നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി തള്ളി ഹൈക്കോടതി നടത്തിയ വിധിയിൽ മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനം. അതിജീവിതയെ മാധ്യമങ്ങൾ തെറ്റിധരിപ്പിക്കുകയായിരുന്നുവെന്നാണ് വിധിയിൽ കുറ്റപ്പെടുത്തുന്നത്. കേസിന്‍റെ വിചാരണ സംബന്ധിച്ച തെറ്റായ മാധ്യമങ്ങൾ ഉണ്ടാക്കിയെടുത്തെന്നും വിധിയിൽ പറയുന്നു.
കേസിന്റെ വിചാരണ എറണാകുളം സ്പെഷൽ അഡീഷനൽ സെഷൻസ് കോടതിയിൽ നിന്നു പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയത് ചൂണ്ടിക്കാട്ടിയായിരുന്നു അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവ് പ്രകാരമാണു അഡീഷനൽ സ്പെഷൽ സെഷൻസ് കോടതിയിലേക്ക് കേസ് മാറ്റിയത്. എന്നാൽ എന്നാൽ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്കു മാറ്റിയ പുതിയ ഉത്തരവ് ഭരണപരമായ നടപടിയാണെന്നും ഇത് നിലനിൽക്കില്ലെന്നുമായിരുന്നു അതിജീവിത ഹൈക്കോടതിയിൽ വാദിച്ചത്.
വിചാരണ കോടതി ജഡ്ജിയായ ഹണി എം വർഗീസ് കേസ് പരിഗണിച്ചാൽ തനിക്ക് നീതി ലഭിക്കില്ലെന്നും അതിജീവിത ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കേസിൽ വിശദമായ വാദം കേട്ട ഹൈക്കോടതി അതിജീവിതയുടെ ആവശ്യങ്ങൾ തള്ളുകയായിരുന്നു. കേസിൽ വിചാരണ പൂർത്തിയാക്കാൻ ജനവരി 31 വരെയാണ് സുപ്രീം കോടതി സമയം അനുവദിച്ചിരിക്കുന്നതെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
മാധ്യമങ്ങൾക്കെതിരെ അതിരൂക്ഷ വിമർശനവും കോടതി ഉന്നയിച്ചു. മാധ്യമ വാർത്തകൾ അതിജീവിതയെ തെറ്റിധരിപ്പിച്ചുവെന്നാണ് ഹൈക്കോടതി കുറ്റപ്പെടുത്തിയത്. തുടക്കം മുതൽ തന്നെ അതിജീവിതയ്ക്ക് സംശയമാണ്. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ആരോപണം ഉന്നയിച്ചു. വിചാരണ കോടതി മാറ്റം ആവശ്യപ്പെട്ട് ഹർജി നൽകി, ദിലീപും വിചാരണ കോടതി ജഡ്ജിയുടെ ഭർത്താവും തമ്മിൽ ബന്ധമുണ്ടെന്ന് സംശയിച്ചു, കോടതി ചൂണ്ടിക്കാട്ടി.
കേസിനെ കുറിച്ച് മാസങ്ങളോളമാണ് ചില ചാനലകുകൾ ചർച്ച നടത്തി കേസിൻറെ വിചാരണയെ കുറിച്ച് തെറ്റായ പൊതുബോധം ഉണ്ടാക്കാൻ ശ്രമിച്ചത്. കോടതി വസ്തുതകളും നിയമവശങ്ങളും അറിയാതെയാണ് മാധ്യമ വിചാരണകൾ. ന്യായത്തിന്റെയും യുക്തിയുടേയും പരിധിക്കപ്പുറം കടന്നിരിക്കുകയാണ് മാധ്യമങ്ങളെന്നും വിധിയിൽ പറയുന്നു.അതേസമയം നടി ആക്രമിക്കപ്പെട്ട കേസിലെ ഹൈക്കോടതി വിധി അതിജീവിതയെ സംബന്ധിച്ച് കനത്ത തിരിച്ചടിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. കേസിൽ പല ഘട്ടങ്ങളിലായി വിചാരണ കോടതിക്കെതിരെ അതിജീവിത രംഗത്തെത്തിയിട്ടുണ്ട്. കോടതി മാറ്റത്തിനെതിരെ ഹൈക്കോടതിയേയും സുപ്രീം കോടതിയേയും നേരത്തേ തന്നെ അവർ സമീപിച്ചിരുന്നു. അന്നും അതിജീവിതയുടെ ആവശ്യം കോടതി തള്ളുകയായിരുന്നു.
തിരിച്ചടി നേരിട്ട സാഹചര്യത്തിൽ വിചാരണ കോടതി ജഡ്ജിയുടെ മാറ്റം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാനാണ് അതിജീവിതയുടെ നീക്കം. പ്രോസിക്യൂഷനും വിചാരണ കോടതിക്കെതിരെ രംഗത്തെത്തിയത് അതിജീവിതയ്ക്ക് അനുകൂലമായ ഘടകമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ കേസിലെ വിചാരണ നടപടികൾ ഉടൻ പുനഃരാരംഭിച്ചേക്കും. വിചാരണയുടെ പുരോഗതി റിപ്പോർട്ട് നാലാഴ്ചക്കകം സമർപ്പിക്കാനാണ് സുപ്രീം കോടതി നിർദ്ദേശിച്ചത്. കേസിൽ ഇതുവരെ 207 പേരെ വിസ്തരിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാൻ ബാക്കിയുള്ളപ്പോഴായിരുന്നു കേസിൽ തുടരന്വേഷണം ഉണ്ടായത്.