ബോയ്‌കോട്ട് ക്യാംപെയ്‌നുകള്‍ക്കിടയിലും 220 കോടി ക്ലബില്‍ കയറി ‘ബ്രഹ്മാസ്ത്ര’; സന്തോഷം പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍

രണ്‍ബീര്‍ കപൂര്‍- ആലിയ ഭട്ട് ചിത്രം ‘ബ്രഹ്മാസ്ത്ര’ തിയേറ്ററുകളില്‍ വമ്പന്‍ പ്രദര്‍ശനം തുടരുന്നു. ചിത്രം ഇതുവരെ ആഗോള തലത്തില്‍ 220 കോടിയാണ് കളക്റ്റ് ചെയ്തിരിക്കുന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. പ്രഖ്യാപനം മുതല്‍ സിനിമയ്ക്ക് നേരെ ഏറെ ബോയ്‌കോട്ട് ക്യാംപെയ്‌നുകള്‍ ഉയര്‍ന്നിരുന്നു.

സിനിമയുടെ റിലീസിന് മുന്നോടിയായി രണ്‍ബീര്‍ കപൂറിന്റെ പഴയ ഒരു അഭിമുഖത്തിലെ ഭാഗം പ്രചരിപ്പിച്ചുകൊണ്ടാണ് സിനിമ ബഹിഷ്‌കരിക്കണമെന്ന് ആവശ്യവുമായി ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ റിലീസിന് പിന്നാലെ ഈ ക്യാംപെയ്‌നുകളെ തകര്‍ത്തു കൊണ്ട് സിനിമ വലിയ വിജയം നേടുകയാണ്.

ആദ്യ ദിവസത്തില്‍ തന്നെ 75 കോടി ബ്രഹ്മാസ്ത്ര കളക്ട് ചെയ്തുവെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നത്. സമീപ കാലത്തിറങ്ങിയ ബോളിവുഡ് സിനിമകളില്‍ മികച്ച ഓപ്പണിങ് ആണിതെന്നാണ് റിപ്പോര്‍ട്ട്. സിനിമയിലെ വിഷ്വലുകളും വിഎഫ്എക്‌സുമെല്ലാം മികച്ചു നില്‍ക്കുമ്പോള്‍ കഥാപരമായി പോരായ്മകളുണ്ടെന്ന് ചില അഭിപ്രായങ്ങളുണ്ട്.

‘ബ്രഹ്മാസ്ത്ര’ ഒരു ഗംഭീര ദൃശ്യ വിരുന്നാണ് എന്ന് ചിലര്‍ പറയുമ്പോള്‍ ചിത്രം തീര്‍ത്തും നിരാശപ്പെടുത്തി എന്നാണ് മറ്റു ചിലരുടെ അഭിപ്രായം. രണ്‍ബീര്‍, ആലിയ തുടങ്ങിയവരുടെ പ്രകടനങ്ങളും ഷാരൂഖ് ഖാന്റെ അതിഥി വേഷവും മികച്ചു നില്‍ക്കുന്നതായും പ്രതികരണങ്ങളുണ്ട്. ‘ബോളിവുഡിന്റെ ഗെയിം ചേഞ്ചര്‍’ എന്നും ചിലര്‍ ബ്രഹ്മാസ്ത്രയെ വിശേഷിപ്പിക്കുന്നുണ്ട്.

Vijayasree Vijayasree :