തെന്നിന്ത്യയില്‍ ഏറെ പ്രശസ്തനായ സംവിധായകനാണ് ആറ്റ്ലി. തമിഴ് ചിത്രങ്ങളിലൂടെ സിനിമ പ്രേമികളുടെ ഇഷ്ടം പിടിച്ചു പറ്റിയ ആറ്റ്ലി തന്റെ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. ഷാരൂഖ് ഖാന് നായകനായി എത്തുന്ന ജവാന് അണിയറയില്‍ ഒരുങ്ങുകയാണ്. അതേസമയം ജവാന് സംവിധായകന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. 36ാം പിറന്നാള്‍ ആയിരുന്നു സംവിധായകന് ആഘോഷിച്ചത്. ഇപ്പോഴിത കോളിവുഡ് പ്രേക്ഷകരെ ഞെട്ടിക്കുന്ന ട്വീറ്റുമായി എത്തിയിരിക്കുകയാണ് സംവിധായകന് ആറ്റ്ലി.
ജന്മദിനത്തില് ട്വിറ്ററില്‍ പങ്കുവച്ച ഫോട്ടോയാണ് ട്വിറ്ററില്‍ തരംഗമാകുന്നത്. ഫോട്ടോയില്‍ ആറ്റ്ലിയുടെ ഇടവും വലവും നില്‍ക്കുന്നത് രണ്ട് താര രാജാക്കന്മാരാണ്. സാക്ഷാല്‍ കിങ് ഖാനും ദളപതി വിജയ്യും. പിറന്നാള്‍ ദിനം ഇതിനേക്കാള്‍ വലുത് ഞാനെന്ത് ആഗ്രഹിക്കാനാണ് എന്നാണ് ഇരുവര്‍ക്കും ഒപ്പം നില്ക്കുന്ന ചിത്രം പങ്കുവച്ച് ആറ്റ്ലി കുറിച്ചത്. ഒരു കുറിപ്പിന് ഒപ്പമായിരുന്നു രണ്ട് താര രാജക്കന്മാര്ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ ആറ്റ്ലി പങ്കുവച്ചത്.
‘പിറന്നാള്‍ ദിനം ഇതിനേക്കാള്‍ വലുത് ഞാനെന്ത് ആഗ്രഹിക്കാനാണ്. എന്റെ ജീവിതത്തിലെ നെടും തൂണുകളായ പ്രിയപ്പെട്ട ഷാരൂഖ് സാറിനും എന്റെ അണ്ണന് ദളപതി വിജയ് സാറിനുമൊപ്പം പിറന്നാള്‍ ആഘോഷിക്കാനായി. ഇതാണ് ജീവിതത്തിലെ ഏറ്റവും മികച്ച പിറന്നാള്‍.’ചിത്രത്തിനൊപ്പം അറ്റ്ലി കുറിച്ചു. ചിത്രത്തില്‍ മൂന്നുപേരും കറുപ്പ് വസ്ത്രമണിഞ്ഞാണ് പ്രത്യക്ഷപ്പെടുന്നത്.
മൂന്ന് പേരും ഒന്നിച്ച് നില്ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. അതേസമയം ഈ ചിത്രം എത്തിയതോടെ മറ്റൊരു കാരണം കൊണ്ട് സിനിമ പ്രേമികള്‍ വലിയ സന്തോഷത്തിലാണ്. ഷാരൂഖിനെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാനില്‍ വിജയ് അതിഥി താരമായി എത്തുമെന്ന ഊഹാപോഹങ്ങള്‍ ശരി വയ്ക്കുന്നത് കൂടിയാണ് ഈ ഫോട്ടോ.
ഷാരൂഖ് ചിത്രത്തില്‍ വിജയ് അതിഥിയായി ഉണ്ടാകുമെന്ന് ഉറപ്പിച്ച് പറയുകയാണ് പ്രേക്ഷകര്‍. അതേസമയം ജവാനില്‍ നായികയായി എത്തുന്നത് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ്. ജവാനില്‍ ഇരട്ടവേഷത്തിലാണ് ഷാരൂഖ് ഖാന് എത്തുന്നത്. വിജയ് സേതുപതി വില്ലന്‍ വേഷത്തിലും എത്തുന്നുണ്ട്. സന്യ മല്‍ഹോത്രയാണ് മറ്റൊരു പ്രധാന കഥാപാത്രം. ഹിന്ദി, തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളില്‍ ചിത്രം റിലീസിനെത്തും. സംഗീതം അനിരുദ്ധ്. 2023 ജൂണ്‍ 2നാണ് റിലീസ്.