ഒരു മുഹൂര്‍ത്തം പോലും താഴോട്ട് പോകാത്ത രീതിയിൽ അതിന്‍റെ അര്‍ഥവും വ്യാപ്തിയും മനസ്സിലാക്കി അവതരിപ്പിച്ചു; സിനിമ കണ്ടിറങ്ങിയ ശേഷം രാജസേനൻ പറയുന്നു

സിജു വിജയൻ ഒരുക്കിയ ‘ഇൻഷ’ തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സര്‍ക്കാരിന്‍റെ കെഎസ്‍എഫ്‍ഡിസി തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ സിനിമ കണ്ട ശേഷം സംവിധായകൻ രാജസേനൻ പറഞ്ഞിരിക്കുന്ന വാക്കുകള്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.


”മനോഹരം അതിമനോഹരം. ഒരു സിനിമയുടെ മൂല്യം നമ്മള്‍ അളക്കേണ്ടത് ആ സിനിമയിൽ എത്ര കോടികള്‍ മുടക്കിയെന്നുള്ളത് വച്ചിട്ടില്ല. ആ സിനിമയുടെ മര്‍മ്മമെന്താണ്, അത് അത് നമുക്ക് തരുന്ന സന്ദേശമെന്താണ്, നമുക്ക് തരുന്ന സമാധാനമെന്താണ് സന്തോഷമെന്താണ് എന്ന് നോക്കിയാണ്. അങ്ങനെ നോക്കിയാൽ ഇൻഷ ഒരു നൂറുകോടി രൂപയുടെ സിനിമയാണ്.

ഇതെന്‍റെ ഹൃദയത്തിൽ നിന്നുള്ള വാക്കുകളാണ്, ആദ്യം ഇതിന്‍റെ സംവിധായകൻ ഡോ സിജു വിജയന് ഹൃദയത്തിൽ തൊട്ടുള്ള അനുമോദനങ്ങള്‍ നേരുന്നു. ഈ സിനിമയുടെ ഒരംശം പോലും ഏതെങ്കിലും ഒരു മുഹൂര്‍ത്തം പോലും താഴോട്ട് പോകാത്ത രീതിയിൽ അതിന്‍റെ അര്‍ഥവും വ്യാപ്തിയും മനസ്സിലാക്കി അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.

ഇത്തരത്തിലൊരു പ്രമേയം തിരഞ്ഞെടുത്തതിനും അനുമോദനങ്ങള്‍. സുന്ദരമായ പ്രമേയം. പ്രമേയത്തോട് നൂറുശതമാനം അദ്ദേഹം നീതി പുലര്‍ത്തി. സിനിമയിലെ ഒരു കാസ്റ്റിങ് പോലും വേറെയാളായിരുന്നെങ്കിൽ എന്ന് തോന്നിയിട്ടില്ല. ഇൻഷ എന്ന പെൺകുട്ടി അതി മനോഹരം. കഥാപാത്രത്തെ ആ കുഞ്ഞ് എങ്ങനെ ഇത്രയും ഉള്‍ക്കൊണ്ടു എന്ന് ചോദിച്ചാൽ അത്ഭുതകരമാണ്. അല്ലെങ്കിൽ സംവിധായകന്‍റെ കഴിവാണത്.

മാജിയുമ്മയായ രാജേശ്വരി ഇരുത്തം വന്ന പ്രകടനത്തോടെ വിസ്മയിപ്പിച്ചു. ഉമ്മ സുമയ്യയായ ആര്യ സലീം ഹൃദയം പൊട്ടിപോകുന്ന പ്രകടനമാണ് നടത്തിയത്. ഖലീൽ എന്ന കഥാപാത്രമായ അനിൽ ഒന്നാന്തരമാണ്. അത്രയും വലിയ കഥാപാത്രത്തിന് താരമൂല്യം നോക്കി പോകേണ്ടതിന്‍റെ ആവശ്യമില്ലെന്ന് സിനിമ കണ്ടാൽ മനസ്സിലാകും. പ്രധാന വേഷത്തിലെത്തിയ മൂന്ന് ആൺകുട്ടികള്‍ മൂവരും ഒന്നിനൊന്ന് മെച്ചമാണ്. അതോടൊപ്പം മനോഹരമായ ഡബ്ബിങ്, ശബ്‍ദ ക്രമീകരണം, പശ്ചാത്തല സംഗീതം എല്ലാം നന്നായി. ഒരു ഉത്തമ സിനിമയാണ് ഇൻഷ”, രാജസേനൻ പറഞ്ഞിരിക്കുകയാണ്.

Noora T Noora T :