ആക്ഷന്‍ സിനിമകള്‍ ചെയ്തത് കൊണ്ട് നായിക വേഷങ്ങള്‍ എനിക്ക് നഷ്ടപെട്ടു; തുറന്ന് പറഞ്ഞ് വാണി വിശ്വനാഥ്

തെന്നിന്ത്യൻ സിനിമകളിൽ തൻ്റേടിയായ പെൺകഥാപാത്രങ്ങളുടെ പ്രതിരൂപമായിരുന്നു നടി വാണി വിശ്വനാഥ്. മലയാളത്തിലൂടെ അഭിനയത്തിൽ കരിയർ തുടങ്ങിയ വാണി വിശ്വനാഥ് പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

ഒരു കാലത്ത് വന്‍ താരമൂല്യം സൃഷ്ടിച്ച നായിക നടി കൂടിയായിരുന്നു വാണി വിശ്വനാഥ്. നായകന്മാര്‍ക്ക് ചെയ്യാന്‍ കഴിയുന്നത് നായിക എന്ന നിലയില്‍ തനിക്കും ചെയ്യാന്‍ കഴിയും എന്ന് തെളിയിച്ച അപൂര്‍വ്വ നടിമാരില്‍ ഒരാളായ വാണി വിശ്വനാഥ് തന്റെ രണ്ടാമത്തെ തിരിച്ചു വരവ് ടെലിവിഷന്‍ സീരിയലിലൂടെയാകണമെന്ന് ആഗ്രഹിച്ചതിന്റെ കാരണത്തെക്കുറിച്ച്‌ ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ പങ്കുവയ്ക്കുകയാണ്.

വാണി വിശ്വനാഥിന്‍റെ വാക്കുകള്‍

‘സിനിമയില്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് ഒരു മാറ്റത്തിനായാണ് ഞാന്‍ സീരിയല്‍ ചെയ്യാന്‍ ശ്രമിച്ചത്. കുടുംബ പ്രേക്ഷകരുടെ ഇഷ്ടം നേടുക എന്നത് വലിയ കാര്യമാണ്. മീന, ദേവയാനി, നന്ദിനി, തുടങ്ങിയ പ്രമുഖ നായിക നടിമാര്‍ അവരുടെ രണ്ടാം വരവ് ശക്തമാക്കിയത് സിനിമയിലൂടെയായിരുന്നില്ല സീരിയലിലൂടെയായിരുന്നു.

ഞാന്‍ ‘മറ്റൊരുവള്‍’ എന്ന സീരിയല്‍ ചെയ്തത് എന്റെ അത് വരെയുള്ള ഇമേജ് ഒന്ന് ബ്രേക്ക് ചെയ്യാന്‍ വേണ്ടിയിട്ടായിരുന്നു. പക്ഷേ അവിടെയും എനിക്ക് വിജയിക്കാന്‍ കഴിഞ്ഞില്ല. ‘വാണി ചേച്ചി കരയാന്‍ പാടില്ല, സിനിമയിലേത് പോലെ പ്രതികരിക്കുന്ന വാണി ചേച്ചിയെയാണ് ഞങ്ങള്‍ക്കിഷ്ടം’ എന്ന് പറഞ്ഞവരാണ് ഏറെയും. സ്ഥിരമായി ആക്ഷന്‍ സിനിമകള്‍ ചെയ്തത് കൊണ്ട് വളരെ ഒതുങ്ങി നില്‍ക്കുന്ന നായിക വേഷങ്ങള്‍ എനിക്ക് നഷ്ടമായിട്ടുണ്ട്. പക്ഷേ ആ സമയത്ത് അത്തരം വേഷങ്ങളാണ് ഞാന്‍ കൂടുതല്‍ ആസ്വദിച്ചത്. ചെയ്ത സിനിമകളില്‍ ഭൂരിഭാഗവും പ്രേക്ഷകര്‍ സ്വീകരിച്ചു എന്നുള്ളതാണ് ഏറ്റവും വലിയ സന്തോഷമെന്ന് വാണി പറയുന്നു

Noora T Noora T :