ഗാനരചയിതാവ് എന്ന നിലയില്‍ തനിക്ക് പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും എന്നാല്‍ അതില്‍ നിരാശയോ വിഷമമോ ഇല്ലെന്ന് ഷിബു ചക്രവര്‍ത്തി. ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ
പാട്ടാണോ, തിരക്കഥയാണോ കൂടുതല്‍ സൗകര്യപ്രദം എന്ന് ചോദിച്ചാല്‍ കമ്മലുണ്ടാക്കുന്നതും, കപ്പലുണ്ടാക്കുന്നതും പോലെയാണ് രണ്ടും. കമ്മലുണ്ടാക്കാന്‍ നല്ല സൂക്ഷ്മത വേണം. പാട്ടെഴുത്തുകാരനായിട്ടാണ് അറിയപ്പെടുന്നതെങ്കിലും എനിക്ക് പുരസ്‌കാരങ്ങള്‍ ലഭിച്ചതൊക്കെ തിരക്കഥകള്‍ക്കായിരുന്നു. മനു അങ്കിളിനു ദേശീയ പുരസ്‌കാരം കിട്ടി. അഭയത്തിനു അന്തര്‍ദേശീയ പുരസ്‌കാരവും. പാട്ടിനു പുരസ്‌കാരങ്ങള്‍ ലഭിക്കാത്തതില്‍ യാതൊരു വിഷമവും നിരാശയും ഇന്ന് വരെ തോന്നിയിട്ടില്ല. അതിനോട് താത്പര്യവും ഇല്ല. ഹിമപ്പുലികള്‍ അവരുടെ കാല്പാടുകള്‍ എവിടെയും അവശേഷിപ്പിക്കാറില്ലെന്ന് പറയാറുണ്ട്. ജീവിതത്തില്‍ ഞാന്‍ പിന്തുടരുന്ന ഫിലോസഫിയും അത് തന്നെയാണ്. വരച്ചു കോറിയ ചുമരുകള്‍ മായ്ച്ചു വൃത്തിയാക്കണം. പുതിയ ആളുകള്‍ വരട്ടെ. അവരവിടെ പുതിയ ചിത്രങ്ങള്‍ വരയ്ക്കട്ടെ”. ഷിബു ചക്രവര്‍ത്തി പറയുന്നു.