രണ്ടര പതിറ്റാണ്ടിനിടെ വിവിധ ഭാഷകളിലായി 150ലധികം സിനിമകള്‍ക്ക് സംഗീതം; യുവന്‍ ശങ്കര്‍ രാജയ്ക്ക് ഓണററി ഡോക്ടറേറ്റ്

സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജയ്ക്ക് ഓണററി ഡോക്ടറേറ്റ്. 25 വര്‍ഷത്തിലേറെയായി തമിഴ് സിനിമയ്ക്ക് നല്‍കിയ സംഭാവനകളെ മാനിച്ച് ചെന്നൈയിലെ സത്യബാമ സര്‍വകലാശാലയാണ് അദ്ദേഹത്തിന് ആദരവ് നല്‍കിയത്.

‘പതിനാറാം വയസ്സില്‍ സംഗീത സംവിധായകനായി പ്രവര്‍ത്തിക്കുകയും രണ്ടര പതിറ്റാണ്ടിനിടെ വിവിധ ഭാഷകളിലായി 150ലധികം സിനിമകള്‍ക്ക് സംഗീതം നല്‍കുകയും ചെയ്ത യുവന്‍ ശങ്കര്‍ രാജയ്ക്ക് ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും’, എന്ന് സര്‍വകലാശാല അറിയിച്ചു.

1997ല്‍ ശരത് കുമാര്‍ നായകനായ അരവിന്ദന്‍ എന്ന സിനിമയിലൂടെയാണ് സംഗീത സംവിധായകനായുള്ള യുവന്റെ അരങ്ങേറ്റം. തുടര്‍ന്ന് തമിഴിലും തെലുങ്കിലുമായി 160ലധികം സിനിമകള്‍ക്ക് സംഗീതം നിര്‍വഹിച്ചിട്ടുണ്ട്. നിരവധി ചിത്രങ്ങള്‍ക്കായി ഗാനങ്ങള്‍ ആലപിച്ച യുവന്‍ അഞ്ചോളം സിനിമകളില്‍ ഗാനങ്ങള്‍ക്ക് വരികളും രചിച്ചിട്ടുണ്ട്.

തമിഴ്‌നാട് സംസ്ഥാന പുരസ്‌കാരം, ഫിലിംഫെയര്‍ അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളും അദ്ദേഹം സ്വന്തമാക്കി. നാല് സിനിമകള്‍ക്കായി യുവന്‍ നിര്‍മ്മാതാവിന്റെ കുപ്പായവും അണിഞ്ഞു.

Vijayasree Vijayasree :