മിമിക്രി കലാരംഗത്തെ പ്രമുഖനായിരുന്ന അബിയുടെ ഒപ്പം പ്രവർത്തിച്ച പല സഹപ്രവർത്തകരും സിനിമയിൽ തിളങ്ങിയപ്പോൾ അബിക്ക് വേണ്ടത്ര ശ്രദ്ധ സിനിമകളിൽ നിന്ന് ലഭിച്ചിരുന്നില്ല. ദിലീപ്, നാദിർഷ, അബി എന്നീ കൂട്ടുകെട്ടിൽ അന്നിറങ്ങിയ മിമിക്രി പരിപാടികൾ വമ്പൻ ഹിറ്റായിരുന്നു. ദിലീപ്, കലാഭവൻ മണി തുടങ്ങി നിരവധി പേർ പിന്നീട് സിനിമകളിലും ഈ വിജയം ആവർത്തിച്ചു.
അബിയുടെ അകാല മരണത്തിന് ശേഷമാണ് നടനുണ്ടാക്കിയ വിടവ് സിനിമാ ലോകം കുറേക്കൂടി മനസ്സിലാക്കിയത്. അതേസമയം അബിയുടെ മകൻ ഷെയ്ൻ നിഗം ഇന്ന് യുവനിരയിലെ പ്രമുഖ നടനാണ്. അബിയ്ക്ക് മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെടാനാവാതെ പോയതിനെ പറ്റി കലാഭവൻ കെഎസ് പ്രസാദ് മുമ്പൊരിക്കൽ സംസാരിച്ചിരുന്നു. അക്കാലത്ത് മിമിക്രി കലയിൽ ഏറ്റവും താരമൂല്യമുള്ളത് അബിക്കായിരുന്നെന്ന് ഇദ്ദേഹം പറഞ്ഞു.
മിമിക്രി കലാ രംഗത്ത് പല കാര്യങ്ങളും ആദ്യം കൊണ്ടു വന്ന ആൾ ആരാണെന്ന് ചോദിച്ചാൽ അബി എന്ന് ഞാൻ പറയും. ഒരു താരത്തെ അനുകരിക്കുമ്പോൾ അയാളുടെ ശബ്ദം ശരിയാവണം. അയാളുടെ മുഖഭാവം അതുപോലെ രൂപാന്തരപ്പെടണം. അയാളുടെ ബോഡി ലാംഗ്വേജ് അതുപോലെ വരണം.
‘ഇതിനൊപ്പം അയാൾ ചെയ്യുന്ന ക്യാരക്ടറും വരണം. ഇത് നാലും കൂടി വന്നാലേ പൂർണതയാവുകയുള്ളൂ. അങ്ങനെ വളരെ ചുരുക്കം പേർ മാത്രമേ ഉള്ളൂ. പലപ്പോഴും പല താരങ്ങളെയും ഫിഗർ ചെയ്യുമ്പോൾ അവരുടെ ചുണ്ട് അനക്കാൻ പറ്റില്ല, കാരണം ചുണ്ടനക്കി സംസാരിച്ചാൽ ഫിഗർ മാറിപ്പോവും’
എന്നാൽ എന്ത് ചെയ്താലും, തിരിച്ചിട്ടാലും മറിച്ചിട്ടാലും ഒരു വ്യക്തിയുടെ അതേ രൂപവും ആ വ്യക്തിയുടെ അതേ മാനറിസവും എല്ലാം ആദ്യമായി അനുകരിച്ച വ്യക്തി അബിയായിരുന്നു. ഞങ്ങളുടെ മിമിക്സ് പരേഡ് ഓഫ് കൊച്ചിൻ ഓസ്കാറിൽ പുള്ളി വടക്കൻ വീരഗാഥയിലെ മമ്മൂട്ടിയുടെ വേഷം കൃത്യമായിട്ട് മേക്കപ്പ് ചെയ്തു വന്നു’
‘അതേ ശബ്ദത്തിൽ തന്നെ അനുകരിച്ചു. അത് കഴിഞ്ഞിട്ട് പറഞ്ഞു ഇനി ഒരെണ്ണം കൂടി ഉണ്ടെന്ന്. നേര പോയി മീശയും താടിയും ഷേവ് ചെയ്തിട്ട് അമിതാബ് ബച്ചനായിട്ട് വന്നു. അമിതാബ് ബച്ചന്റെ മലയാളത്തിലേക്ക് ഡബ് ചെയ്ത പല പരസ്യ ചിത്രങ്ങളിലും ശബ്ദം കൊടുത്തിരുന്നത് അബിയായിരുന്നു. പലർക്കും അറിയാത്ത കാര്യമാണത്’
അന്നത്തെ നമ്മുടെ വീഡിയോ കാസറ്റുകളിലൊക്കെ നോക്കുമ്പോൾ ആദ്യം ഇടുന്ന പേര് അബിയാണ്. അഞ്ചാമത്തെയോ ആറാമത്തെയോ പേരായിട്ടായിരുന്നു ദിലീപിന്റെ പേര് കൊടുത്തിരുന്നത്. ആ ആറാമത്തയോ ഏഴാമത്തെയോ വ്യക്തിയാണ് പിന്നീട് കയറി വന്ന് നാലാമത്തെയും മൂന്നാമത്തെയും രണ്ടാമത്തെയും ആയത്. ഇവരെയെല്ലാം വെട്ടിച്ച് കൊണ്ട് ഒന്നാം സ്ഥാനത്തെത്തി’
‘അബി ശരിക്കും ഇതിന്റെയൊക്കെ മുകളിലുള്ള ആളായിരുന്നു. മുകളിലെത്തേണ്ട വ്യക്തിയായിരുന്നു. പക്ഷെ അബിയെ മലയാള സിനിമ വേണ്ട രീതിയിൽ ഗൗനിച്ചില്ല. മലയാള സിനിമ സംവിധായകർ വേണ്ട രീതിയിൽ ശ്രദ്ധിച്ചില്ല എന്നതും കൊണ്ടാണ് ദിലീപിന്റെ മുകളിലത്തെ ലെവവിൽ എത്താഞ്ഞത്,’ കലാഭവൻ കെഎസ് പ്രസാദ് പറഞ്ഞതിങ്ങനെ.