നടിയ ആക്രമിച്ച കേസ് ; രണ്ടു ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ!

നടിയ ആക്രമിച്ച കേസിൽ ദിലീപിന് ഇന്ന് നിർണ്ണായക ദിവസമാണ് . കേസുമായി ബന്ധപ്പെട്ട രണ്ടു ഹർജികളാണ് സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നത് .വിചാരണ കോടതിയും കേസിലെ എട്ടാം പ്രതിയായ ദിലീപുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത് .നായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത് .

നടി ആക്രമിക്കപ്പെട്ട കേസിൽ മുൻ ഭാര്യയും നടിയുമായ മഞ്ജു വാര്യർക്കെതിരേയും അതിജീവിതയ്ക്കെതിരെയും ഗുരുതര ആരോപണങ്ങൾ ഉയർത്തിയാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്. തന്റെ മുൻ ഭാര്യയുടെയും, അതിജീവിതയുടെയും അടുത്ത സുഹൃത്തായ ഒരു ഉന്നത പോലീസ് ഓഫീസറും ഈ കേസിൽ തന്നെ പെടുത്തുകയായിരുന്നുവെന്നാണ് ദിലീപ് ഹർജിയിൽ ആരോപിച്ചത്. മലയാള സിനിമ മേഖലയിലെ ചെറുതാണെങ്കിൽ ശക്തരായ ഒരു വിഭാഗം തനിക്കെതിരായ കേസിന് പിന്നിൽ ഉണ്ടെന്നും ദിലീപ് ആരോപിക്കുന്നുണ്ട്.
മാത്രമല്ല അന്വേഷണ ഉദ്യോഗസ്ഥർ, പ്രോസിക്യൂഷൻ, അതിജീവിത എന്നിവർ വിചാരണ പൂർത്തിയാക്കി വിധി പറയാൻ വിചാരണകോടതി ജഡ്ജിയെ തടസപ്പെടുത്തുന്നുവെന്നും ദിലീപ് പറയുന്നു. കേസിൽ ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കരുതെന്നാണ് മറ്റൊരു ആവശ്യം.


നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണ റിപ്പോർട്ടിൽ സാക്ഷികളായി മഞ്ജു വാര്യർ ഉൾപ്പെടെയുള്ളവരെ അന്വേഷണ സംഘം ഉൾപ്പെടുത്തിയിരുന്നു. ഏകദേശം 120 ഓളം സാക്ഷികളാണ് പുതിയ സാക്ഷി പട്ടികയിൽ ഉള്ളത്. ഇക്കൂട്ടത്തിൽ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജി രഞ്ജിമാർ, നടൻ ചെമ്പൻ വിനോദ് തുടങ്ങിയവർ ഉണ്ട്.മഞ്ജു വാര്യർ ഉൾപ്പെടെയുള്ളവർ ആദ്യ സാക്ഷി പട്ടികയിലും ഉണ്ട്. ഇവരെ നേരത്തേ വിസ്തരിച്ചിരുന്നു. ഇവരെ വീണ്ടും വിസ്തരിക്കാനാണ് പ്രോസിക്യൂഷന്റെ നീക്കം. ഇതിന് തടയിടുകയാണ് ദിലീപിന്റെ നീക്കം.

അതിനിടെ നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതിയും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. വിചാരണ പൂർത്തിയാക്കാനായി കൂടുതൽ സമയം തേടിയാണ് കോടതിയെ സമീപിച്ചത്. ആറ് മാസത്തെ കൂടുതൽ സമയമാണ് വിചാരണ കോടതി തേടിയിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത വിചാരണ കോടതിയെ സമീപിച്ചിരുന്നു. അതിനിടയിലാണ് വിചാരണ കോടതിയും സുപ്രീം കോടതിയെ സമീപിച്ചത്.

അതിജീവിതയുടെ ഹർജിയിൽ ഹൈക്കോടതി രഹസ്യവാദം ആരംഭിച്ചിരുന്നു.ജഡ്ജി ഹണി എം വർഗീസിൽ നിന്നും തനിക്ക് നീതി ലഭിക്കില്ലെന്നാണ് നടി ആരോപിക്കുന്നത്. ദിലീപും വിചാരണ കോടതി ജഡ്ജിയുടെ ഭർത്താവും തമ്മിൽ ബന്ധമുണ്ടെന്നും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നുണ്ട്. തന്റെ കേസ് പുരുഷ ജഡ്ജ് കേട്ടാലും പ്രശ്നമില്ലെന്നാണ് അതിജീവിത ഹൈക്കോടതിയെ അറിയിച്ചത്.
ഹർജിയിൽ ചൊവ്വാഴ്ച ഹൈക്കോടതിയിൽ പ്രത്യേക സിറ്റിംഗ് നടക്കും. അവധിക്കായി കോടതി അടക്കുന്ന സാഹചര്യത്തിലാണ് കോടതി കേസ് പരിഗണിക്കുന്നത്. എറണാകുളം സ്പെഷ്യൽ സിബിഐ കോടതിയിൽ ഉണ്ടായിരുന്ന കേസ് നിലവിൽ ഹണി എം വർഗീസ് ജഡ്ജിയായ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പരിഗണിക്കുന്നത്.

ഹണി എം വർഗീസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് പോയപ്പോൾ കേസും മാറ്റുകയായിരുന്നു. ഹൈക്കോടതി രജിസ്ട്രാറാണ് ഇത് സംബന്ധിച്ച് ഉത്തരവ് നൽകിയത്. എന്നാൽ ഈ ഉത്തരവ് നിയമവിരുദ്ധമാണെന്നാണ് നടി ആരോപിക്കുന്നത്. കോടതി മാറ്റമെന്ന അതിജീവിതയുടെ ആവശ്യം കോടതി പരിഗണിച്ചാൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന് ഏൽക്കുന്ന ഏറ്റവും വലിയ പ്രഹരമാകും. ഹണി എം വർഗീസിന്റെ കോടതി തന്നെ കേസ് പരിഗണിക്കണമെന്നാണ് ദിലീപിന്റെ ആവശ്യം.

AJILI ANNAJOHN :