വോൾവോയുടെ സെഡാൻ എസ് 90 സ്വന്തമാക്കി സംവിധായകനും ബിഗ്ബോസ് ജേതാവുമായ അഖിൽ മാരാർ. പുതിയ വാഹനത്തിന്റെ സന്തോഷം അഖിൽ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.
പുതിയ കാറിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ച് ‘യാത്രകൾ എന്നും സുരക്ഷിതമായിരിക്കട്ടെ എന്നാണ് കുറിച്ചത്
വോൾവോ എസ് 90യുടെ 2020 മോഡൽ ഡീസൽ പതിപ്പാണ് അഖിൽ മാരാരുടെ പുതിയ കാർ. രണ്ടു ലീറ്റർ ഡീസൽ എൻജിൻ ഉപയോഗിക്കുന്ന കാറിന് 190 ബിഎച്ച്പി കരുത്തും 400 എൻഎം ടോർക്കുമുണ്ട്. വോൾവോയുടെ പ്രീമിയം എസ് 80ക്ക് പകരക്കാരനായി 2016 ലാണ് എസ് 90 വിപണിയിലെത്തുന്നത്. സ്പോർട് യൂട്ടിലിറ്റി വാഹനമായ എക്സ് സി 90 പ്ലാറ്റ്ഫോമിലാണു വോൾവോ സെഡാനായ എസ് 90 നിർമാണം.
മുൻപ് രണ്ടു ലീറ്റർ, ഡി ഫോർ ഡീസൽ എൻജിൻ മോഡലുണ്ടായിരുന്നെങ്കിൽ നിലവിൽ പെട്രോൾ മൈല്‍ഡ് ഹൈബ്രിഡ് എൻജിൻ മാത്രമായാണ് വിപണിയിലെത്തുന്നത്. രണ്ടു ലീറ്റർ പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 250 ബിഎച്ച്പി കരുത്തും 350 എൻഎം ടോർക്കുമുണ്ട്. 100 കിലോമീറ്റർ വേഗത്തിലെത്താൻ 6.9 സെക്കൻഡ് മാത്രം മതി. 67.90 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില.