപു തന്നെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു.

‘ഞാൻ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന സിനിമയിലേക്ക് എത്തിയത്.
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അഹാന അവതരിപ്പിച്ചിരുന്നു. ‘ലൂക്ക’യിലെ നിഹാരിക എന്ന കഥാപാത്രം അഹാനയ്ക്ക് ഏറെ ജനപ്രീതി നേടി കൊടുത്ത വേഷമായിരുന്നു.

നാൻസി റാണി, പിടിക്കിട്ടാപുള്ളി, അടി തുടങ്ങി റിലീസിനൊരുങ്ങുന്ന ചിത്രങ്ങളിലും അഹാനയുണ്ട്. ‘ലൂക്ക’യിൽ അഹാനയുടെ ചെറുപ്പക്കാലം അവതരിപ്പിച്ചുകൊണ്ടായിരുന്നു ഹൻസികയുടെ സിനിമാ അരങ്ങേറ്റം.

about ishani krishnakumar

Safana Safu :