ജയറാമിനൊപ്പമുള്ള വേഷം ചെയ്യാന്‍ ആ നടൻ താല്‍പര്യം കാണിച്ചില്ല ; പകരം വന്നത് ആ നടൻ ; വെളിപ്പെടുത്തി നിര്‍മ്മാതാവ്!

1988ൽ പുറത്തിറങ്ങിയ അപരൻ എന്ന പത്മരാജൻ ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് ജയറാം കടന്നു വരുന്നത്. തുടർന്ന് പത്മരാജന്റെ തന്നെ മികച്ച സിനിമകളായ “മൂന്നാം പക്കം”, “ഇന്നലെ” തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ വളരെ ശ്രദ്ധേയമായി. ജയറാം പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ആനച്ചന്തം. ജയരാജായിരുന്നു സിനിമയുടെ സംവിധാനം. ഇപ്പോഴിതാ ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നിര്‍മ്മാതാവ് സമദ് മങ്കട. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സമദ് മനസ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ

അന്ന് തിളങ്ങി നില്‍ക്കുന്ന എല്ലാ താരങ്ങളുമുള്ള ചിത്രമായിരുന്നു ആനച്ചന്തം. ഇന്നസെന്റ്, ജഗതിശ്രീകുമാര്‍, സലീം കുമാര്‍, കൊച്ചിന്‍ ഹനീഫ, ജഗദീഷ്, ജയറാം ഒക്കെയുണ്ടായിരുന്നു. സമദിന്റെ പടമാണ് എന്നു പറഞ്ഞാണ് ഹനീഫ്ക്ക വരുന്നത്. സായി ചേട്ടന്‍ വില്ലനായി അഭിനയിച്ച് തകര്‍ക്കുന്ന സമയമാണ്. നമ്മള്‍ താരങ്ങളോട് എങ്ങനെ പെരുമാറുന്നുവെന്നതിനെ അനുസരിച്ചിരിക്കും നല്ല ബന്ധങ്ങളുണ്ടാകുന്നത്. നല്ല ഡീലിംഗ്‌സ് ആണെങ്കില്‍ നല്ല ബന്ധമുണ്ടാകും. ഒരു താരമായും നിര്‍മ്മാതാവ് എന്ന നിലയില്‍ എനിക്ക് തര്‍ക്കമുണ്ടായിട്ടില്ല.

മധുചന്ദ്രലേഖയില്‍ ജയറാമും ഉര്‍വശിയുമൊക്കെ വലിയ സഹകരണമായിരുന്നു. ശമ്പളം പോലും നോക്കാതെയാണ് ജയറാം അഭിനയിച്ചത്. ഉര്‍വശിയ്ക്ക് ആ കഥാപാത്രം വല്ലാതെയങ്ങ് ഇഷ്ടപ്പെട്ടു. കിച്ചാമണിയില്‍ സുരേഷ് ഗോപിയും വളരെയധികം സഹകരിച്ചാണ് ഞങ്ങളുടെ കൂടെ നിന്നത്. സിനിമയുടെ കഥ ഇഷ്ടപ്പെട്ടാല്‍ ശമ്പളം നോക്കാതെ സഹകരിക്കാന്‍ ആര്‍ട്ടിസ്റ്റുകള്‍ തയ്യാറാകുമെന്നാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത്.ജഗതി ചേട്ടനോട് ഒരു സീന്‍ പറഞ്ഞു കൊടുക്കുമ്പോള്‍ നമ്മള്‍ കരുതും ഇത്രയല്ലേ സീനിലുള്ളു, ഇത്രയല്ലേ ചെയ്യു എന്നാകും. പക്ഷെ ഷോട്ട് എടുക്കുമ്പോള്‍ പുള്ളി ചിലതൊക്കെ കയ്യില്‍ നിന്നും ഇടും. ആനച്ചന്തത്തില്‍ അദ്ദേഹം മൃഗ സ്‌നേഹിയായ വെറ്റിനറി ഉദ്യോഗസ്ഥനാണ്. ആരെങ്കിലും മൃഗങ്ങളോട് ക്രൂരമായി പെരുമാറിയില്‍ ഉണര്‍ന്ന് നടപടിയെടുക്കുന്ന കഥാപാത്രമാണ്.

ചിത്രത്തില്‍ കാലികളെ അനധികൃതമായി കടത്തി കൊണ്ടുവരുന്നത് തടഞ്ഞ് നിര്‍ത്തി കേസെടുക്കുന്ന രംഗമാണ്. ജയരാജ് രംഗം പറഞ്ഞു കൊടുത്തു. രംഗത്തില്‍ അവസാനം കാലികളെ ഒന്ന് നോക്കുന്നതേയുള്ളൂ. പക്ഷെ പുള്ളി അവസാനം പൂവര്‍ ഗായ് എന്നു പറഞ്ഞ് ആ പശുവിന്റേയും എരുമയുടേയുമൊക്കെ മൂക്കില്‍ നക്കി. അത്രമാത്രം, നമ്മള്‍ പ്രതീക്ഷിക്കാത്ത സംഭവം പുള്ളി ഇടും. പുള്ളിയുടെ മാത്രം പ്രത്യേകതയാണത്. എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹം നേരത്ത കണ്ടു വച്ചിരിക്കും.

ശരിക്കും ആ കഥാപാത്രമായി മനസില്‍ കണ്ടിരുന്നത് ശ്രീനിവസാനെയായിരുന്നു. ലിബര്‍ട്ടി ബഷീര്‍ ആയിരുന്നു സിനിമയുടെ വിതരണം. ലിബര്‍ട്ടി ബഷീറിന്റെ കെയര്‍ ഓഫീല്‍ ശ്രീനിവാസനോട് കഥ പറഞ്ഞു. നല്ലൊരു വേഷമാണ്. എട്ടു പത്ത് സീനേയുള്ളൂ. ചിത്രത്തിലേക്ക് ടേണിംഗ് പോയന്റ് കൊണ്ടു വരുന്ന കഥാപാത്രമാണ്. പക്ഷെ കഥാപാത്രം ഇഷ്ടമാകാത്തത് കൊണ്ടാണോ എന്തോ പുള്ളി താല്‍പര്യം കാണിച്ചില്ല. ജയറാമിന് തുല്യമായിട്ടുള്ള ഒരാളായിരുന്നു ആ കഥാപാത്രത്തെ കണ്ടിരുന്നത്.

പിന്നെയാണ് ജഗതി ചേട്ടനെ കാണുന്നത്. പുള്ളിയെ നാലോ അഞ്ചോ ദിവസത്തേക്കേ കിട്ടുകയുള്ളൂ. അതിനാല്‍ ചില സീനുകളൊക്കെ ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. പ്രധാന്യം കുറഞ്ഞുവെന്നല്ല, കുറച്ച് കൂടി കിട്ടിയിരുന്നുവെങ്കില്‍ കുറേക്കൂടി അദ്ദേഹത്തിന്റെ കോണ്‍ട്രിബ്യൂഷന്‍ കിട്ടുമായിരുന്നു. മറ്റു പല പടങ്ങളുടേയും ലൊക്കഷനില്‍ നിന്നും പുള്ളിയെ പിടിച്ചു കൊണ്ടുവരുന്നതാണ്.

വന്നപ്പോള്‍ നല്ല മഴയുള്ള സമയമായിരുന്നു. പോഴത്ത്മനയിലായിരുന്നു ഷൂട്ട്. പോഴത്ത് മനയല്ല, ഇത് മഴയത്ത് മനയാണെന്ന് പറയുമായിരുന്നു. ഇത് കഴിഞ്ഞ് കോഴിക്കോടേക്ക് വേറെ പടത്തിന്റെ ഷൂട്ടിലേക്ക് പോകാനുള്ളതായിരുന്നു. വാച്ചിലൊക്കെ നോക്കി കൊണ്ടിരിക്കുകയായിരുന്നു. ഒടുവില്‍ മഴയൊന്നും വക വെക്കാതെ രംഗങ്ങളൊക്കെ ഷൂട്ട് ചെയ്യുകയായിരുന്നു. എനിക്ക് നാല് ദിവസമോ അഞ്ച് ദിവസമോ മാത്രമേ വരാന്‍ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നുവെന്നും സമദ് മങ്കട പറയുന്നുണ്ട്.

AJILI ANNAJOHN :