കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചു.
പ്രോസിക്യൂഷന്റെ ട്രാന്‍സ്ഫര്‍ പെറ്റിഷനുകളും പ്രോസിക്യുട്ടര്‍ ഹാജര്‍ ആകാത്തതിനാലുമാണ് സുപ്രീം കോടതി നിര്‍ദേശിച്ച സമയത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതെന്ന് പ്രത്യേക കോടതി ജഡ്ജി സുപ്രീം കോടതിക്ക് കൈമാറിയ കത്തില്‍ വ്യക്തമാക്കി. കത്ത് നാളെ ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. പ്രത്യേക വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് ജനുവരി 16ന് എഴുതിയ കത്ത് ഹൈക്കോടതിയിലെ രജിസ്ട്രാര്‍ ആണ് സുപ്രീം കോടതിക്ക് കൈമാറിയത്.
കഴിഞ്ഞ ഓഗസ്റ്റില്‍ സുപ്രീം കോടതി പുറത്തിറക്കിയ ഉത്തരവ് പ്രകാരം വിചാരണ കോടതിയിലെ നടപടികള്‍ ഫെബ്രുവരി ആദ്യ വാരം പൂര്‍ത്തിയാകേണ്ടതായിരുന്നു. എന്നാല്‍ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചു. ഈ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹ൪ജി വിചാരണ കോടതി തള്ളിയത്. 2017ല്‍ കൊച്ചിയില്‍ വെച്ച് പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റമാണ് നടന്‍ ദിലീപിന് മേല്‍ പ്രോസിക്യൂഷന്‍ ചുമത്തിയിരിക്കുന്നത്. കേസില്‍ സിനിമാ രംഗത്ത് നിന്നടക്കം നൂറിലധികം സാക്ഷികളുണ്ട്. കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിയുമായി ദിലീപിനുളള ബന്ധം സ്ഥാപിക്കാന്‍ സഹായിക്കുന്ന സാക്ഷികളെ താരം സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാണ് പ്രോസിക്യൂഷന്‍ വാദം.
പ്രധാന സാക്ഷികളായ വിപിന്‍ ലാല്‍, ജിന്‍സണ്‍ എന്നിവരെ ദിലീപ് ഭീഷണിപ്പെടുത്തി തനിക്ക് അനുകൂലമായി മൊഴി സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. അതുകൊണ്ട് തന്നെ ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാല്‍ ജാമ്യം റദ്ദാക്കണം എന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. മൊഴി മാറ്റാന്‍ തങ്ങള്‍ക്ക് നേരെ സമ്മര്‍ദ്ദമുണ്ടെന്ന് നേരത്തെ ജിന്‍സണും വിപിന്‍ലാലും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ മൊഴി മാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തി എന്നുളള സാക്ഷികളുടെ വാദം സംശയാസ്പദമാണെന്ന് ദിലീപ് കോടതിയില്‍ വാദിച്ചു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മൊഴി മാറ്റാന്‍ ശ്രമം നടത്തി എന്നാണ് സാക്ഷികള്‍ ആരോപിക്കുന്നത്. എന്നാല്‍ പരാതി നല്‍കുന്നത് ഒക്ടോബറില്‍ മാത്രമാണ്. ഇത് സംശയാസ്പദമാണ് എന്നാണ് ദിലീപ് വാദിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്നുളള പരാതി ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്നു. എന്നാല്‍ തെളിവ് കണ്ടെത്താന്‍ അന്വേഷണത്തില്‍ സാധിച്ചില്ലെന്നും ഈ സാഹചര്യത്തില്‍ തന്റെ ജാമ്യം റദ്ദാക്കണം എന്നുളള ഹര്‍ജി തളളണമെന്നും ദിലീപ് ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് ദിലീപിന്റെ ജാമ്യം തുടരാന്‍ വിചാരണക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറിയായ പ്രദീപ് കോട്ടത്തലയെ കേസിലെ സാക്ഷിയായ വിപിന്‍ ലാലിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രദീപ് വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തി മൊഴി മാറ്റാന്‍ ശ്രമിച്ചത് ദിലീപിന് വേണ്ടിയാണെന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്. കേസിലെ മുന്‍ പ്രോസിക്യൂട്ടര്‍ എ സുരേശനാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
അതിനിടെ കേസില്‍ അഡ്വ വി എന്‍ അനില്‍കുമാറിനെ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചിരുന്നു. മുന്‍ പ്രോസിക്യൂട്ടര്‍ എ സുരേശന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് അനിൽകുമാറിന്റെ നിയമനം. കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെയായിരുന്നു സുരേശൻ രാജിവെച്ചത്.