നിരവധി ചിത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് കാര്‍ത്തിക് ആര്യന്‍. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ഒരു സിനിമ പരാജയപ്പെട്ടാല്‍ തന്റെ കരിയര്‍ അവസാനിക്കുമെന്നാണ് കാര്‍ത്തിക് ആര്യന്‍ പറയുന്നത്. താന്‍ ബോളിവുഡ് കുടുംബത്തിന് പുറത്തുള്ള ആളായതിനാല്‍ ഒരു സിനിമ ബോക്‌സോഫീസില്‍ തകര്‍ന്നാല്‍ തന്നെ പിന്തുണയ്ക്കാന്‍ ആരും ഉണ്ടാവില്ല എന്നും അദ്ദേഹം പറയുന്നു.
അകത്ത് നിന്നുള്ള ഒരാള്‍ക്ക് എങ്ങനെ തോന്നുമെന്ന് അറിയില്ല. ഒരു സിനിമ പരാജയപ്പെട്ടാല്‍ അത് തന്റെ കരിയര്‍ അവസാനിപ്പിക്കുമെന്ന ധാരണ സൃഷ്ടിക്കുമെന്ന് തോന്നുന്നുണ്ട്. ആ നിലയിലുള്ള തനിക്ക് വേണ്ടി ഒരാള്‍ ഒരു പ്രൊജക്ടുമായി വരുമെന്ന് കരുതുന്നില്ല എന്നാണ് കാര്‍ത്തിക് പറയുന്നത്.
ഭൂല്‍ ഭുലയ്യ 2 ആണ് കാര്‍ത്തിക്കിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഹൊറര്‍ കോമഡി ത്രില്ലര്‍ ചിത്രമായ ഭൂല്‍ ഭുലയ്യ 2 പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.ബോളിവുഡില്‍ അക്ഷയ് കുമാര്‍, ആമിര്‍ ഖാന്‍, കങ്കണ റണാവത്ത് എന്നീ പ്രമുഖ താരങ്ങളുടെ സിനിമകള്‍ പരാജയപ്പെട്ടപ്പോള്‍ ഭൂല്‍ ഭുലയ്യ 2 ബോക്‌സോഫീസില്‍ തരംഗം സൃഷ്ടിച്ചിരുന്നു. 100 കോടിക്ക് മുകളില്‍ സിനിമ നേടിയിരുന്നു.
സത്യപ്രേം കി കഥ എന്ന സിനിമയാണ് കാര്‍ത്തിക്കിന്റെതായി നിലവില്‍ ഒരുങ്ങുന്നത്. ഭൂല്‍ ഭുലയ്യ 2വിന് ശേഷം നായിക കിയാര അദ്വാനിയുമായി ഒന്നിക്കുന്ന നടന്റെ അടുത്ത ചിത്രമാണിത്. ഹന്‍സല്‍ മേത്ത സംവിധാനം ചെയ്യുന്ന ‘ക്യാപ്റ്റന്‍ ഇന്ത്യ’യിലും കാര്‍ത്തിക് ആണ് നായകന്‍. ഒ.ടി.ടി റിലീസ് ആയി എത്തുന്ന ‘ഫ്രഡ്ഡി’ ആണ് താരത്തിന്റെതായി എത്തുന്ന മറ്റൊരു സിനിമ.
അതേസമയം, അടുത്തിടെ വമ്പന്‍ പ്രതിഫലമുള്ള പാന്‍ മസാല പരസ്യത്തിന്റെ ഓഫര്‍ താരം നിരസിച്ചിരുന്നു. ഒമ്പത് കോടിയുടെ ഓഫറാണ് കാര്‍ത്തിക് ആര്യന്‍ നിരസിച്ചത്. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ താല്‍പര്യമില്ലെന്ന കാരണത്താലാണ് കാര്‍ത്തിക് ആര്യന്‍ പരസ്യ ഓഫര്‍ നിരസിച്ചത്. ഒരു പ്രമുഖ പരസ്യ നിര്‍മാതാവ് വാര്‍ത്ത സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
വാര്‍ത്ത ശരിയാണ്. പാന്‍ മസാല പരസ്യം ചെയ്യാനുള്ള 9 കോടി രൂപയുടെ ഓഫര്‍ കാര്‍ത്തിക് ആര്യന്‍ നിരസിച്ചു. കാര്‍ത്തിക് ആര്യന് ധാര്‍മികതകളുണ്ട്. ഇന്നത്തെ നടന്‍മാരില്‍ ഇത്തരം ആള്‍ക്കാര്‍ അപൂര്‍വമാണ്. യൂത്ത് ഐക്കണ്‍ എന്ന നിലയില്‍ തന്റെ ഉത്തരവാദിത്തങ്ങളെ കുറിച്ച് കാര്‍ത്തിക് ആര്യന്‍ ബോധവാനാണെന്നും പരസ്യ നിര്‍മാതാവ് പറഞ്ഞിരുന്നു.