ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലെ ശക്തയായ മത്സരാർത്ഥി ആയിരുന്നു നാദിറ മെഹ്റിൻ. ടിക്കറ്റ് ടു ഫിനാലെ ഏറ്റവും നന്നായി കളിച്ച് നേടുകയും ചെയ്ത താരത്തിന് ബിഗ് ബോസിൽ പങ്കെടുത്തശേഷം കുടുംബത്തെ തിരിച്ച് കിട്ടി. നജീബിൽ നിന്നും നാദിറയിലേക്ക് മാറാനുള്ള തീരുമാനം എടുത്തപ്പോഴാണ് കുടുംബത്തെ താരത്തിന് ഉപേക്ഷിക്കേണ്ടി വന്നത്.
ഇപ്പോഴിതാ ബിഗ്ബോസ് വിജയി അഖില്‍ മാരാര്‍ നാദിറയെയും കുടുംബത്തെയും സന്ദര്‍ശിച്ചിരിക്കുന്നു. അഖില്‍ മാരാരും നാദിറയും നാദിറയുടെ ഉപ്പയും ഉമ്മയും ഒന്നിച്ച് നില്‍ക്കുന്ന ചിത്രം നാദിറ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. അഖിലേട്ടനും എന്‍റെ കുടുംബത്തിനൊപ്പമുള്ള അവിസ്മരണീയമായ നിമിഷങ്ങള്‍ എന്നാണ് ചിത്രത്തിന് നാദിറ നല്‍കിയ തലക്കെട്ട്.
നേരത്തെ മാതൃദിനത്തിൽ ബിഗ് ബോസിനകത്ത് വച്ചെഴുതിയ കത്ത് ഉമ്മയ്ക്ക് നേരിട്ട് കൊടുത്ത സന്തോഷം നാദിറ പങ്കുവച്ചിരുന്നു. കയ്യിൽ കത്തുമായി ഇരിക്കുന്ന ഉമ്മയുടെ ഫോട്ടോയും നാദിറ ഷെയർ ചെയ്തിട്ടുണ്ട്. അതോടൊപ്പം ബിഗ് ബോസ് ഹൗസിൽ നിന്നും കൊണ്ടുവന്ന ചില സാധനങ്ങളും ഫോട്ടോയിൽ കാണാം.
അതേ സമയം ബിഗ്ബോസ് വിജയത്തിന് ശേഷം വിവിധയിടങ്ങളില്‍ സന്ദര്‍ശനത്തിലാണ് അഖില്‍ മാരാര്‍. കൊല്ലം സുധിയുടെ വിയോഗത്തിന് കാരണമായ കാറപകടത്തിൽ പരിക്കേറ്റ മിമിക്രി കലാകാരന്‍ മഹേഷ് കുഞ്ഞുമോനെ കാണാന്‍ അഖില്‍ എത്തിയിരുന്നു. നിലവിൽ ആരോഗ്യം വീണ്ടെടുത്ത് കൊണ്ടിരിക്കയാണ് മഹേഷ്.