മമ്മൂട്ടി നായകനായ ‘ദി പ്രീസ്റ്റ്’ തിയേറ്ററുകളിൽ വിജയകരമായി മുന്നേറുകയാണ്. തിയേറ്ററുകള്‍ അടഞ്ഞുകിടന്ന മാസങ്ങളില്‍ പലപ്പോഴും ചിത്രം ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്നതിനെക്കുറിച്ച് താന്‍ ആലോചിച്ചിരുന്നുവെന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ആന്‍റോ ജോസഫ് പറയുന്നു. എന്നാല്‍ ആ സമയത്തൊക്കെ തിയറ്റര്‍ റിലീസിന് കാത്തിരിക്കാനായി പറഞ്ഞതും ധൈര്യം പകര്‍ന്നതും മമ്മൂട്ടിയാണെന്നും ആന്‍റോ പറയുന്നു. സിനിമയുടെ വിജയാഘോഷവുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത മാധ്യമ സമ്മേളനത്തിൽ അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്
ആന്‍റോ ജോസഫിന്റെ വാക്കുകളിലേക്ക്..
ഞാന്‍ പല പ്രാവശ്യങ്ങളായി ടെന്‍ഷന്‍ കയറുമ്പൊ മമ്മൂക്കയോട് ചോദിക്കും, ഒടിടി നല്ല വില പറയുന്നുണ്ട്, ഞാനൊന്ന് ആലോചിച്ചോട്ടെ എന്ന്. പക്ഷേ അപ്പോഴൊക്കെ മമ്മൂക്ക പറയും, നിനക്ക് ടെന്‍ഷന്‍ ആണെങ്കില്‍ ആലോചിക്ക്, പക്ഷേ നമ്മള്‍ അത് ചെയ്യുന്നത് ശരിയാണോ എന്ന്. ഈ ചോദ്യം ചോദിക്കുമ്പോള്‍ ഞാന്‍ ഒന്നുകൂടി പതറും. അപ്പൊ മമ്മൂക്ക പറയും, നീ ധൈര്യമായിട്ട് ഇരിക്ക്. സിനിമ ലൈവ് ആകുന്ന സമയം വരും. എത്രകാലം വെയ്റ്റ് ചെയ്യേണ്ടിവരും, ടെന്‍ഷന്‍ ഉണ്ട് എന്ന് ഞാന്‍ പറയും. അപ്പോഴും മമ്മൂക്ക പറയും, ഞാന്‍ കൂടെയുണ്ടല്ലോ ധൈര്യമായിട്ട് ഇരിക്ക് എന്ന്. ഈ സിനിമ നമ്മുടെ പ്രേക്ഷകര്‍ തിയറ്ററില്‍ തന്നെ കാണാനാണ് ആഗ്രഹിക്കുന്നത്. ഒടിടി സിനിമകള്‍ വരട്ടെ. ഒടിടിക്ക് കൊടുക്കാന്‍ വേണ്ടിയുള്ള സിനിമകള്‍ ഉണ്ടാവും. ഈ ചിത്രമൊക്കെ ഒരു തിയറ്റര്‍ എക്സ്പീരിയന്‍സ് ആണ് എന്നും. പിന്നെ എന്നോട് പറഞ്ഞു, ഒരു പുതുമുഖ സംവിധായകന്‍റെ പടമാണ്. പ്രേക്ഷകരുടെ കൈയടികള്‍ക്കൊപ്പം തിയറ്ററിലിരുന്ന് പടം കാണുന്നതായിരിക്കും അവന്‍റെ സന്തോഷമെന്ന്.
ഇതൊക്കെ കഴിഞ്ഞ് ഒരു മാസം കഴിയുമ്പൊ ഞാന്‍ വീണ്ടും ചോദിക്കും. ടെന്‍ഷനുണ്ട്. ഇനിയും വച്ചോണ്ടിരുന്നാല്‍ കുഴപ്പമാകുമോ എന്ന്. അപ്പോഴും നമ്മളെ ധൈര്യപ്പെടുത്തും. അങ്ങനെ മമ്മൂക്കയുടെ ഒരു പിന്‍ബലത്തിലാണ് കൊവിഡിനു ശേഷം പല രീതിയില്‍ ഇടപെട്ട് തിയറ്റര്‍ തുറക്കാനുള്ള സാഹചര്യം ഉണ്ടാക്കിത്തന്നത്. തിയറ്റര്‍ തുറന്നപ്പോഴും സെക്കന്‍ഡ് ഷോ ഇല്ലാതിരുന്നതിനാല്‍ പ്രഖ്യാപിച്ച റിലീസ് തീയതി മാറ്റിവെക്കേണ്ടിവന്നിട്ടുണ്ട്. പടം വരുമ്പോള്‍ ലാഭമായില്ലെങ്കിലും ബ്രേക്ക് ഈവന്‍ ആവണമെന്നായിരുന്നു ആഗ്രഹം. അപ്പോഴും മമ്മൂക്ക പറഞ്ഞത് കാത്തിരിക്കാനായിരുന്നു. മമ്മൂക്കയുടെ ഇടപെടല്‍ കൊണ്ട് സെക്കന്‍ഡ് ഷോ കിട്ടി. അതിനെല്ലാമുപരി മമ്മൂക്ക എനിക്കു തന്ന ധൈര്യമാണ് ചിത്രം തിയറ്ററില്‍ എത്തിക്കാന്‍ കാരണമായത്. അള്ലെങ്കില്‍ ഞാന്‍ മറിച്ചൊന്ന് ചിന്തിച്ചേനെ. ആ പുലി കൂടെയുള്ളതുകൊണ്ടാണ് സിനിമ തിയറ്ററില്‍ കൊണ്ടുവരാന്‍ ഞാന്‍ ധൈര്യം കാണിച്ചത്.
ഞങ്ങളെയെല്ലാം അമ്പരപ്പിക്കുന്ന ആരവമായിരുന്നു ഇന്നലെ തിയറ്ററുകളില്‍. സാധാരണ ഒരു സിനിമ റിലീസ് ചെയ്യുമ്പൊ 3 കോടി ഗ്രോസ്, 4 കോടി ഗ്രോസ് എന്നൊക്കെ പിറ്റേദിവസം എഴുതാറുണ്ട്. ഞാന്‍ ഈ സിനിമയ്ക്ക് അത് എഴുതാന്‍ തയ്യാറല്ല. കാരണം അത്രയ്ക്കും വലിയ ഷെയര്‍ ആണ് ഇന്നലെ വന്നിരിക്കുന്നത്. കൊവിഡിന് മുന്‍പുള്ള കളക്ഷന്‍ എന്താണോ അതിനു മുകളിലുള്ള കളക്ഷനാണ് 50 ശതമാനം ഒക്കുപ്പന്‍സിയില്‍ ഇന്നലെ വന്നിരിക്കുന്നത്.