രണ്ട് വര്‍ഷം പരിശ്രമിച്ചിട്ടും മദ്രാസില്‍ നിന്നിട്ട് കാര്യമില്ലെന്ന് എനിക്ക് മനസിലായി; തിരിച്ച് നാട്ടില്‍ വന്ന് ലേഡീസ് ബാഗ് വിറ്റ് നടന്നു; ഇന്നസെന്റ് പറയുന്നു !

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഇന്നസെന്റ്. 1989 ൽ ഇറങ്ങിയ റാംജിറാവു സ്പീക്കിംഗ് ആണ് ഇന്നസെന്റിന്റെ അഭിനയജീവിതത്തിൽ ഒരു വഴിത്തിരിവായത്. റാംജിറാവുവിലെ മന്നാർ മത്തായി എന്ന കോമഡി കഥാപാത്രം വലിയ ജനപ്രീതി നേടുകയും ധാരാളം ആരാധകരെ നേടിക്കൊടുക്കുകയുംചെയ്തു. തുടർന്ന് ഗജകേസരി യോഗം, ഗോഡ് ഫാദർ, കിലുക്കം, വിയ്റ്റ്നാം കോളനി, ദേവാസുരം, കാബൂളിവാല … എന്നിങ്ങനെ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുകയും അവയെല്ലാം പ്രേക്ഷക പ്രീതി നേടുകയും ചെയ്തു. കോമഡിറോളുകളും സീരിയസ് റോളുകളും ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിവുള്ള നടനാണ്.നടന്‍, നിര്‍മാതാവ്, രാഷ്ട്രീയക്കാരന്‍ എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് ഇന്നസെന്റ്. സിനിമയിലേക്കുള്ള തന്റെ തുടക്കക്കാലം അത്ര സുഖകരമായിരുന്നില്ലെന്ന് പലപ്പോഴും ഇന്നസെന്റ് പറഞ്ഞിട്ടുണ്ട്. സിനിമയില്‍ അഭിനയിക്കാനായി മദ്രാസില്‍ പോയി നിന്ന കാലത്ത് വിശക്കുമല്ലോ എന്നോര്‍ത്ത് കുളിക്കാതെ വരെ ഇരുന്നിട്ടുണ്ടെന്ന് പറയുകയാണ് താരമിപ്പോള്‍.

ഇടയ്ക്ക് സിനിമ ഉപേക്ഷിച്ച് ബിസിനസിലേക്ക് ഇറങ്ങിയെങ്കിലും നിര്‍മാതാവായിട്ടാണ് തിരിച്ച് വരവ് നടത്തിയതെന്ന് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ ഇന്നസെന്റ് പറയുന്നത്. അങ്ങനെ ലേഡീസ് ബാഗ് വിറ്റ് നടക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് ഇന്നസെന്റ് പറയുന്നതിങ്ങനെയാണ്..

മദ്രാസില്‍ നില്‍ക്കുമ്പോള്‍ ആരെങ്കിലും ഷൂട്ടിങ്ങിന് വിളിച്ചാല്‍ കാലത്ത് ഒരു ഭക്ഷണവും ഉച്ചയ്ക്ക് ഒരു ഭക്ഷണവും കിട്ടും. അതാണ് നമുക്ക് ആകെ കിട്ടുന്ന സദ്യ. ഒരു ദിവസം പതിനഞ്ച് രൂപയ്ക്ക് ആണ് അഭിനയിക്കുന്നത്. രണ്ട് വര്‍ഷം അവിടെ പരിശ്രമിച്ചിട്ടും മദ്രാസില്‍ നിന്നിട്ട് കാര്യമില്ലെന്ന് എനിക്ക് മനസിലായി.

പല ബിസിനസുകളും ചെയ്തു. ഡല്‍ഹി, ആഗ്ര, കാണ്‍പൂര്‍ എന്നിവിടങ്ങളില്‍ പോയി ലേഡീസ് ബാഗ് പോലെയുള്ള സാധനങ്ങള്‍ ഹോള്‍സെയിലായി വാങ്ങി വില്‍ക്കുന്ന ജോലി തുടങ്ങി.ഒരു ദിവസം പള്ളാത്തുരിത്തിയിലെ പോവുകയായിരുന്നു. അന്നവിടെ കടത്ത് ഉണ്ട്. അതിലൂടെ പോവുമ്പോള്‍ നടന്‍ സുകുമാരന്‍ ഒരു കാറില്‍ ഉറങ്ങി പോവുകയാണ്. ഞാനും അങ്ങനെ പോവണ്ടവനല്ലേ എന്നോര്‍ത്ത് എന്റെ സ്‌കൂട്ടര്‍ തിരിച്ച് പോന്നു.

അന്നത്തോടെ ആ ബിസിനസ് താന്‍ നിര്‍ത്തിയെന്നും ഇന്നസെന്റ് പറയുന്നു. പിന്നീട് ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേര്‍ന്ന് നിര്‍മാണക്കമ്പനി തുടങ്ങി. അഞ്ച് പടങ്ങള്‍ നിര്‍മ്മിച്ചു. അതില്‍ പ്രേം നസീറും മമ്മൂട്ടിയുമൊക്കെ അഭിനയിച്ചുവെന്നും ഇന്നസെന്റ് പറയുന്നു.അഭിനയിക്കുന്ന സിനിമകളുടെ സ്‌ക്രീപ്റ്റില്‍ മാറ്റം വരുത്താറുണ്ട്. അതിങ്ങനെ മതി, അതങ്ങനെ മതി എന്നൊക്കെ പറയാറുണ്ട്. അത് നല്ലതാണെങ്കില്‍ സംവിധായകര്‍ എടുക്കും. ഇപ്പോഴത്തെ പല സിനിമകളും കാണുമ്പോള്‍ സങ്കടം തോന്നും. ഒരു ഹ്യൂമറും ശരിയല്ല. അതൊന്നും ആര്‍ട്ടിസ്റ്റിന്റെ കുഴപ്പമാണെന്ന് പറയുന്നില്ല. പല സിനിമകളിലും അത്തരത്തില്‍ ചില ഡയലോഗുകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ചിലത് ജീവിതത്തില്‍ നടന്നത് തന്നെയാണെന്നാണ് ഇന്നസെന്റ് പറയുന്നത്.

എന്റെ അപ്പന്‍ ചേട്ടന് പെണ്ണ് കാണാന്‍ പോയി. വീട്ടില്‍ വന്നതിന് ശേഷം എന്ത് സ്ത്രീധനം കിട്ടുമെന്ന് പറയാനെടുത്ത സമയം, അതാണ് ”പൊന്‍മുട്ടയിടുന്ന താറവ്;; എന്ന സിനിമയില്‍ ജുബ്ബ ഊരുമ്പോഴും മുഖം കഴുകുമ്പോഴെല്ലാം സംസാരിക്കുന്നത്. എന്റെ വീട്ടില്‍ എന്റെ അപ്പന്‍ ചെയ്ത കാര്യം ഞാന്‍ പറഞ്ഞപ്പോള്‍ സത്യന്‍ അന്തിക്കാട് അത് മതിയെന്ന് പറഞ്ഞു. അതിന്റെ അപ്പുറത്ത് ഒരു ഹ്യൂമര്‍ ഇല്ലെന്നും’ ഇന്നസെന്റ് പറയുന്നു.

AJILI ANNAJOHN :