സിനിമയുടെ ക്ലൈമാക്‌സ് ഇതായിരുന്നില്ല, ഈ സിനിമ അവസാനിക്കുന്നത് മറ്റൊരു രംഗത്തില്‍ ആയിരുന്നു; ആ രംഗം എടുത്ത് കളയാനുണ്ടായി സാഹചര്യത്തെ കുറിച്ച് സംവിധായകന്‍

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രമായിരുന്നു ‘ന്നാ താന്‍ കേസ് കൊട്’. ചിത്രം തിയേറ്ററുകളില്‍ എത്തിയപ്പോള്‍ മുതല്‍ ചര്‍ച്ചയായിരുന്നു. ഒടിടി പ്ലാറ്റ്‌ഫോമില്‍ എത്തിയതോടെ സിനിമയിലെ രംഗങ്ങള്‍ അടക്കം ചര്‍ച്ചയാവുകയും പ്രശംസ നേടുകയും ചെയ്തിരുന്നു.

ചിത്രത്തെ കുറിച്ച് സംവിധായകന്‍ രതീഷ് പറയുന്ന വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സിനിമയുടെ ക്ലൈമാക്‌സ് ഇതായിരുന്നില്ല എന്നാണ് സംവിധായകന്‍ പറയുന്നത്. ഇടതിനെ വിമര്‍ശിക്കുന്ന സിനിമ ആയിട്ടല്ല, ഇടതിന്റെ ആര്‍ജവം കാണിക്കുന്ന സിനിമ ആയിട്ടാണ് ചിത്രം ഒരുക്കിയിരുന്നത് എന്നാണ് സംവിധായകന്‍ പറയുന്നത്.

ഈ സിനിമ അവസാനിക്കുന്നത് മറ്റൊരു രംഗത്തില്‍ ആയിരുന്നു. സമയത്തിന്റെ പ്രശ്‌നം കാരണം അത് എടുത്ത് കളഞ്ഞതായിരുന്നു. അതായത്, പ്രേമന്‍ എന്ന മന്ത്രി ഇടതു നിന്ന് വലതിലേക്ക് പോയി. അവിടെ നിന്ന് മത്സരിച്ച് ജയിക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.

അതുപോലെ ഇടതെന്നോ വലതെന്നോ ഇല്ലാതെ നടക്കുന്ന അഴിമതിക്കാരനായ മന്ത്രിയെയാണ് സിനിമ വിമര്‍ശിക്കുന്നത്. അത് എന്തുകൊണ്ട് ഇടതു പക്ഷം ആയെന്ന് ചോദിച്ചാല്‍ അതിനുള്ള ആര്‍ജവം ഇടതു പക്ഷത്തിലേ ഉള്ളു എന്നത് കൊണ്ടാണ്. ഇത് വല്ലാതെ ഇടതിനെ ആക്രമിക്കുന്ന ഒരു സിനിമയായി തനിക്ക് തോന്നിയിട്ടില്ല.

ഇത് എഴുതുമ്പോഴും സംസാരിക്കുകയും ചെയ്യുമ്പോഴൊക്കെ ഇടതു പക്ഷത്തുള്ള ആളുകളൊക്കെ ഉണ്ടായിരുന്നു. ഇത് പലപ്പോഴും ഇടതിനെ പിന്തുണയ്ക്കുന്ന സിനിമയായി തനിക്ക് തോന്നിയിട്ടുണ്ട്. കൂടെയുള്ളവര്‍ പോലും അത് പറഞ്ഞിട്ടുണ്ട് എന്നാണ് അഭിമുഖത്തില്‍ സംവിധായകന്‍ പറയുന്നത്.

Vijayasree Vijayasree :