ഇപ്പോൾ സോഷ്യൽ മീഡിയ ഭരിച്ചുകൊണ്ടിരിക്കുന്നത് ലേഡീസ് സൂപ്പർസ്റ്റാർ മഞ്ജു വാരിയറിന്റെ ചിത്രങ്ങളാണ്. അതിനെ കുറിച്ചുള്ള ചർച്ചകളൊന്നും ഇനിയും അവസാനിച്ചിട്ടില്ല. അടുത്തിടെയൊന്നും ഇത്രയധികം ചർച്ചകൾ ഒരു ഫോട്ടോയെ ചുറ്റിപ്പറ്റി നടന്നിട്ടുണ്ടാകില്ല.
ഇപ്പോൾ വീണ്ടും മഞ്ജു അടുത്ത ചർച്ചയ്ക്കുള്ള ഫോട്ടോകൾ പങ്കുവച്ചിരിക്കുകയാണ്. ഇത്തവണ ചർച്ചയാകുന്നത് ചിത്രങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫറെ കുറിച്ചാകും. കാരണം, മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടി പകർത്തിയ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.
ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ച ‘ദി പ്രീസ്റ്റ്’ എന്ന സിനിമ തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടയിലാണ് മഞ്ജു ഈ ചിത്രങ്ങളുമായി എത്തിയിരിക്കുന്നത്.
മലയാള സിനിമയിലെ വിദഗ്ധനായ ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രങ്ങളാണിവ, ഇതൊരു നിധിയാണ്, ഏറെ നന്ദി മമ്മൂക്ക’ എന്ന് കുറിച്ചാണ് മഞ്ജു പുത്തൻ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. നിരവധിപേരാണ് ഇതൊരു മഹാഭാഗ്യമെന്ന് കുറിച്ചുകൊണ്ട് എത്തിയിരിക്കുന്നത്.
മികച്ചൊരു ഫോട്ടോഗ്രാഫർ കൂടിയാണ് മമ്മൂട്ടി എന്ന് മുമ്പും തെളിയിച്ചിട്ടുള്ളതാണ്. നിരവധി താരങ്ങളുടെ ചിത്രങ്ങൾ അദ്ദേഹം പകർത്തിയിട്ടുമുണ്ട്. അടുത്തിടെ വീട്ടുമുറ്റത്തിരുന്ന് പക്ഷികളുടെ ചിത്രം പകർത്തുന്ന മമ്മൂക്കയുടെ വിശേഷങ്ങളും സോഷ്യൽമീഡിയ ഏറ്റെടുത്തിരുന്നു. മാത്രമല്ല ഇക്കവിഞ്ഞ 69-ാം ജന്മദിനത്തിൽ കാനൺ ഇഒഎസ് ആർ 5 എന്ന പുതിയ ക്യാമറ സ്വന്തമാക്കിയ വിശേഷവും അദ്ദേഹം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുമുണ്ട്.
വർഷങ്ങളായി സിനിമാലോകത്തുള്ളവരാണ് മമ്മൂട്ടിയും മഞ്ജു വാര്യരും. എങ്കിലും ഇതാദ്യമായാണ് ഇരുവരും ഒരു സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. ഇരുവരും ഒന്നിച്ച ദി പ്രീസ്റ്റ് എന്ന ചിത്രം തീയേറ്ററുകളിൽ മികച്ച പ്രേക്ഷക, നിരൂപക പ്രശംസ നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്.
about manju warrior, mammootty