സ്ത്രീധന സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്ന തെറ്റായ സന്ദേശം നല്‍കുന്ന പരസ്യം; അക്ഷയ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് അക്ഷയ് കുമാര്‍. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ അക്ഷയ് കുമാര്‍ അഭിനയിച്ച പരസ്യത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി എയര്‍ബാഗുകളുടെ ആവശ്യം വിശദീകരിക്കുന്ന പരസ്യത്തിന് എതിരെയാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.

പരസ്യം സ്ത്രീധന സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം. വിവാഹ ചടങ്ങുകള്‍ കഴിഞ്ഞ് നവവധുവായ മകള്‍ക്ക് വിട പറയുന്ന പിതാവാണ് പരസ്യത്തിലുള്ളത്. മുന്നില്‍ രണ്ട് എയര്‍ബാഗുകള്‍ മാത്രമുള്ള കാറിലാണ് മകളെ യാത്രയാക്കുന്നത്.

രണ്ട് എയര്‍ബാഗുകള്‍ മാത്രമുള്ള കാറില്‍ മകളെ അയച്ചതിന് പിതാവിന്റെ അടുത്ത് വന്ന് പരിഹസിക്കുന്ന പൊലീസുകാരനായാണ് അക്ഷയ് കുമാര്‍ പരസ്യത്തില്‍ എത്തുന്നത്. ആറ് എയര്‍ബാഗുകള്‍ വാഗ്ദാനം ചെയ്യുന്ന വാഹനത്തില്‍ യാത്ര ചെയ്ത് ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശത്തോടെയാണ് പരസ്യം അവസാനിക്കുന്നത്.

കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് പരസ്യത്തിന്റെ വീഡിയോ പങ്കുവച്ചത്. സ്ത്രീധന സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്ന തെറ്റായ സന്ദേശം നല്‍കുന്ന പരസ്യമാണ് ഇത് എന്ന വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. റോഡ് സുരക്ഷയ്‌ക്കോ കാറിന്റെ സുരക്ഷാ സവിശേഷതകള്‍ക്കോ പകരം സ്ത്രീധനം എന്ന ദുഷിച്ച ക്രിമിനല്‍ നടപടി പ്രോത്സാഹിപ്പിക്കുന്ന ഇത്തരം സൃഷ്ടിക്കള്‍ക്കായി പണം മുടക്കുന്ന
സര്‍ക്കാറാണിതെന്ന് ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി ട്വീറ്റ് ചെയ്തു.

Vijayasree Vijayasree :