അച്ഛന്റെ പ്രചാരണത്തിനായി ഹൻസിക; ഒപ്പം ‘ദളപതി വിജയ്’യുടെ ‘വാത്തി കമിങ്ങും !

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ എങ്ങും പ്രചാരണത്തിന്റെ തിരക്കാണ്. ഇത്തവണ രാഷ്ട്രീയക്കാർക്ക് മാത്രമല്ല തിരഞ്ഞെടുപ്പ്. ഇക്കുറി തിരഞ്ഞെടുപ്പിന്താരങ്ങളുമുണ്ട്. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നത് പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ സിനിമാ സീരിയൽ നടൻ കൃഷ്ണകുമാറാണ്. കഴിഞ്ഞ ദിവസമാണ് ബിജെപിയുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നത്. ഇപ്പോഴിതാ അച്ഛന്‍റെ പ്രചാരണത്തിനായി ഇളയ മകൾ ഹൻസിക ഒരു ഇലക്ഷൻ പ്രൊമോ വീഡിയോ ഒരുക്കിയിരിക്കുകയാണ്.

അച്ഛന്‍റെ ഇലക്‌ഷൻ പ്രചാരണത്തിനായി മികച്ചൊരു വീഡിയോ തയ്യാറാക്കി തന്നതിന് നന്ദി ഹൻസിക എന്ന് കുറിച്ചുകൊണ്ട് കൃഷ്ണകുമാര്‍ തന്നെ ഫേസ്ബുക്ക് പേജിൽ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ദളപതി വിജയ് ചിത്രമായ ‘മാസ്റ്ററി’ലെ ‘വാത്തി കമിങ്’ എന്ന അടിപൊളി പാട്ട് പശ്ചാത്തലമാക്കി കൃഷ്ണകുമാറിന്‍റെ ഇലക്‌ഷൻ പോസ്റ്ററുകളും മറ്റും ചേർത്താണ് ഹൻസിക വീഡിയോ ഒരുക്കിയിരിക്കുന്നത്.

വീഡിയോ പങ്കുവെച്ച് വളരെ പെട്ടന്നുതന്നെ വൈറലാവുകയും ചെയ്തു. നിരവധി കമന്‍റുകളും വീഡിയോയ്ക്ക് താഴെ വന്നിട്ടുണ്ട്. മക്കള് മതി അച്ഛന് മുന്നേറാൻ എന്നും സീരിയസ് ആയിട്ട് ചെയ്തതാണെങ്കിൽ നല്ല കോമഡി ആയിട്ടുണ്ടെന്നും മാറ്റം കൃഷ്ണകുമാറിലൂടെയെന്നും മറ്റുമൊക്കെയുള്ള കമന്‍റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിൽ ഭാര്യ സിന്ധു കൃഷ്ണയും കൃഷ്ണകുമാറിനോടൊപ്പം എത്തിയിരുന്നു. യുഡിഎഫിൽ നിന്നും വിഎസ് ശിവകുമാ‍റാണ് സ്ഥാനാ‍ർഥി.
ആന്‍റണി രാജുവാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി നിൽക്കുന്നത്. അടുത്തിടെയായിരുന്നു കൃഷ്‌ണകുമാറിന്റെ രാഷ്ട്രീയ പ്രവേശനം ഉണ്ടായത് .

about krishnakumar

Noora T Noora T :