അവൻ ചിരിക്കുമ്പോൾ ശ്രദ്ധിച്ചിട്ടുണ്ടോ, മുഖത്തൊരു കുഴിയുണ്ടാവും… ആ കുഴി ഇവിടെ തന്നിട്ടാ അവൻ പോയത്; ബിനു അടിമാലി

കൺമുന്നിൽ നിന്നും പ്രിയചങ്ങാതി മരണത്തിലേക്ക് പോയതിന്റെ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല ബിനു അടിമാലിയെ.

കൊല്ലം സുധിയുടെ ജീവൻ കവർന്ന ആ അപകടത്തിൽ തൊട്ടു പിറകിലെ സീറ്റിലായി ബിനു അടിമാലിയും ഉണ്ടായിരുന്നു. അപകടത്തിൽ ബിനുവിനും മുഖത്ത് സാരമായ പരുക്കേറ്റിട്ടുണ്ട്. അപകടത്തെ തുടർന്ന് മുഖത്ത് ഒരു കുഴിയും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സുധി പോയതിനു ശേഷം ആദ്യമായി സ്റ്റാർ സിംഗർ വേദിയിലെത്തിയപ്പോൾ ബിനു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ കാഴ്ചക്കാരുടെ കണ്ണു നനയിപ്പിക്കുന്നത്.

“അവൻ ചിരിക്കുമ്പോൾ ശ്രദ്ധിച്ചിട്ടുണ്ടോ, മുഖത്തൊരു കുഴിയുണ്ടാവും. ആ കുഴി ഇവിടെ തന്നിട്ടാ അവൻ പോയത്,” ബിനു പറയുന്നു.

അതിന് പിന്നാലെ സ്ട്സ്റ്റാർ മാജിക്കിലെ കൊല്ലം സുധിയുടെ ചിത്രങ്ങൾ കോർത്തിണക്കിയ ഒരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

ചിരി മാഞ്ഞ് കൊല്ലം സുധി കടന്ന് പോയതിന് ശേഷം ആദ്യമായി സ്റ്റാർ മാജിക് വേദിയിലെത്തിയ ബിനു അടിമാലിയെ കണ്ട് പലർക്കും കണ്ണീരടക്കാനായില്ല. സ്റ്റാർ മാജിക്ക് വേദിയിലേക്ക് ഇടറുന്ന കാലുമായാണ് ബിനു അടിമാലി എത്തിയത്. ചിരിയുടെ മാലപ്പടക്കം പൊട്ടിയിരുന്ന ഫ്ലോറിൽ അപകടത്തെ കുറിച്ച് വിവരിച്ചപ്പോൾ കണ്ടു നിന്നവർ കണ്ണീരണിഞ്ഞു. സ്റ്റാർ മാജിക്കിലൂടെ കൊല്ലം സുധി ഇനിയും ജീവിക്കുമെന്നാണ് അപകടത്തിൽ പരുക്കേറ്റ ബിനു അടിമാലിക്ക് പറയാനുള്ളത്. സ്റ്റുഡിയോയിലെത്തിയ ബിനു പലപ്പോഴും ചിന്തയിലാണ്ടു പോയി.

ഉരുളക്കുപ്പേരി പോലെ മറുപടി പറഞ്ഞ് ശീലിച്ച അയാൾ അവിടെ എവിടക്കൊയോ തന്റെ പ്രിയ കൂട്ടുകാരനെ തെരഞ്ഞു. തമാശകൊണ്ടു സദസിനെ ചിരിപ്പിച്ചവർക്ക് പല തവണ കട്ട് പറയേണ്ടിവന്നു. മറന്നിട്ടു വേണ്ടേ ഓർക്കാൻ എന്നായിരുന്നു കൊല്ലം സുധിയെ കുറിച്ച് ബിനു അടിമാലിയുടെ കമന്റ്. അപകടത്തെ കുറിച്ചും താൻ അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകളെ കുറിച്ചുമൊക്കെ താരം വേദിയിൽ സംസാരിച്ചു. സത്യം പറഞ്ഞാൽ വട്ടിനുള്ള മരുന്ന് കഴിക്കേണ്ട അവസ്ഥയിൽ നിൽക്കുവാണെന്നും ബിനു തന്റെ തനത് ശൈലിയിൽ പറഞ്ഞു

വർഷങ്ങളായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നവരാണ് ബിനുവും സുധിയും. സുധിയുടെ അവസാനത്തെ സ്റ്റേജ് ഷോയും ബിനുവിനൊപ്പമായിരുന്നു. മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷന്റെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തപ്പോഴും സുധിയെ കുറിച്ചാണ് ബിനു കൂടുതലും സംസാരിച്ചത്.

Noora T Noora T :