ബിഗ് ബോസിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായിമാറിയ താരമാണ് മഞ്ജു പത്രോസ്. പാട്ടുപാടിയും, അല്ലാതെയും ഷോയിലൂടെ പ്രേക്ഷകരെ കൈയിലെടുക്കാൻ മഞ്ജുവിന് സാധിച്ചിട്ടും ഉണ്ട് . ബിഗ് ബോസിന് മുൻപ് നിരവധി ചിത്രങ്ങളിലും മിനി സ്ക്രീനിലും മികച്ച പ്രകടനം കാഴ്ചവച്ച മഞ്ജുവിന് ഒട്ടനേകം ആരാധകരാണുള്ളത്. ബിഗ് ബോസിൽനിൽക്കുമ്പോഴും, പുറത്തിറങ്ങിയപ്പോഴും സൈബർ ആക്രമണത്തിന് ഇരയായ മഞ്ജു ഇപ്പോൾ അതിനെയൊന്നും വക വയ്ക്കാതെയാണ് സോഷ്യൽ മീഡിയയിൽ സജീവം ആകുന്നത്.
ഇപ്പോൾ ഇതാ റിമി ടോമി ഒരിക്കൽ പറഞ്ഞ കാര്യങ്ങൾ അതേ പോലെ സംഭവിച്ചതിനെക്കുറിച്ച് മഞ്ജു തുറന്ന് പറയുകയാണ്
വെറുതെ അല്ല ഭാര്യ ഫൈനലിലെ വേദിയിൽ വച്ച് ഓഡീഷനിൽ പങ്കെടുക്കാൻ എത്തിയ തങ്ങളുടെ കയ്യിൽ ആയിരം രൂപ തികച്ചെടുക്കാൻ ഇല്ലായിരുന്നെന്ന് മഞ്ജു വെളിപ്പെടുത്തിയിരുന്നു. അപ്പോൾ ഇതിന് മറുപടിയെന്നോണം ആ വേദിയിൽ വച്ച് ഗായിക റിമി ടോമി പറഞ്ഞത് മഞ്ജുവും സുനിച്ചനും ഉറപ്പായും സിനിമയിലെത്തുമെന്നാണ്. ആ പ്രവചനം അച്ചട്ടാകുകയും മഞ്ജു സിനിമയിലേക്ക് എത്തുകയും ചെയ്തു.
അഞ്ചു വർഷത്തിനിടെ ഇരുപതോളം സിനിമകൾ ചെയ്ത മഞ്ജു കിഴക്കമ്പലം സ്വദേശിയാണ്. റിഥം കംപോസറായ സുനിച്ചനെ വിവാഹം ചെയ്തതോടെ കോട്ടയത്തേക്ക് താമസം മാറിയ മഞ്ജു സ്വകാര്യ സ്‌കൂളിൽ ലീവ് വേക്കൻസിയിൽ കുറച്ചുനാൾ പഠിപ്പിച്ചു. സുനിച്ചൻ ജോലി തേടി വിദേശത്തേക്കു പോയതോടെ മഞ്ജുവും കുട്ടിയും കിഴക്കമ്പലത്തെ വാടക വീട്ടിലേക്കു മാറി. എന്നാൽ ഇതിനിടെ സുനിച്ചനു ജോലി നഷ്ടപ്പെട്ടു. കടുത്ത സാമ്പത്തിക പ്രതിസന്ധിയായിരുന്നു. ആയിടയ്ക്കാണു മഴവിൽ മനോരമയിൽ വെറുതെയല്ല ഭാര്യ എന്ന പരിപാടി കാണുന്നത്. അതിന്റെ സ്ഥിരം പ്രേക്ഷകയായിരുന്ന മഞ്ജു അങ്ങനെയാണ് അതിൽ പങ്കെടുക്കാൻ വെറുതെയൊരു ശ്രമം നടത്തിയത്. അങ്ങനെ വെറുതെയല്ല ഭാര്യയുടെ സീസൺ രണ്ടിൽ മഞ്ജുവും സുനിച്ചനും തിരഞ്ഞെടുക്കപ്പെടുകയും മത്സരത്തിൽ നാലാമതെത്തുകയും ചെയ്തു.
ഇതോടെയാണ് മറിമായം സീരിയലിലേയ്ക്കും അങ്ങനെ സിനിമയിലേയ്ക്കും താരത്തിന് വഴി തെളിഞ്ഞത്.