ഹോളിവുഡ് നടന്‍ റോബര്‍ട്ട് കോര്‍മിയര്‍ അന്തരിച്ചു; മരണകാരണം പുറത്ത് വിടാതെ ബന്ധുക്കള്‍

ഹാര്‍ട്ട്‌ലാന്‍ഡ് എന്ന കുടുംബ നാടക പരമ്പരയില്‍ ഫിന്‍ കോട്ടറായി അഭിനയിച്ച ഹോളിവുഡ് നടന്‍ റോബര്‍ട്ട് കോര്‍മിയര്‍ അന്തരിച്ചു. 33 വയസ്സായിരുന്നു. മരണകാരണം ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

എന്നാല്‍ വീഴ്ചയില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് ഒന്റാറിയോയിലെ എറ്റോബിക്കോക്കിലെ ആശുപത്രിയില്‍ വച്ചാണ് അദ്ദേഹം മരണമടഞ്ഞതെന്ന് കോര്‍മിയറിന്റെ സഹോദരി സ്‌റ്റെഫാനി ദി ഹോളിവുഡ് റിപ്പോര്‍ട്ടറോട് പറഞ്ഞു.

റോബര്‍ട്ട് കോര്‍മിയറുടെ വിയോഗത്തെക്കുറിച്ച് അറിഞ്ഞതില്‍ ഞങ്ങള്‍ക്ക് അതിയായ ദുഃഖമുണ്ട്. കഴിഞ്ഞ രണ്ട് സീസണുകളില്‍ അദ്ദേഹം ‘ഹാര്‍ട്ട്‌ലാന്‍ഡ്’ കാസ്റ്റിലെ പ്രിയപ്പെട്ട അംഗമായിരുന്നു. ‘ഹാര്‍ട്ട്‌ലാന്‍ഡ് അഭിനേതാക്കളുടെയും അണിയറപ്രവര്‍ത്തകരുടെയും പേരില്‍ അനുശോചനം അറിയിക്കുന്നു.

ഞങ്ങളുടെ ചിന്തകള്‍ ഈ ദുഷ്‌കരമായ സമയത്ത് സ്വകാര്യത ആവശ്യപ്പെട്ട അദ്ദേഹത്തിനും കുടുംബത്തിനും ഒപ്പമാണ്.’ ഹാര്‍ട്ട്‌ലാന്‍ഡിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

നെറ്റ്ഫ്‌ലിക്‌സ് സീരീസായ സ്ലാഷറില്‍ കിറ്റ് ജെന്നിംഗിനെ അവതരിപ്പിച്ചതിലും കോര്‍മിയര്‍ പ്രശസ്തനാണ്, റാന്‍സം, അമേരിക്കന്‍ ഗോഡ്‌സ് എന്നിവയില്‍ അതിഥി വേഷങ്ങള്‍ ചെയ്തു.

Vijayasree Vijayasree :