മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമായിരുന്നു കൊച്ചിന്‍ ഹനീഫ. അദ്ദേഹത്തിന്റെ വിയോഗം ഇന്നും ഒരു തീരാ നഷ്ടം തന്നെയാണ്. സിനിമയ്ക്ക് അകത്തും പുറത്തും ഒരുപോലെ സൗഹൃദം സൂക്ഷിച്ച ഹനീഫയുടെ അവസാന നാളുകളിലെ കഷ്ടപാടുകളെക്കുറിച്ച് നിര്‍മ്മാതാവും സംവിധായകനുമായ സമദ് മങ്കട പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്.
എല്ലാവരോടും നല്ല ബന്ധം സൂക്ഷിച്ചിരുന്ന വ്യക്തിയാണ് ഹനീഫിക്കാ. ഒരിക്കല്‍ പോലും പണത്തിന്റെ കണക്ക് പറയാതെ ബന്ധങ്ങള്‍ക്ക് വില നല്‍കുന്ന മനുഷ്യന്‍. അദ്ദേഹവുമായുള്ള ബന്ധത്തിലാണ് കിച്ചമാണി എംബിഎ എന്ന ചിത്രം താന്‍ സംവിധാനം ചെയ്യുന്നതിലേയ്ക്ക് എത്തിയത്.
പണത്തിന്റെ പേരില്‍ ഒരു ബന്ധങ്ങളെയും മാറ്റി നിര്‍ത്താത്ത മനുഷ്യനാണ്. അതുകൊണ്ട് തന്നെ നിരവധി പേര്‍ അദ്ദേഹത്തെ പറ്റിച്ചിട്ടുണ്ട്. പല പ്രൊഡ്യൂസര്‍മാരും വണ്ടിച്ചെക്ക് കൊടുത്തിട്ട് പോയ സന്ദര്‍ഭങ്ങളുണ്ട്. അതിന്റെ ഒന്നും പേരില്‍ അദ്ദേഹം പ്രശ്‌നമുണ്ടാക്കുകയോ ചോദിച്ച് പോകുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കരള്‍ സംബന്ധമായ അസുഖമുണ്ടായിരുന്ന കാര്യം പോലും അദ്ദേഹം ആരോടും പറഞ്ഞിരുന്നില്ല. പിന്നീട് സീരിയസായി ആശുപത്രിയില്‍ ആയപ്പോഴാണ് പലരും അദ്ദേഹത്തിന്റെ രോഗത്തെക്കുറിച്ച് അറിയുന്നത്. ആ സമയത്ത് സാമ്പത്തികമായും അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.