കങ്കണയുടെ എമര്‍ജന്‍സിയില്‍ സഞ്ജയ് ഗാന്ധിയായി വിശാഖ് നായര്‍; സന്തോഷ വാര്‍ത്ത പങ്കുവെച്ച് നടന്‍

‘ആനന്ദം’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ നടനാണ് വിശാഖ് നായര്‍. പിന്നീട് പുത്തന്‍പണം, ചങ്ക്‌സ്, ചെമ്പരത്തിപ്പൂ എന്നീ ചിത്രങ്ങളിലൂടെയും താരം തിളങ്ങി. ഇതിനിടെ ഒരു ഹിന്ദി ആല്‍ബത്തിലും വിശാഖ് അഭിനയിച്ചിരുന്നു. ഇപ്പോഴിത മറ്റൊരു വലിയ സന്തോഷ വാര്‍ത്ത പങ്കുവച്ച് എത്തിയിരിക്കുകയാണ് നടന്‍.

തന്റെ ബോളിവുഡ് അരങ്ങേറ്റ വാര്‍ത്തയാണ് താരം പങ്കുവയ്ക്കുന്നത്. കങ്കണ റണാവത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് എമര്‍ജന്‍സി. ചിത്രത്തില്‍ ഇന്ദിരാഗാന്ധിയുടെ വേഷത്തിലാണ് കങ്കണ എത്തുന്നത്. പൊളിറ്റിക്കല്‍ ത്രില്ലറായി എത്തുന്ന ചിത്രത്തിന്റെ പോസ്റ്ററുകളെല്ലാം തന്നെ ഇതിനോടകം ശ്രദ്ധ നേടിയിരുന്നു.

കങ്കണയുടെ എമര്‍ജെന്‍സിയില്‍ താന്‍ അഭിനയിക്കുന്ന വിവരം വിശാഖ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതകഥ പ്രമേയമാകുന്ന സിനിമയില്‍ സഞ്ജയ് ഗാന്ധിയുടെ വേഷത്തിലാകും വിശാഖ് എത്തുക. റിതേഷ് ഷായാണ് ചിത്രത്തിന്റെ തിരക്കഥ. ജി.വി. പ്രകാശ് കുമാര്‍ സംഗീതം നല്‍കുന്നു.

സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. മണികര്‍ണികയ്ക്കു ശേഷം കങ്കണ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് എമര്‍ജെന്‍സി. എമര്‍ജന്‍സി ഇന്ദിരാ ഗാന്ധിയുടെ ജീവചരിത്ര സിനിമയല്ലെന്നും രാഷ്ട്രീയ ചിത്രമാണെന്നും ഒരു മഹത്തായ കാലഘട്ടത്തെ തന്റെ തലമുറക്ക് പരിചയപ്പെടുത്തി നല്‍കുന്ന ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിലൊരുങ്ങുന്ന രാഷ്ട്രീയ ചിത്രമായിരിക്കുമെന്നും കങ്കണ നേരത്തെ വ്യക്തമാക്കിയിരുന്നു.

Vijayasree Vijayasree :