ന്യൂ ഡൽഹിയുടെ രണ്ടാം ഭാഗം; സംവിധാനംആദ്യ ഭാഗത്തിന്റെ ക്യാമറ ചലിപ്പിച്ച ജയാനൻ വിൻസെന്റ്

മമ്മൂട്ടിയുടെ കരിയറിലെ തന്നെ നാഴികക്കല്ലായ ന്യൂ ഡൽഹി ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു.ചിത്രത്തിന് ക്യാമറ ചലിപ്പിച്ച ജയാനൻ വിൻസെന്റ് ആണ് ഇതിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യാൻ പോകുന്നത് . എം എ നിഷാദ് ആണ് ഈ വാർത്ത പുറത്ത് വിട്ടത് . ചിത്രത്തിന്റെ ഒന്നാം ഭാഗം
ഡെന്നിസ് ജോസഫും സംവിധാനം ചെയ്തത് ജോഷിയുമാണ്.

എം എ നിഷാദിന്റെ വാക്കുകൾ

ഇങ്ങനെ, ജയാനൻ വിൻസെന്റ്റും,ഒരു മാർ ഇവാനിയോസ് കാലവും. അങ്ങനെ ഒരു കാലത്തെ ചിത്രം കണ്ണിൽ പെട്ടത്, ഇന്ന് ഈ കൊറോണക്കാലത്തെ, അടുക്ക് ചിട്ടപ്പെടുത്തുകൾക്കിടയിലാണ്.

മലയാളത്തിലെ പ്രതിഭാധനരായ രണ്ട് കലാകാരന്മാർ, ജയാനൻ വിൻസെന്റ്റും, ഡെന്നീസ് ജോസഫും, അവരുടെയിടയിൽ ആത്മനിവൃതിയോടെ നിൽക്കുന്ന ഈയുളളവന്റ്റെ പടം മനു അങ്കിൾ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചെടുത്തതാണ്. തിരുവനന്തപുരത്തെ, സുന്ദരസുരഭിലമായ കാലം, മാർ ഇവാനിയോസ് എന്ന ഞങ്ങളുടെയൊക്കെ സ്വകാര്യ അഹങ്കാരമായ കലാലയത്തിലെ, സുവർണ്ണകാലമെന്നും വിശേഷിപ്പിക്കപെടേണ്ട കാലം. സിനിമയെന്ന സ്വപ്നം, ഒരു ഭ്രാന്തായി കൊണ്ട് നടക്കുന്ന കാലം.

അങ്ങനെയൊരു നാൾ, ഇവാനിയോസിന്റ്റെ അടുത്ത്, മണ്ണന്തലയിലെ ഒരു വലിയ വീട്ടിൽ മമ്മൂട്ടിയുടെ സിനിമ ഷൂട്ടിംഗ് നടക്കുന്നുണ്ട് എന്ന് എസ് എഫ് ഐ ക്കാരനായ എന്നെയറിയിക്കുന്നത്, കെ എസ് യു ക്കാരനായ കോശിയാണ്. അവനും ഒരു സിനിമാ പ്രാന്തൻ തന്നെ. ഞാനും, കോശിയും, മറ്റൊരു സുഹൃത്ത് പ്രശാന്തും കൂടി, എന്റ്റെ ബൈക്കിൽ, ട്രിപ്പിൾ അടിച്ച്, മണ്ണന്തലയിലെത്തുന്നു. നല്ല ജനക്കൂട്ടം, കാരണം അന്ന് അവിടെ മമ്മൂട്ടി ജോയിൻ ചെയ്യുന്ന ദിവസമാണ്. മണ്ണന്തലയിലെ വീട്ടിന്റ്റെ പരിസരത്ത്, ആൾക്കൂട്ടം കൂടി വരുന്നു. മമ്മൂട്ടിയെ ഒരു നോക്ക് കാണാൻ, ആവേശപൂർവ്വം, നിൽക്കുന്ന ജനങ്ങളുടെയിടയിലൂടെ അകത്ത് കടക്കാൻ അത്ര എളുപ്പമല്ല എന്ന് ഞങ്ങൾക്ക് മനസ്സിലായി. പെട്ടെന്ന് ഒരു കാർ വന്നിറങ്ങുന്നു.

കാറിനുളളിൽ നിന്നും സോമേട്ടൻ ഇറങ്ങുന്നു ( M G Soman) ആളുകൾക്ക് അദ്ദേഹത്തെ കണ്ട സന്തോഷം, ഡ്രൈവിംഗ് സീറ്റിൽ നിന്നിറങ്ങിയ ആളെ കണ്ട ജനക്കൂട്ടത്തിന്റ്റെ ഹർഷാരവങ്ങളിൽ പെട്ട ഞങ്ങൾ ഒരുപാട് പിറകിലോട്ട് പിന്തളളപ്പെട്ടു. മമ്മൂക്ക എന്നാർപ്പുവിളികൾ,അന്തരീക്ഷം ശബ്ദമുഖരിതമാക്കി. കൂളിംഗ് ഗ്ളാസ്സ് വെച്ച് സുസ്മേരവദനായി, എല്ലാവരേയും,കൈ വീശികാണിച്ച് മമ്മൂട്ടി അകത്തേക്ക് പോയി. വീടിന്റ്റെയുളളിൽ നിന്ന് രണ്ട് പേർ പുറത്തേക്ക് വന്നു. അവർ തമ്മിൽ എന്തൊക്കെയോ കാര്യമായി,സംസാരിക്കുന്നത് കണ്ട്,ആൾക്കൂട്ടത്തിനിടയിൽ നിന്നൊരു ചേട്ടൻ വേറൊരാളോട് തിരുവനന്തപുരം ഭാഷയിൽ ചോദിക്കുന്നു , ആരടേ ഇതിന്റ്റെ സംവിധായകൻ? അത് കേട്ട് മറ്റൊരാൾ, ഏവനോ എന്തോ. ജ്വാഷിയായിരിക്കും. നാനയും,ചലച്ചിത്രവും, ഫിലിംഫെയറും, ചിത്രഭൂമിയുമൊക്കെ അരച്ച് കലക്കി കുടിച്ച എന്നിലെ സിനിമാഭ്രാന്തന് അതത്രക്ക് ഇഷ്ടപ്പെട്ടില്ല. ഞാൻ പ്രതികരിച്ചു. വീടിന് പുറത്ത് നിന്ന് സംസാരിക്കുന്ന, രണ്ട് പേരെ ചൂണ്ടി കാണിച്ച് ഞാൻ പറഞ്ഞു, ആ പൊക്കമുളളയാളാണ് സംവിധായകൻ പേര് ഡെന്നീസ് ജോസഫ്, ന്യൂഡൽഹിയുടെയും, രാജാവിന്റ്റെ മകന്റ്റെയുമൊക്കെ തിരകഥാകൃത്ത്. പിന്നെ,ആ താടി വെച്ച്, കണ്ണാടിയുളള, കാവിമുണ്ടുടുത്ത്, നിൽക്കുന്നയാളാണ്, ഈ സിനിമയുടെ ക്യാമറാമാൻ, പേര് ജയാനൻ വിൻസെന്റ്റ്. പ്രശസ്ത സംവിധായകൻ എ വിൻസെന്റ്റ് സാറിന്റ്റെ മകൻ. ആൾക്കൂട്ടം എന്നെ അത്ഭുതത്തോടെ നോക്കി, എന്നെ ശ്രദ്ധിക്കാനും എന്റ്റെ സിനിമാ പരിജ്ഞാനം, വിളമ്പാനുളള അവസരമായി, ഞാനതിനെ കണ്ടു. എന്നും സിനിമയും,സിനിമാക്കാരും എല്ലാവർക്കും ഒരു കൗതുകമാണല്ലോ. ( ഇന്നങ്ങനെ അല്ലെങ്കിലും).

Noora T Noora T :