പഴയൊരു സെലിബ്രിറ്റിയുടെ വിഷുക്കാലത്തിന്റെ ഓർമ പങ്കുവച്ച് ഫൊട്ടോഗ്രാഫർ ചിത്ര കൃഷ്ണൻകുട്ടി; താരങ്ങളെ മനസ്സിലായോ?

വീണ്ടുമൊരു വിഷുക്കാലം വന്നെത്തിയിരിക്കുകയാണ്. കണിയൊരുക്കിയും കൈനീട്ടം നല്‍കിയും വിഷു ആഘോഷമാക്കുകയാണ് മലയാളികള്‍. സിനിമാലോകവും വിഷു ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ്. വിഷുവിന് മുന്നോടിയായി കൈനിറയെ സിനിമകളാണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്തിട്ടുള്ളത്.

ഇപ്പോഴിതാ പഴയൊരു സെലിബ്രിറ്റിയുടെ വിഷുക്കാലത്തിന്റെ ഓർമ പങ്കുവച്ച് ഫൊട്ടോഗ്രാഫർ ചിത്ര കൃഷ്ണൻകുട്ടി. ചലച്ചിത്രതാരം രാധയും അന്നത്തെ ചൈൽഡ് സൂപ്പർസ്റ്റാർ ശാലിനിയുമാണ് ചിത്രത്തിൽ. ലളിതമായ വിഷുക്കണിയും അതിലും ലളിതമായി അണിഞ്ഞൊരുങ്ങിയ താരങ്ങളും അന്നത്തെ കാലത്തിന് മാത്രം അവകാശപ്പെട്ടതാണെന്ന് ചിത്ര കൃഷ്ണൻകുട്ടി പറയുന്നു.

“രാധയ്ക്കൊപ്പം വിഷുക്കണി കണ്ടു കൈകൂപ്പി നിൽക്കുന്ന ശാലിനിയുടെ ചിത്രം എടുത്തപ്പോൾ ഓർത്തില്ല, ഈ കുട്ടി പിന്നീട് വലിയ നടിയാകുമെന്നും തെന്നിന്ത്യയിലെ സൂപ്പർതാരത്തിന്റെ ജീവിതപങ്കാളിയാകുമെന്നും,” ചിത്ര കൃഷ്ണൻകുട്ടി തന്റെ ഫ്രെയിമിലെ താരങ്ങളെക്കുറിച്ച് വാചാലനായി. അന്ന് ജോലി ചെയ്തിരുന്ന സിനിമാ മാസികയിൽ വിഷു സ്പെഷൽ ആയി പ്രസിദ്ധീകരിക്കാനാണ് ചിത്രമെടുത്തത്. വർഷങ്ങൾക്കു ശേഷം ആ ഫോട്ടോ കാണുമ്പോൾ അദ്ഭുതം തോന്നുന്നു. ഇത്ര ലളിതമായൊരു സെലിബ്രിറ്റി വിഷുപ്പടം ഇനിയുണ്ടാകില്ല, ചിത്ര കൃഷ്ണൻകുട്ടി പറഞ്ഞു.

Noora T Noora T :