വിനയന് എതിരെയുള്ള ബാനിന് കുറിച്ച് സംസാരിച്ചു കഴിഞ്ഞാല്‍ നമ്മള്‍ തൊട്ടുകൂടാത്തവരും തീണ്ടാത്തവരുമാകും; വെളിപ്പെടുത്തി മാല പാർവതി

സിനിമാ ഇന്‍ഡസ്ട്രിയിലെ പറയാന്‍ പാടില്ലാത്ത പേരാണ് വിനയന്‍ എന്ന മാല പാര്‍വതിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചര്‍ച്ചയായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ട് സിനിമയെ പ്രകീര്‍ത്തിച്ചു കൊണ്ട് എഴുതിയ പോസ്റ്റില്‍ സിനിമാ മേഖലയിലെ ആറാട്ടുപ്പുഴ വേലായുധനാണ് വിനയന്‍ എന്നും മാല പാര്‍വതി കുറിച്ചിരുന്നു.

ഇപ്പോഴിതാ ഇതിന് പിന്നാലെ ഒരു ചാനൽ ചർച്ചയിൽ നടി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. സംവിധായകന്‍ വിനയന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പാടില്ല എന്ന അണ്‍ ഒഫീഷ്യല്‍ ബാനിന് താന്‍ എതിരാണന്നാണ് മാല പാര്‍വതി പറയുന്നത്

വിനയന് എതിരെയുള്ള ബാനിന് കുറിച്ച് സംസാരിച്ചു കഴിഞ്ഞാല്‍ നമ്മള്‍ തൊട്ടുകൂടാത്തവരും തീണ്ടാത്തവരുമാകും. താന്‍ ഒരു പോസ്റ്റ് ഇട്ടു. 265 ഷെയര്‍ പോയി. നാളെ അതിന്റെ പ്രത്യാഘാതങ്ങള്‍ തനിക്ക് ഉണ്ടാകും. എന്നാലും തനിക്ക് പറയാനുള്ളത് പറഞ്ഞു.

വിനയന്‍ എന്ന പേര് അങ്ങനെ പറയാന്‍ പാടില്ല എന്നൊരു നിയമമുണ്ട്. ഈ ഗ്രൂപ്പ് വഴക്കുകള്‍ എന്ത് തന്നെയായാലും ജോലി എടുക്കാന്‍ ഒരാളെ അനുവദിക്കില്ല, ഇദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പാടില്ല എന്നൊരു അണ്‍ ഒഫീഷ്യല്‍ ബാന്‍ വരുന്നതിന് താന്‍ എതിരാണ്. സംസാരിച്ചു കഴിഞ്ഞാല്‍ പിന്നൊരു ബാന്‍, ഒരു വിഷയത്തില്‍ ഇടപ്പെട്ടു കഴിഞ്ഞാല്‍ നമ്മള്‍ തൊട്ടുകൂടാത്തവരാകും.

തൊട്ടുകൂടാത്തവര്‍, തീണ്ടല്‍ ഉള്ളവര്‍ എന്നിങ്ങനെ 1800കളില്‍ ഉണ്ടെങ്കില്‍ പുതിയ കാലഘട്ടത്തില്‍ പുതിയ തരത്തില്‍ അതുണ്ട്. ചില വ്യവസ്ഥകളെ നമ്മള്‍ എതിര്‍ക്കുമ്പോള്‍, അത് രാഷ്ട്രീയ പാര്‍ട്ടികളാകാം, സിനിമയില്‍ മേലധികാരികളാകാം. അങ്ങനെ സംസാരിക്കുന്നവര്‍ക്ക് തൊട്ടുകൂടാത്തവര്‍ എന്നൊരു കല്‍പിക്കല്‍ ഉണ്ടെന്ന് തനിക്ക് തോന്നി എന്നാണ് മാല പാര്‍വതി പറയുന്നത്.

Noora T Noora T :