മറക്കാൻ കഴിയാത്ത അനുഭവങ്ങളും കഥകളും കൊണ്ട് എന്റെ ജീവിതം നിറയ്ക്കുകയാണിവർ; വീഡിയോ പങ്കിട്ട് മേതിൽ ദേവിക

അഭിനയത്തിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ് നർത്തകി മേതില്‍ ദേവിക. ബിഗ് സ്‌ക്രീനിലൂടെയാണ് അരങ്ങേറ്റം. ദേശീയ പുരസ്‌കാരം നേടിയ ‘മേപ്പടിയാൻ’ ചിത്രത്തിന്റെ സംവിധായകനായ വിഷ്ണു മോഹന്റെ പുതിയ ചിത്രമായ ‘കഥ ഇന്നുവരെ’യിൽ ആണ് മേതിൽ ദേവിക ആദ്യമായി അഭിനേത്രിയുടെ വേഷമണിയുന്നത്

ഇപ്പോഴിതാ ആദ്യമായി അഭിനയിക്കുന്ന സിനിമയ്ക്കു വേണ്ടി തന്നെ അണിയിച്ചൊരുക്കുന്ന മേക്കപ്പ് ടീമിനെ പരിചയപ്പെടുത്തിയിരിക്കുകയാണ്. ആദ്യസിനിമയിലേക്ക് തന്നെ അണിയിച്ചൊരുക്കുന്നവർ തനിക്ക് വെറും സപ്പോർട്ട് ടീം മാത്രമല്ല മറിച്ച് സിനിമയുടെ സെറ്റിലുണ്ടായിരുന്ന സമയം മുഴുവൻ കഥകളും പുതിയ അനുഭവങ്ങളുമായി തന്റെ ജീവിതം മനോഹരമാക്കിയവരാണെന്ന് താരം കുറിച്ചു.

‘‘ഇവരാണ് ‘കഥ ഇന്നുവരെ’യിലെ എന്റെ സപ്പോർട്ട് ടീം. ഇവർ എന്നെ ക്യാമറയ്ക്ക് മുന്നിലെത്തിക്കാൻ തയ്യാറാക്കുക മാത്രമല്ല ചെയ്യുന്നത് ക്യാമറക്ക് പുറത്ത് ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവങ്ങളും കഥകളും കൊണ്ട് എന്റെ ജീവിതം നിറയ്ക്കുകയാണിവർ. സുധി, ജിത്തു, ഗീതു, ജയന്ത്, അഭിജിത്ത് എന്നിവർക്കൊപ്പമുള്ള മനോഹരമായ നിമിഷങ്ങളിൽ പകർത്തിയ ചിത്രമാണിത്.”

സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ‘കൊച്ചു കൊച്ചു സന്തോഷങ്ങളിലെ’ നായിക എന്ന വലിയ സന്തോഷം പോലും വേണ്ടെന്ന് വച്ച് സിനിമയിലേക്ക് ഒരിക്കലും വരില്ല എന്ന് പ്രഖ്യാപിച്ചിരുന്ന നർത്തകിയാണ് മേതിൽ ദേവിക. പതിമൂന്നാം വയസ്സ് മുതൽ നിരവധി പ്രതിഭാധനന്മാരായ സംവിധായകരുടെ ക്ഷണം നിരസിച്ച താരമാണ് ഇപ്പോൾ ഒരു ഇളമുറക്കാരനായ സംവിധായകന്റെ കഠിന പരിശ്രമത്തിനൊടുവിൽ ബിഗ് സ്‌ക്രീനിൽ എത്തുന്നത്. നാൽപത്തിയാറാം വയസ്സിൽ ബിജു മേനോന്റെ നായികയായാണ് േമതിൽ ദേവികയുടെ അരങ്ങേറ്റം.

നര്‍ത്തകിയായി ലോകം അറിയുന്ന കാലം മുതലേ സിനിമയില്‍ നിന്നുള്ള അവസരങ്ങള്‍ അവരെ തേടിയെത്തിയിരുന്നുവെങ്കിലും, അഭിനേത്രിയായല്ല, ഡാന്‍സറായി മുന്നേറാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു അവര്‍. കാലങ്ങള്‍ക്ക് ശേഷം ദേവിക ഇപ്പോള്‍ തന്റെ തീരുമാനം മാറ്റിയിരിക്കുന്നത്

നൃത്തം ജീവവായുവായതിനാല്‍ അതുമായി മുന്നോട്ട് പോകാനാണ് ദേവിക തീരുമാനിച്ചത്. എന്നാല്‍ വിഷ്ണു മോഹന്റെ നിര്‍ബന്ധത്തിന് മുന്നിൽ ദേവിക തീരുമാനം മാറ്റുകയായിരുന്നു. ഡാന്‍സ് പ്രാക്ടീസും പരിപാടികളെയുമൊന്നും ബാധിക്കാത്ത തരത്തിലാണ് സിനിമയുടെ ചിത്രീകരണം പ്ലാന്‍ ചെയ്തിട്ടുള്ളത്. അതാണ് താൻ സിനിമ ചെയ്യാൻ സമ്മതം മൂളിയതെന്ന് അഭിമുഖത്തിൽ ദേവിക വ്യക്തമാക്കി. ഒരു വർഷത്തോളം ചിത്രവുമായി വിഷ്ണു തന്റെ പുറകെ നടന്നെന്നും, മനസിലുള്ള നായിക താൻ മാത്രമാണെന്ന് ബോധ്യപ്പെടുത്താനും വിഷ്ണുവിനായെന്നും ദേവിക പറഞ്ഞു. സിനിമാലോകവും പ്രേക്ഷകരും ഇരുകൈയ്യും നീട്ടി സ്വാഗതം ചെയ്തിരിക്കുകയാണ് ദേവികയെ. ഊര്‍മ്മിള ഉണ്ണിയടക്കം സിനിമാ മേഖലയിലുള്ളവർ ദേവികയ്ക്ക് ആശംസകൾ അറിയിച്ച് എത്തിയിട്ടുണ്ട്. അക്കാദമിക് മേഖലയിലും നൃത്തത്തിലെയും പോലെ അഭിനയത്തിലും സ്വതസിദ്ധമായ സ്ഥാനം നേടിയെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയുമെന്നാണ് എല്ലാവരും ആശംസിക്കുന്നത്.

Noora T Noora T :