മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട രണ്ട് താരങ്ങളാണ് മാമൂക്കോയയും ഇന്നസെന്റും. ഇന്നസെന്റിന് പിന്നാലെ മാമുക്കോയയും ഈ ലോകത്ത് നിന്ന് വിടവാങ്ങിയിരിക്കുകയാണ്.
ഇന്നസെന്റിന്റെ മകനും പേരക്കുട്ടിയും മാമുക്കോയയുടെ ഭൗതിക ശരീരം കാണാനെത്തിയത് നൊമ്പര കാഴ്ചയായി മാറിയിരിക്കുകയാണ്. ഇടവേള ബാബുവിനൊപ്പമാണ് ഇന്നസന്റിന്റെ മകൻ സോണറ്റും ചെറുമകൻ ഇന്നസന്റ് ജൂനിയറും ചിരിയുടെ സുൽത്താനെ അവസാനമായി ഒരുനോക്ക് കാണാന്‍ കോഴിക്കോട് എത്തിയത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ഹാസ്യതാരങ്ങളിൽ പ്രധാനികളായ ഇന്നസെന്റും മാമുക്കോയയും ഒരു മാസത്തെ ഇടവേളയിലാണ് വിടപറഞ്ഞത്. കഴിഞ്ഞ മാർച്ച് 26നാണ് മലയാളികളെ കണ്ണീരിലാഴ്ത്തി ഇന്നസന്റ് വിടപറയുന്നത്.
ഇന്നസന്റ് തൃശൂർ ഭാഷയിൽ സിനിമയിൽ അരങ്ങു തകർത്തപ്പോൾ കോഴിക്കോടൻ നാട്ടു ശൈലിയിൽ മലയാളികളുടെ മനം കവരുകയായിരുന്നു മാമുക്കോയ. തങ്ങളുടെ പ്രിയപ്പെട്ട പിതാവിന്റെ വേർപാടിന്റെ വേദനയിൽ നിന്നും ഇനിയും കരകയറാൻ കഴിഞ്ഞിട്ടില്ലാത്ത ഇന്നസെന്റിന്റെ കുടുംബം സുഹൃത്തും മലയാളികളുടെ പ്രിയതാരവുമായ മാമുക്കോയയുടെ അന്ത്യയാത്രയിൽ പങ്കുകൊള്ളാനെത്തിയത് ചുറ്റുമുള്ളവരിൽ കണ്ണീർ പടർത്തി.