നികുതി തട്ടിപ്പുകേസ്; കൊളംബിയന്‍ പോപ് ഗായിക ഷക്കീറയെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കി കോടതി

ബാര്‍സിലോന നികുതി തട്ടിപ്പുകേസില്‍ കൊളംബിയന്‍ പോപ് ഗായിക ഷക്കീറയെ (45) വിചാരണ ചെയ്യാന്‍ സ്‌പെയിനിലെ കോടതി അനുമതി നല്‍കി. വിചാരണത്തീയതി തീരുമാനിച്ചിട്ടില്ല.

2012-14 ല്‍ ഷക്കീറ നേടിയ വരുമാനത്തിന് 1.45 കോടി യൂറോ (ഏകദേശം 113 കോടി രൂപ) നികുതി അടച്ചില്ലെന്നാണു കേസ്. നികുതി വെട്ടിപ്പു നടത്തിയതായി കണ്ടെത്തിയാല്‍ 8 വര്‍ഷം തടവും പിഴയുമാണ് പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. ഈ കാലയളവില്‍ പങ്കാളിയായിരുന്ന പീക്കേയ്‌ക്കൊപ്പം ഷക്കീറ സ്‌പെയിനിലാണ് താമസിച്ചിരുന്നത്.

വിഷയം സംസാരിച്ച് ഒത്തുതീര്‍പ്പാക്കാന്‍ കോടതി അവസരം നല്‍കിയെങ്കിലും ഷക്കീറ നിരസിക്കുകയും വിചാരണ നേരിടാന്‍ തയാറാണെന്ന് അറിയിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍, ആരോപണം ഷക്കീറ നിഷേധിച്ചു. അടയ്ക്കാനുള്ള തുകയ്ക്കു പുറമേ പലിശയായി 2.8 ദശലക്ഷം ഡോളര്‍ അടച്ചതായി അവരുടെ അഭിഭാഷകന്‍ പറഞ്ഞു.

ഷക്കീറ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ ഈ വിഷയം നിയമത്തിനു വിടുന്നു എന്നാണ് ഷക്കീറയുടെ പിആര്‍ സ്ഥാപനം അറിയിച്ചത്. സ്പാനിഷ് ടാക്‌സ് ഏജന്‍സി ആവശ്യപ്പെട്ട നികുതിപ്പണം ഷക്കീറ അടച്ചിട്ടുണ്ടെന്നും അതില്‍ ഇനി കടമൊന്നുമില്ലെന്നും അവര്‍ വ്യക്തമാക്കി.

Vijayasree Vijayasree :