ഭാഷാ അതിര്‍ത്തികള്‍ കടന്ന് ഗംഭീര വിജയം നേടിയ ചിത്രമായിരുന്നു ജിത്തു ജോസഫിന്റെ ദൃശ്യം. ഒന്നാം ഭാഗത്തിന് പിന്നാലെ ദൃശ്യം 2 സബ് ടൈറ്റിലോടെ ആമസോണ്‍ പ്രൈം വഴി റിലീസ് ആയി എത്തിയതോടെ ഇന്ത്യ മുഴുവനുമുള്ള സിനിമാപ്രേമികള്‍ക്കും കാണാൻ സാധിച്ചു. റിലീസ് ദിനം മുതല്‍ ലഭിക്കുന്ന സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്. ആദ്യഭാഗത്തിനോട് ഒപ്പമോ അതിലും ഒരു പടി മുകളിലോ നിൽക്കുന്നതാണ് ‘ദൃശ്യം 2’ എന്ന് പ്രേക്ഷകരും നിരൂപകരും ഒരുപോലെ വാഴ്ത്തിയിരിക്കുകയാണ്.

ഇത്രയും വിജയമായ ഒരു സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുക്കുകയെന്ന ഏറെ ശ്രമകരമായ ദൗത്യത്തെ ഏരെ ക്രിയാത്മകമായി ജീത്തു മറികടന്നിരിക്കുകയാണെന്ന് സിനിമ കണ്ടവർ ഒരേ സ്വരത്തിൽ പറയുന്നത് വീണ്ടും ജീത്തു ജോസഫ് എന്ന സംവധായകൻ ഞെട്ടിച്ചിരിക്കുകയാണെന്ന് പ്രേക്ഷകാഭിപ്രായം.
എന്നാൽ ഇപ്പോൾ ഇതാ ദൃശ്യം 2 സിനിമയുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുന്ന സംവിധായകന് ജീത്തു ജോസഫിന്റെ ഓഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുന്നു. ഒരു സിനിമാഗ്രൂപ്പിന്റെ അഡ്മിനുമായി ജീത്തു ജോസഫ് സംസാരിക്കുന്നു എന്ന രീതിയില്‍ വൈറലായ ഓഡിയോയിലാണ് സിനിമയിലെ ചില സീനുകളെക്കുറിച്ച് ജീത്തു ജോസഫ് വിശദീകരിക്കുന്നത്.
സിനിമയില്‍ ഫൊറന്‍സിക് ലാബിലെ രംഗങ്ങള്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെക്കുറിച്ചാണ് സംവിധായകന് പറയുന്നത്. കാര്‍ഡ്ബോര്‍ഡ് പെട്ടിയില്‍ വരുണിന്റെ ബോഡി സാമ്പിള്‍ കൊണ്ടുവരുന്നതും, സെക്യൂരിറ്റി കള്ളുകുടിക്കുന്നതും, ഫൊറന്‍സിക് ലാബില്‍ സി.സി.ടി.വി ഇല്ലാത്തതുമെല്ലാം തനിക്ക് പറ്റിയ അബദ്ധങ്ങളല്ലെന്നും താന്‍ നിരീക്ഷിച്ചതിനു ശേഷം തന്നെയാണ് ആ സീന്‍ ചെയ്തതെന്നുമാണ് ജീത്തു ജോസഫ് പറയുന്നത്. കോട്ടയത്തെ ഫൊറന്‍സിക് ലാബ് സന്ദര്‍ശിക്കുകയും ഫൊറന്‍സിക് ഡോക്ടറുമായി സംസാരിക്കുകയും ചെയ്തിരുന്നെന്ന് സംവിധായകന് പറയുന്നു.
ഞാന്‍ കണ്ട ഫൊറന്‍സിക് ലാബില്‍ സി.സി.ടി.വി ഉണ്ടായിരുന്നില്ല. പിന്നെ എല്ലായിടത്തും സെക്യൂരിറ്റി ഉണ്ടാവണമെന്നില്ല. ചിലയിടത്ത് സെക്യൂരിറ്റി ഇരിക്കുന്നുണ്ടാവും. ഒരുപാട് കാലം കൊണ്ട് സെക്യൂരിറ്റിയുമായി ബന്ധം ഉണ്ടാക്കിയെടുത്തതിന് ശേഷമാണ് ജോര്‍ജുകുട്ടി അങ്ങനെ ചെയ്യുന്നത്. അത് അവിശ്വസനീയമല്ല. ഓഡിയോയില്‍ ജീത്തു ജോസഫ് പറയുന്നു.
സിനിമയിലെ ക്ലൈമാക്സിന് റിസ്ക് ഉണ്ടെന്ന് താന്‍ സമ്മതിക്കുന്നുവെന്നും അതുകൊണ്ടാണ് ക്ലൈമാക്സില്‍ ഭാഗ്യവും കൂടി വേണം നായകനെന്ന് പറയുന്നത്. കാര്‍ഡ്ബോര്‍ഡില്‍ സീല്‍ ചെയ്യാതെ എങ്ങനെ സാമ്പിള്‍ കൊണ്ടുപോയെന്ന് ചോദിക്കുന്നവരുണ്ട്. സീല്‍ ചെയ്യണമെന്നാണ് റൂള്‍. പക്ഷേ അവരാരും ചെയ്യാറില്ല. അതുകൊണ്ടാണ് ഒരു സീനില്‍ ഐ.ജി പറയുന്നത് സിസ്റ്റമിക് സപ്പോര്‍ട്ട് ഇല്ല എന്ന്,’ ജീത്തു ജോസഫ് പറയുന്നു.

മോഹന്‍ലാല്‍, മീന, എസ്തേര്‍, അന്‍സിബ, സിദ്ധിഖ്, ആശ ശരത്, മുരളി ഗോപി, ഗണേഷ് കുമാര്‍, സായ് കുമാര്‍, അഞ്ജലി നായര്‍, കൃഷ്ണപ്രഭ, ദിനേശ് പ്രഭാകര്‍, അനീഷ് ജി മേനോൻ, ബോബൻ സാമുവൽ, ശോഭ മോഹൻ, ജോയ് മാത്യു തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അണിനിരന്നിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമയുടെ നിര്‍മ്മാണം.