അച്ഛനായ സന്തോഷ പങ്കുവെച്ച് സംവിധായകന് ബേസില്‍ ജോസഫ്. ആശുപത്രിയില്‍ നിന്ന് ഭാര്യ എലിസബത്ത് സാമുവലിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചുകൊണ്ടാണ് ബേസില്‍ സന്തോഷ വര്‍ത്തമാനം അറിയിച്ചത്. പെണ്‍കുഞ്ഞിന് ഹോപ്പ് എലിസബത്ത് ബേസില്‍ എന്നാണ് പേരിട്ടിരിക്കുന്നത്.
ഞങ്ങളുടെ സന്തോഷത്തിന്റെ ഈ പൊതിക്കെട്ട് കടന്നുവന്നിരിക്കുന്ന വിവരം ആവേശപൂര്‍വ്വം അറിയിക്കുകയാണ്. ഹോപ്പ് എലിസബത്ത് ബേസില്‍! ഞങ്ങളുടെ ഹൃദയങ്ങള്‍ ഇതിനകം തന്നെ അവള് മോഷ്ടിച്ചു കളഞ്ഞു. അവളോടുള്ള സ്നേഹത്താല്‍ മതിമറന്ന അവസ്ഥയിലാണ് ഞങ്ങള്‍. അവള് വളര്‍ന്നു വരുന്നത് കാണാനും ഓരോദിനവും അവളില്‍ നിന്ന് പഠിക്കാനുമായി കാത്തിരിക്കുകയാണ് ഞങ്ങള്‍, ചിത്രത്തിനൊപ്പം ബേസില്‍ കുറിച്ചു

ചുരുങ്ങിയ കാലംകൊണ്ടുതന്നെ നടനായും സംവിധായകനായുമൊക്കെ മലയാള സിനിമയെ കയ്യിലെടുക്കാൻ സാധിച്ച താരമാണ് ബേസിൽ ജോസഫ്. ഇതുവരെ മൂന്ന് സിനിമകളെ സംവിധാനം ചെയ്തിട്ടുള്ളുവെങ്കിലും മൂന്നും ഒന്നിനൊന്ന് കയ്യടി നേടിയ ചിത്രങ്ങൾ. മിന്നല്‍ മുരളിയാണ് അവസാനം ബേസിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം.