ഇരുപത്തിയഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ തലശേരിയിൽ നാളെ തുടക്കം

ഇരുപത്തിയഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ തലശേരി പതിപ്പിന് നാളെ തുടക്കം കുറിക്കും. അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ചലച്ചിത്രോത്സവം തിരുവനന്തപുരത്തും കൊച്ചിയിലും നടന്ന മാതൃകയില്‍ തന്നെയാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്. നിലവില്‍, പ്രതിനിധികള്‍ക്കുള്ള കൊവിഡ് പരിശോധനയും പാസ് വിതരണവും പുരോഗമിക്കുകയാണ്.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ 1500 പേര്‍ക്കാണ് ഡെലിഗേറ്റ് പാസ് വിതരണം ചെയ്യുന്നത്. കൊവിഡ് നെഗറ്റീവ് ആണെങ്കില്‍ മാത്രമേ ഇവര്‍ക്ക് പാസ് അനുവദിക്കുകയുള്ളു.

സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ മേള ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. തലശേരി എ.വി.കെ. നായര്‍ റോഡിലെ ലിബര്‍ട്ടികോംപ്ലക്‌സിലുള്ള അഞ്ച് തിയറ്ററുകളിലും മഞ്ഞോടിയിലെ ലിബര്‍ട്ടി മൂവീ ഹൗസിലുമാണ് പ്രദര്‍ശനമുണ്ടാവുക.

ബോസ്‌നിയന്‍ വംശഹത്യയുടെ അണിയറക്കാഴ്ചകള്‍ ആവിഷ്‌കരിച്ച ‘ക്വൊവാഡിസ് ഐഡ’യാണ് ഉദ്ഘാടനച്ചത്രം. മുഖ്യവേദിയായ ലിബര്‍ട്ടി കോംപ്ലക്‌സില്‍ എക്‌സിബിഷന്‍, ഓപ്പണ്‍ ഫോറം എന്നിവയും നടത്തും.

46 രാജ്യങ്ങളില്‍ നിന്നുള്ള 80 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. ചുരുളി, ഹാസ്യം എന്നീ രണ്ട് മലയാള ചിത്രങ്ങള്‍ ഉള്‍പ്പെടെ പതിനാല് ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുള്ളത്.

Noora T Noora T :