മഞ്ജു വാര്യർ ചെയ്തത് പോലുള്ള കഥാപാത്രമാണിതെന്നാണ് സത്യേട്ടൻ സൂചന തന്നത്, ദിലീപ് പിന്മാറിയപ്പോൾ നടന്നത്

മലയാളികളുടെ ജനപ്രിയ താരമാണ് ദിലീപ്. ഇടവേളയ്ക്ക് ശേഷം നടന്റെ പുതിയ ചിത്രം വോയ്സ് ഓഫ് സത്യനാഥൻ റിലീസിന് തയ്യാറെടുകുകയാണ്

കരിയറിൽ തിരക്കുള്ള സമയത്ത് ദിലീപ് നിരസിച്ച സിനിമകളും കുറവല്ല. നടൻ വേണ്ടെന്ന് വെച്ച സിനിമകളിൽ ഒന്ന് സംവിധായകൻ സത്യൻ അന്തിക്കാടിന്റേതാണ്. സിനിമയുടെ ചർച്ചകൾ നടക്കവെ ദിലീപ് പിൻമാറുകയായിരുന്നു. ഇതോടെ കഥയിൽ മാറ്റം വരുത്തി സത്യൻ അന്തിക്കാട് മറ്റൊരു സിനിമ ചെയ്തു. അങ്ങനെയാണ് 2012 ൽ പുതിയ തീരങ്ങൾ എന്ന സിനിമ പിറക്കുന്നത്. അന്ന് നടന്ന സംഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം.

ദിലീപിനെ നായകനായി കണ്ടാണ് സിനിമയുടെ ചർച്ചകൾ നടന്നത്. അതിന് മുമ്പ് സത്യൻ അന്തിക്കാട് ദിലീപിനെ നായകനാക്കി ഒരു സിനിമ ചെയ്തിട്ടുണ്ട്. എന്റെയും സത്യേട്ടന്റെയും കോംബിനേഷനിൽ ദിലീപ് തന്നെ നായകനാകട്ടെ എന്ന് തീരുമാനിച്ചു. ദിലീപും ഹാപ്പിയായിരുന്നു. അന്ന് പുതിയ തീരങ്ങളെന്ന് പേര് ഇട്ടിട്ടില്ല. തീരദേശത്ത് നടക്കുന്ന കഥയായാണ് ആലോചിച്ചത്. പലിശക്കാരനായ അച്ഛൻ മകനായാണ് ദിലീപിന്റെ കഥാപാത്രത്തെ സങ്കൽപ്പിച്ചത്.

കടലിൽ പോകുന്ന സ്ത്രീയാണ് നായിക. ഈ സ്ത്രീയെ ദിലീപ് വിവാഹം കഴിച്ച് വീട്ടിലേക്ക് കൊണ്ട് വരുന്നതാണ് കഥ. കഥയുടെ ഏകദേശ രൂപമായപ്പോൾ ഡേറ്റ് ലഭിക്കാൻ വേണ്ടി ആന്റോ ജോസഫ് ദിലീപുമായി സംസാരിച്ചു. എന്തൊക്കെയോ അഭിപ്രായ വ്യത്യാസങ്ങൾ ആന്റോ ജോസഫും ദിലീപും തമ്മിലുണ്ടായെന്ന് ബെന്നി പി നായരമ്പലം പറയുന്നു.

പ്രൊജക്ട് മുന്നോട്ട് പോകില്ലെന്ന് തോന്നിയപ്പോൾ സത്യേട്ടൻ ദിലീപിനെ നായകനാക്കുന്നതിന് പകരം നായികാ പ്രാധാന്യമുള്ള കഥയായി മാറ്റി ചിന്തിച്ചാലോ എന്ന് ചോദിച്ചു. ദിലീപും ഞാനുമായി അടുത്ത ബന്ധമാണ്. ശമ്പളത്തിന്റെ കാര്യത്തിലുള്ള അഭിപ്രായ വ്യത്യാസം ആയിരുന്നു. ദിലീപ് അതേക്കുറിച്ച് എന്നോട് സംസാരിച്ചപ്പോൾ ഞാൻ ഇടപെടുന്നില്ല, നിങ്ങൾ തന്നെ സംസാരിച്ച് തീർക്കാൻ പറഞ്ഞെന്നും ബെന്നി പി നായരമ്പലം വ്യക്തമാക്കി.

ആദ്യം ചിന്തിച്ച കഥയിലെ നായികയുടെ കഥാപാത്രം മാത്രം എടുത്ത് മറ്റൊരു രീതിയിൽ കഥ മാറ്റി. കഥയിൽ അച്ഛൻ കഥാപാത്രമായി ജഗതി ശ്രീകുമാറിനെയാണ് ആലോചിച്ചത്. ജഗതി ചേട്ടൻ സമ്മതിച്ചു. തിരക്കഥ എഴുതിക്കൊണ്ടിരിക്കുന്ന സമയത്താണ് ജഗതി ചേട്ടൻ കാറപടത്തിൽ പെട്ട് സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥയിലേക്ക് മാറുന്നത്. അതേറ്റവും കൂടുതൽ ബാധിച്ചത് ഞങ്ങളെയും കൂടിയാണ്. ജഗതി ചേട്ടന് പകരം ആരെന്ന ചോദ്യത്തിൽ നിന്നാണ് നെടുമുടി വേണുവിലേക്ക് എത്തുന്നതെന്നും ബെന്നി പി നായരമ്പലം പറയുന്നു.

നായിക കരുത്തുള്ള കഥാപാത്രമാണ്. പണ്ട് മഞ്ജു വാര്യർ ചെയ്തത് പോലുള്ള കഥാപാത്രമാണിതെന്നാണ് സത്യേട്ടൻ സൂചന തന്നത്. പുതുമുഖ നടിയെ അവതരിപ്പിക്കാം എന്ന് ആലോചന വന്നു. അന്യഭാഷാ നടിമാരെ നോക്കി. ഒരു ദിവസം ആന്റോ ജോസഫാണ് നമിത പ്രമോദിനെക്കുറിച്ച് പറയുന്നത്. കുമരകം രഘുനാഥന്റെ സഹോദരന്റെ മകളാണെന്നും പറഞ്ഞു. അദ്ദേഹവുമായി നല്ല എനിക്ക് നല്ല ബന്ധമാണ്. അങ്ങനെ നമിത പ്രമോദിനെ ഓഡിഷന് വിളിച്ചു. ഒറ്റ നോട്ടത്തിൽ തന്നെ നടിയെ ഏവർക്കും ഇഷ്ടപ്പെട്ടെന്നും ബെന്നി പി നായരമ്പലം ഓർത്തു

Noora T Noora T :