നടി ആക്രമിക്കപ്പെട്ട കേസ് ; പ്രോസിക്യൂഷന്റെ കടുത്ത എതിർപ്പിനെ തുടർന്ന് നിലപാട് തിരുത്തി വിചാരണ കോടതി ; ഇനി നിർണ്ണായകം !

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജിയിൽ വ്യാഴാഴ്ച വിധി പറയാനിരിക്കുകയാണ് ഹൈക്കോടതി. ഹർജിയിൽ തിങ്കളാഴ്ച രഹസ്യ വാദം പൂർത്തിയായിരുന്നു. കേസ് സിബിഐ സ്പെഷ്യൽ കോടതിയിൽ നിന്നും പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയത് ചോദ്യം ചെയ്ത് കൊണ്ടായിരുന്നു നടി ഹൈക്കോടതിയെ സമീപിച്ചത്.

അതിനിടെ കേസിലെ പതിനഞ്ചാം പ്രതിയായ ശരതിന്റെ കേസ് ഫയലിന്റെ കോടതി മാറ്റവുമായി ബന്ധപ്പെട്ട് നിലപാട് തിരുത്തിയിരിക്കുകയാണ് വിചാരണ കോടതി. പ്രോസിക്യൂഷന്റെ കടുത്ത എതിർപ്പിനെ തുടർന്നാണ് നടപടി. ശരതിന്റെ കേസ് നിയമവിരുദ്ധമായി സെഷൻസ് കോടതിയിലേക്ക് മാറ്റിയ തീരുമാനമാണ് തിരുത്തിയത്. പ്രോസിക്യൂഷന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് കേസ് ഫയൽ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലേക്ക് തിരിച്ചയച്ചതായി റിപ്പോർട്ടർ ചാനൽ റിപ്പോർട്ടിൽ പറയുന്നു.അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ നടപടി ക്രമം പൂർത്തിയാക്കാതെയാണ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് ശരതിന്റെ കേസ് മാറ്റിയതെന്നാണ് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയത്. ഇത് ചോദയം ചെയ്തതോടെയാണ് വീണ്ടും കേസ് ഫയൽ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലേക്ക് തന്നെ തിരിച്ചയച്ചത്.

നടി ആക്രമിക്കപ്പെട്ട കേസിൽ ജനവരി 30 നകം വാദം പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തും വ്യവസായിയുമാണ് ശരത്. നടി ആക്രമിക്കപ്പെട്ട കേസിലെ അനുബന്ധ കുറ്റപത്രത്തിലാണ് ശരതിനെ പ്രതി ചേർത്തത്. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ 2017 നവംബറിൽ ദിലീപിന്റെ പക്കൽ എത്തിച്ചത് ശരത് ആണെന്നാണ് അനുബന്ധ കുറ്റപത്രത്തിൽ പോലീസ് വ്യക്തമാക്കിയത്.പ്രധാനമായും 3 തെളിവുകളായിരുന്നു അനുബന്ധ കുറ്റപത്രത്തിൽ ശരതിനെതിരെ ഉള്ളത്.

ശരത് ദൃശ്യങ്ങൾ വീട്ടിൽ കൊണ്ടുവന്നുവെന്നത് താൻ കണ്ടുവെന്ന ബാലചന്ദ്രകുമാറിന്റെ നേർ സാക്ഷി വിവരണം, ദൃശ്യങ്ങൾ സംബന്ധിച്ച് ദിലീപിന്റെ സഹോദരനായ അനൂപും ശരതും നടത്തുന്ന സംഭാഷണങ്ങൾ ,ദിലീപിന്‍റെ സഹോദരൻ അനൂപിന്‍റെ ഫോണിന്‍റെ ഫൊറൻസിക് പരിശോധനയിൽ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ സംബന്ധിച്ച് ലഭിച്ച നാല് പേജ് വിവരണം എന്നിവയാണ് കുറ്റപത്രത്തിൽ പ്രതിപാദിച്ചിരിക്കുന്നത്.അതേസമയം അനുബന്ധ കുറ്റപത്രം സമർപ്പിച്ചിട്ടും കേസിൽ ഇതുവരെ വിചാരണ പുനഃരാരംഭിച്ചിട്ടില്ല.

എന്ന് വിചാരണ തുടങ്ങുമെന്നത് സംബന്ധിച്ച് വിചാരണ കോടതിയും നിലപാട് വ്യക്തമാക്കിയിട്ടില്ല. വിചാരണ കോടതി മാറ്റത്തിനായി അതിജീവിത നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി പറഞ്ഞാൽ മാത്രമേ വിചാരണ നടപടികൾ തുടങ്ങാവൂ എന്നതാണ് പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ ആവശ്യപ്പെട്ടത്.

എന്നാൽ ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു. കേസിൽ ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന സുപ്രീം കോടതി നിർദ്ദേശമാണ് കോടതി ചൂണ്ടിക്കാട്ടിയത്. നാല് ആഴ്ചക്കുള്ളിൽ വിചാരണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ ഹൈക്കോടതിയുടെ നിർണായക വിധി വ്യാഴാഴ്ച. വിചാരണ കോടതിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജിയിലാണ് ഹൈക്കോതി വിധി പറയുക. കേസിൽ ഏറ്റവും നിർണായകമായിരിക്കും ഹൈക്കോടതി വിധി എന്നാണ് വിലയിരുത്തപ്പെടുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിൽ തുടക്കം മുതൽ വിചാരണ കോടതിക്കെതിരെ അതിജീവിത രംഗത്തെത്തിയിരുന്നു. വിചാരണ കോടതി ജഡ്ജി കേസ് പരിഗണിച്ചാൽ തനിക്ക് നീതി ലഭിക്കുന്നില്ലെന്നാരോപിച്ചാണ് നടി ഹൈക്കോടതിയെ സമീപിച്ചത്.നടിയുടെ പ്രത്യേക ആവശ്യപ്രകാരമായിരുന്നു കേസിൽ വനിതാ ജഡ്ജിയെ നിയോഗിച്ചത്. അന്ന് സി ബി ഐ പ്രത്യേക കോടതി ജഡ്ജിയായിരുന്നു ഹണി എം വർഗീസ്. പിന്നീട് ഇവർ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയായെങ്കിലും സിബിഐ കോടതിയുടെ അധിക ചുമതല ഉണ്ടായിരുന്നതിനാൽ അവർ തന്നെയായിരുന്നു വാദം കേട്ടത്. ഇതിനിടയിൽ വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് ജഡ്ജിക്കെതിരെ ഹൈക്കോടതിയേയും സുപ്രീം കോടതിയേയും അതിജീവിത സമീപിച്ചിരുന്നു. എന്നാൽ മേൽക്കോടതികളിൽ നിന്നും തിരിച്ചടി നേരിട്ടു.

AJILI ANNAJOHN :