നടിയും ബിജെപി നേതാവുമായ സൊണാലി ഫോഗട്ടിന്റെ ദുരൂഹ മരണം; അന്വേഷണം സിബിഐയ്ക്ക് കൈമാറുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടിയും ബിജെപി നേതാവുമായ സൊണാലി ഫോഗട്ട് മരണപ്പെടുന്നത്. ഇപ്പോഴിതാ നടിയുടെ മരണത്തില്‍ അന്വേഷണം സിബിഐയ്ക്ക് കൈമാറുമെന്ന് അറിയിച്ചിരിക്കുകയാണ് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. സൊണാലിയുടെ മകന്റെയും ജനങ്ങളുടെയും ആവശ്യം കണക്കിലെടുത്താണ് കേസ് സിബിഐക്ക് കൈമാറുന്നത്.

ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തു നല്‍കുമെന്നും മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. കഴിഞ്ഞ മാസം 23നായിരുന്നു ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ട് ഗോവയില്‍ വെച്ച് മരണപ്പെട്ടത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സൊണാലി ഫൊഗട്ടിന് ഗോവയിലെ ഹോട്ടലില്‍ വെച്ച് നിര്‍ബന്ധിച്ച് ലഹരി കുടിപ്പിക്കുന്ന സിസിടിവി ദൃശ്യം പുറത്ത് വന്നിരുന്നു. നടിയെ നടക്കാന്‍ കഴിയാതെ സഹായി താങ്ങിപിടിച്ച് കൊണ്ടുപോവുന്ന ദൃശ്യം പുറത്ത് വന്നതിന് പിന്നാലെയാണ് ലഹരി വസ്തു കുടിപ്പിക്കുന്ന ദൃശ്യവും പുറത്ത് വന്നത്.

കേസുമായി ബന്ധപ്പെട്ട് സൊണാലിയുടെ പേഴ്‌സണല്‍ അസിസ്റ്റന്‍ഡ് സുധീര്‍ സഗ്‌വാന്‍,സുഹൃത്ത് സുഖ്‌വിന്ദര്‍ വാസി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് വടക്കന്‍ഗോവയിലെ കുര്‍ലൈസ് റെസ്‌റ്റോറന്റ് ഉടമ എഡ്വിന്‍ നൂനസ്, ലഹരിവില്‍പ്പനക്കാരന്‍ ദത്തപ്രസാദ് ഗാവോങ്കര്‍ എന്നിവരെ ശനിയാഴ്ചയും അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മദ്യം വായില്‍ ഒഴിച്ച് കൊടുക്കുന്ന സിസിടിവി ദൃശ്യം പുറത്തായത്.

മരണത്തിനു മുമ്പ് സൊണാലി കുര്‍ലൈസ് റെസ്‌റ്റോറന്റിലെ അത്താഴവിരുന്നിലാണ് പങ്കെടുത്തത്. മയക്കുമരുന്ന് നിയമപ്രകാരമുള്ള കുറ്റങ്ങളും കൊലപാതകക്കുറ്റങ്ങളും എഡ്വിന്റെയും ദത്തപ്രസാദിന്റെയും പേരില്‍ ചുമത്തിയിട്ടുണ്ട്. വിരുന്നിനിടെ സഹായികളായ സുധീറും സുഖ്‌വിന്ദറും ചേര്‍ന്ന് സൊണാലിയെ മയക്കുമരുന്ന് മദ്യത്തില്‍ക്കലര്‍ത്തി കുടിപ്പിക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.

മയക്കുമരുന്ന് കലര്‍ത്തിയ മദ്യം കഴിച്ച ശേഷം സ്വബോധം നഷ്ടപ്പെട്ടനിലയിലായിരുന്നു സൊനാലിയെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് പോലീസ് പറഞ്ഞു. പുലര്‍ച്ചെ നാലരയോടെ ശൗചാലയത്തിലേക്കുപോയ മൂന്നുപേരും രണ്ടു മണിക്കൂറിനുശേഷമാണ് റെസ്‌റ്റോറന്റില്‍ തിരിച്ചെത്തിയത്. സൊനാലിയുടെ മൃതദേഹത്തില്‍ മുറിവുകളുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം, ബിഗ് ബോസ് 14 ലാണ് സൊണാലി ഫോഗട്ട് അവസാനമായി മിനിസ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. വൈല്‍ഡ്കാര്‍ഡ് മത്സരാര്‍ത്ഥിയായാണ് അവര്‍ ബിഗ് ബോസില്‍ എത്തിയത്. അതിനുശേഷം അവള്‍ക്ക് വലിയ ജനപ്രീതി ലഭിച്ചു. അഭിനയത്തിന് പുറമെ സോണാലി ഫോഗട്ട് ബിജെപി നേതാവ് കൂടിയായിരുന്നു. 2019ലെ ഹരിയാന തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ ആദംപൂരില്‍ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. അടുത്തിടെ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് മാറിയ കുല്‍ദീപ് ബിഷ്‌ണോയിക്കെതിരെയാണ് അവര്‍ മത്സരിച്ചത്. ടിക് ടോക്കിലും സൊണാലി ഏറെ പ്രശസ്തയായിരുന്നു.

Vijayasree Vijayasree :